ഭാഗവതം ദശമസ്‌കന്ധത്തിലെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി അശ്വതി തിരുനാള്‍ ഇളയതമ്പുരാന്‍ രചിച്ച ആട്ടക്കഥയാണ് പൂതനാമോക്ഷം. ശ്രീകൃഷ്ണാവതാരത്തിന്റെ പശ്ചാത്തലസംഭവങ്ങളാണ് കഥയുടെ ആദ്യഘട്ടം. മരണഭീതി വര്‍ദ്ധിച്ച കംസന്റെ ഭീഷണിയെത്തുടര്‍ന്ന് കൃഷ്ണനെ ആമ്പാടിയിലെത്തിച്ച വസുദേവര്‍ യശോദയുടെ കുട്ടിയെയുമെടുത്ത് തിരികെപ്പോരുന്നു. ദേവകിയുടെ പക്കല്‍ നവജാതശിശുവിനെ കണ്ടു വധിക്കാന്‍ ശ്രമിച്ച കംസന്റെ കയ്യില്‍ നിന്നും കുട്ടി തെന്നിക്കുതിച്ച് കംസനെ വധിക്കുവാന്‍ അന്തകന്‍ പിറന്നകാര്യം അശരീരിയായി അറിയിക്കുന്നു. പരിഭ്രാന്തനായ കംസന്‍ രാക്ഷസന്മാരെയും പൂതനയെയും കൃഷ്ണനെ വധിക്കുവാനായി നിയോഗിക്കുന്നു. അമ്പാടിയില്‍ വന്നു കൃഷ്ണനെ വിഷപ്പാലൂട്ടി വധിക്കുവാന്‍ ശ്രമിക്കുന്ന പൂതനയ്ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. തുടര്‍ന്നു പൂതന മോക്ഷം പ്രാപിയ്ക്കുന്നു.  ഈ കഥയില്‍ ആദ്യസ്ഥാന വേഷം കംസനാണ്. പൂതന കരിവേഷത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നെങ്കിലും ഗോകുലത്തില്‍ പ്രത്യക്ഷപ്പെടുന്നത് മോഹിനി (ലളിത) വേഷത്തിലാണ്.