പ്രാചീനമായ ഒരു ആഭിചാരക്രിയയായ നിഴല്‍ക്കുത്ത് എന്ന ആശയത്തെ അടിസ്ഥാനമാക്കി കഥകളി പണ്ഡിതനും ചട്ടമ്പിസ്വാമികളുടെ സമകാലീനനും ശിഷ്യനുമായിരുന്ന പന്നിശ്ശേരി നാണുപിള്ള എഴുതി ചിട്ടപ്പെടുത്തിയ ആട്ടക്കഥയാണ് നിഴല്‍ക്കുത്ത്. മൂലമഹാഭാരതത്തില്‍ നിന്നും തെല്ലു വ്യത്യസ്തമായി, തമിഴ് ശൈലിയില്‍ രൂപം കൊണ്ട വേലഭാരതം ആണ് കഥയുടെ അടിസ്ഥാനം. കഥയിലെ പ്രാധാന്യമുള്ള വേഷങ്ങളാണ് മലയനും മലയത്തിയും. കഥകളിയുടെ തെക്കന്‍ ചിട്ടയില്‍ വ്യാപകമായി പ്രചാരമുള്ള നിഴല്‍ക്കുത്ത് പ്രമേയം കൊണ്ടും അവതരണം കൊണ്ടും മറ്റു കഥകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു.
    പാണ്ഡവരെ ഉന്മൂലനാശം ചെയ്യണമെന്നു നിശ്ചയിച്ചിരുന്ന ദുര്യോധനന്‍ ലക്ഷ്യപ്രാപ്തിക്കുവേണ്ടി പല വഴികളും നോക്കി. പക്ഷേ, ഒന്നും വിജയിച്ചില്ല. ഒടുവില്‍ ദുര്‍മന്ത്രവാദം കൊണ്ട് അവരെ നശിപ്പിക്കാം എന്നു തീരുമാനിച്ചു. കാട്ടില്‍, ആഭിചാരക്രിയ ചെയ്യാന്‍ മിടുക്കനായിരുന്ന ഒരു മലയന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ഒരാളുടെ പ്രതിബിംബം കണ്ണാടിയില്‍ കണ്ടിട്ട് ആ പ്രതിബിംബത്തെ വധിക്കുന്നതു വഴി, ആ ആളെത്തന്നെ വധിക്കാനുതകുന്ന മന്ത്രവിദ്യ അറിയാമായിരുന്നു. ദുര്യോധനന്‍ മലയനെ രാജധാനിയില്‍ വിളിപ്പിക്കുന്നു.
മലയന്റെ സിദ്ധി യഥാര്‍ത്ഥമാണോ എന്ന് പരീക്ഷിക്കാന്‍ ദുര്യോധനന്‍ തീരുമാനിക്കുന്നു. അതിനായി ത്രിഗര്‍ത്തന്‍ എന്ന അനുയായിയെ കവാടത്തിനരികില്‍ കാവല്‍ നിര്‍ത്തുന്നു. മലയന്‍ എത്തുമ്പോള്‍ ത്രിഗര്‍ത്തന്‍ അയാളോട് എതിരിടുന്നു. മലയനാകട്ടെ, തന്റെ മന്ത്രവിദ്യ ഉപയോഗിച്ച് ത്രിഗര്‍ത്തനെ ഒരു ദണ്ഡ് ആക്കി മാറ്റുന്നു. എങ്കിലും, ഉടനെ അയാള്‍ക്കു പഴയ രൂപം നല്‍കുകയും, കൊട്ടാരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.
    ദുര്യോധനന്‍ മലയനോട് പാണ്ഡവരെ ഛായാവധം ചെയ്യാന്‍ ആവശ്യപ്പെടുന്നു. മലയന്‍ ആദ്യം ആവശ്യം നിരാകരിക്കുന്നു. ഈ നികൃഷ്ടകൃത്യം എങ്ങനെയും ഒഴിവാക്കാന്‍ അസാദ്ധ്യമായ കാര്യങ്ങള്‍ ആവശ്യപ്പെടുന്നു. ആനയുടെ മുട്ട തുടങ്ങിയവ. ഒടുവില്‍ നിര്‍വാഹമില്ലാതെ വന്നപ്പോള്‍, പദ്ധതി വിജയിക്കണമെങ്കില്‍ ദുര്യോധനന്റെ സഹോദരി ദുശ്ശളയെ ബലി കൊടുക്കണമെന്നു വരെ അയാള്‍ നിബന്ധന വയ്ക്കുന്നു. ക്രോധാക്രാന്തനായ ദുര്യോധനന്‍ മലയന്റെ തല വെട്ടുമെന്നു ഭീഷണിപ്പെടുത്തുന്നു. ജീവന്‍ നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍, വേറെ വഴിയില്ലാതെ മലയന്‍ കണ്ണാടി ഉപയോഗിച്ച് പാണ്ഡവരെ മൃതപ്രായരാക്കുന്നു.
ദുര്യോധനന്‍ നല്‍കിയ പലവിധ സമ്മാനങ്ങളുമായി മലയന്‍ വീട്ടിലേക്കു തിരിക്കുന്നു. വിവരമറിഞ്ഞ് അയാളുടെ ഭാര്യ, മുമ്പ് പാണ്ഡവരുടെ ഒരു ദാസി കൂടിയായിരുന്ന മലയത്തി കോപം സഹിക്കാനാവാതെ, സ്വന്തം മകനെ ഇരുകാലുകളും വിടര്‍ത്തിപ്പിളര്‍ന്ന് കൊന്നുകളയുന്നു. ഇതോടെ മലയന്‍ ദുഃഖിതനായി.മലയത്തി ശ്രീകൃഷ്ണന്റെ സമീപത്തേക്ക് ഓടിച്ചെന്ന് ഉണ്ടായ സംഭവമെല്ലാം വിവരിക്കുന്നു. കൃഷ്ണന്‍ എല്ലാം കേട്ടറിഞ്ഞ് പാണ്ഡവരേയും മലയന്റെ പുത്രനേയും പുനരുജ്ജീവിപ്പിക്കുന്നു. അതിനുശേഷം മലയനേയും മലയത്തിയേയും സമാശ്വസിപ്പിക്കുന്നു.
    ദുര്യോധനന്‍ കത്തി വേഷത്തിലും ത്രിഗര്‍ത്തന്‍ ചുവന്ന താടിയായും ആണ് നിഴല്‍ക്കുത്തില്‍ രംഗത്തു വരുന്നത്. പാണ്ഡവന്മാര്‍ പച്ചയിലും. മലയന്‍ ആദ്യം കറുത്ത താടി ആയിട്ടും അതിനുശേഷം മിനുക്കിലും അഭിനയിക്കുന്നു. ഗുരു ചെങ്ങന്നൂരും ശിഷ്യന്മാരും മാങ്കുളം വിഷ്ണുനമ്പൂതിരിയും നിഴല്‍ക്കുത്ത് കഥയുടെ അവതരണത്തിനും പ്രചാരത്തിനും മുഖ്യ പങ്കുവഹിച്ചിരുന്നു.