നാട്യവിദ്യയെ സംബന്ധിച്ച് ഭാരതീയര്‍ക്ക് ആദ്യമായി കിട്ടിയ മഹത്തായ ഗ്രന്ഥമാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. പണ്ഡിതരത്‌നം പ്രൊഫ.കെ.പി.നാരായണ പിഷാരടിയുടെ നാട്യശാസ്ത്രം തര്‍ജ്ജമ വളരെ പ്രസിദ്ധമാണ്. നൃത്തം, ഗീതം, അഭിനയം എന്നീ മൂന്നു കലകളെക്കുറിച്ചാണ് നാട്യശാസ്ത്രം പ്രധാനമായും പ്രതിപാദിക്കുന്നത്.വ്യാസന്റെയും വാല്മീകിയുടേയും കാലത്തിനു മുമ്പാണ് നാട്യശാസ്ത്രത്തിന്റെ രചന എന്ന് കരുതുന്നു.മുപ്പത്താറ് അധ്യായമുള്ള നാട്യശസ്ത്രത്തില്‍ രാമായണമഹാഭാരതാദികളിലെ കഥാപാത്രങ്ങളെയൊ കഥാഭാഗങ്ങളെയോ തീരെ പരാമര്‍ശിച്ചു കാണുന്നില്ല. മറിച്ച് അസുരനിഗ്രഹം, ത്രിപുരദഹനം, അമൃതമഥനം മുതലായ വൈദികകഥകളുടെ പ്രസ്താവം മാത്രമേ ഇതിലുള്ളു.രാമായണത്തിന്നും മഹാഭാരതത്തിന്നും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ച ശേഷമാണ് നാട്യശാസ്ത്രനിര്‍മ്മാണമെങ്കില്‍ ഭരതമുനി അവയെ നിശ്ശേഷം ഒഴിവാക്കാന്‍ സാധ്യതയില്ല.
    അയോദ്ധ്യയില്‍ വധൂനാടകസംഘങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുശലവന്‍മാരുടെ രാമായണഗാനം സ്വരമൂര്‍ച്ഛാതാളലയാദിശുദ്ധിയോടു കൂടി ആയിരുന്നുവെന്നും ബാലകാണ്ഡം സര്‍ഗ്ഗം 5, ശ്ലോകം 12ലും ബാലകാണ്ഡം സര്‍ഗ്ഗം 4, ശ്ലോകം 810 ലും വാല്മീകരാമായണത്തിലും മഹാഭാരതത്തില്‍ വിരാടപര്‍വ്വം അധ്യായം 22, ശ്ലോകം  3ലും പറയുന്നു. ഈ പ്രസ്താവനകള്‍ വാല്മീകിക്കും വ്യാസനും നാട്യശാസ്ത്രത്തെക്കുറിച്ച് അറിവു ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നു. ഭരതമുനിയുടെ ജീവിതകാലത്തിന് മുന്‍പ് നാടകസംഘങ്ങളോ നൃത്തശാലയോ ശാസ്ത്രനിഷ്‌കര്‍ഷയോട് കൂടിയ സംഗീതമോ ഇല്ലായിരുന്നുവെന്നാണ് നാട്യശാസ്ത്രത്തില്‍ നിന്ന് മനസ്സിലാവുന്നത്.
    മുപ്പത്താറ് അധ്യായത്തിലും കൂടി ആറായിരം ഗ്രന്ഥമാണ് നാട്യശാസ്ത്രത്തില്‍ ഉള്ളത്. ഒരു ഗ്രന്ഥത്തിനു മുപ്പത്തിരണ്ട് അക്ഷരം എന്നാണ് കണക്ക്. ആറായിരത്തോളം ശ്ലോകത്തിന്റെ വലിപ്പമുണ്ട് ഗദ്യപദ്യങ്ങളടക്കം ഈ നാട്യശാസ്ത്രത്തിന്. നാട്യകലയോടു ബന്ധപ്പെട്ട സകലവിഷയങ്ങളും ഇതില്‍ ലളിതവും വിശദവുമായി പ്രതിപാദിച്ചിരിക്കുന്നു.