ബാലസാഹിത്യം
1961
മുട്ടത്തുവര്‍ക്കി കുട്ടികള്‍ക്കുവേണ്ടി എഴുതിയ മലയാളം നോവലാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. 1961ലാണിത് ആദ്യം പ്രസിദ്ധീകരിച്ചത്. മാതാപിതാക്കളില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം അനാഥരായി വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളുടെ കഥയാണിത്.ബാലസാഹിത്യ രചനയില്‍ മുട്ടത്തുവര്‍ക്കിയുടെ മാസ്റ്റര്‍പീസ്. സ്‌കൂളുകളില്‍ ഉപപാഠപുസ്തകമായിരുന്നു. വിവിധ ഇന്ത്യന്‍ഭാഷകളിലേക്കും റഷ്യന്‍ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.
    കഥാസാരം: നല്ലമഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി സഹോദരനായ ബേബി എറിഞ്ഞു പൊട്ടിച്ചു. പോലീസിനെ പേടിച്ച ബേബി, മടങ്ങി വരുമ്പോള്‍ സഹോദരിക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുടയുമായി വരാമെന്ന ഉറപ്പു കൊടുത്തശേഷം വീടുവിട്ടിറങ്ങി. പേരമ്മ, മാമ്മിയുടെ മര്‍ദ്ദനം അസഹ്യമായതിനെ തുടര്‍ന്ന് പിന്നീടു വീടുവിട്ടുപോയ ലില്ലി ഒരു ഡോക്ടറുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ക്കൊപ്പം വളരുന്നു. നഗരത്തിലെത്തിയ ബേബിയാകട്ടെ, സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടില്‍ എത്തിപ്പെട്ട് വളരുന്നു. ലില്ലിയുടെ സഹോദരനെക്കുറിച്ചറിഞ്ഞ ഡോക്ടര്‍ അവനെ കണ്ടുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ഡോക്ടറുടെ മക്കളുടെ സംഗീതാദ്ധ്യാപിക ആയിരുന്നു സൗദാമിനി. അവരില്‍ നിന്ന് ബേബിയെക്കുറിച്ചറിഞ്ഞ ഡോക്ടര്‍ അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവിടെ വളര്‍ന്ന അവന്‍ പഠിച്ചു ഡോക്ടറാകുന്നു. ഡോക്ടറുടെ മകള്‍ മോളിയെ അയാള്‍ വിവാഹവും കഴിച്ചു. ലില്ലിയെ ഡോക്ടറുടെ മകന്‍ ജോയിയും വിവാഹം ചെയ്തു.