തമിഴ്‌സംഘം കൃതികളുടെ കൂട്ടത്തില്‍ എട്ടാമത്തേതാണ് എട്ടുത്തൊകൈ എന്നു പറയപ്പെടുന്ന പുറനാനൂറ്. അകം, പുറം എന്നീ പൊരുളുകളില്‍ പുറമെന്ന വിഭാഗത്തിലുള്ള നാനൂറ് ഗാനങ്ങള്‍ അടങ്ങിയതാണിത്. ഇത് സമാഹരിച്ചവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. പ്രേമിക്കുന്നവരുമായി ബന്ധപ്പെട്ടതാണ് അകനാനൂറെങ്കില്‍, എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും അനുഭവിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കാന്‍ പറ്റിയതുമായ ഒന്നാണ് പുറനാനൂറ്. നാലു പുരുഷാര്‍ത്ഥങ്ങളില്‍ ധര്‍മ്മവും അര്‍ത്ഥവും ഇതില്‍ പ്രതിപാദ്യവിഷയമാണ്. പഴയകാലകൃതികളുടെ പ്രത്യേകതയായ ഈശ്വരപ്രാര്‍ത്ഥനയോടെയാണ് ഇതിന്റെ തുടക്കവും. ഇതടക്കം നാനൂറ് അകവല്‍ പാട്ടുകളാണ് പുറനാനൂറില്‍ ഉള്ളത്. പെരുന്തേവനാര്‍ ആണ് ഈശ്വരപ്രാര്‍ത്ഥന രചിച്ചത്. മുരഞ്ചിയൂര്‍ മുടിനാകരായര്‍ മുതല്‍ കോവൂര്‍ കിഴാര്‍ വരെ നൂറ്റിനാല്പത്തിയാറോളം കവികള്‍ മറ്റു പാട്ടുകള്‍ രചിച്ചിരിക്കുന്നു. പാടിയവരില്‍ പതിനഞ്ചു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ കൂടുതല്‍ പാട്ടുകള്‍ രചിച്ചത് ഔവൈയാര്‍ ആണ്.
    അകം, പുറം എന്നീ പൊരുളുകളില്‍ പുറത്തിന്റെ ഭാഗങ്ങളായ വെട്ചി, വഞ്ചി, കരന്തൈ, കാഞ്ചി, നൊച്ചി, ഉഴിഞൈ, തുമ്പൈ, വാകൈ, പാടാണ്, പൊതുവിയല്, കൈക്കിളൈ, പെരുന്തിണൈ മുതലായ തിണൈകള്‍ക്കു് യോജിച്ച തുറൈപ്പൊരുള്‍ ഇണങ്ങിയവയാണ്. തെക്കേ ഇന്ത്യ വാണിരുന്ന ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെയും മറ്റു വീരന്മാരുടെയും ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകത്തിലുണ്ടായിരുന്ന ഒടുവിലത്തെ തമിഴ് സംഘത്തിലെ പണ്ഡിതന്മാരില്‍ പലരുടെയും ചരിതങ്ങള്‍ ഈ കൃതികളില്‍ തെളിയുന്നു.
പുറനാനൂറ് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് മഹാമഹോപാധ്യായ ദാക്ഷിണാത്യ കലാനിധി ഡോ. യു.വി. സ്വാമിനാഥയ്യര്‍ ആണ്. വിദ്വാന്‍ ഔവൈ എസ്. ദുരൈസ്വാമിപ്പിള്ളയുടെ വ്യാഖ്യാനത്തോടെ 1947ല്‍ പുറനാനൂറിന് മറ്റൊരു പതിപ്പും ഉണ്ടായി. സംഗ്രഹാര്‍ത്ഥത്തോടുകൂടിയ ചില പതിപ്പുകളും ഉണ്ടായിട്ടുണ്ട്. ജി. യു. പോപ്പ് എന്ന പാശ്ചാത്യപണ്ഡിതന്‍ ചില ഗാനങ്ങള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു.
    പുറനാനൂറ് വഴിയാണ് അക്കാലത്ത് തമിഴരുടെ രാജ്യശാസനം, അര്‍ത്ഥവ്യവസ്ഥ, ശിക്ഷ, കലാവികസനം, നാഗരികം, വീരം, സമൂഹം, വസ്ത്രം, ആഭൂഷണം, അലങ്കാരവിധം, വാണിജ്യം ഇതുപോലുള്ള അനേക വിഷയങ്ങള്‍ അറിയുന്നത്.

ഉദാഹരണഗാനങ്ങള്‍

ഒരു കുടിപ്പിറന്ത പല്ലോരുള്ളും

മൂത്തവന് വരുക എന്നാതു അവരുള്

അറിവുടൈയോനാറു അരചുഞ്ചെല്ലും (183)-നാഞ്ചില് വള്ളുവനെപ്പറ്റി മരുതനിളനാകനാര് പാടിയത്.

ആനിനങ്കലിത്ത വതര് പല കടന്തു

മാനിനങ്കലിത്ത മലൈ പിന്നൊഴിയ

മീനിനങ്കലിത്ത തുറൈ പല നീന്തി

ഉള്ളിവന്ത വള്ളുയിര്ച്ചീറിയാഴ്

ചിതാഅരുടുക്കൈ മുതാഅരിപ്പാണ

നീയേ പേരെണ്ണലൈയേ നിന്നിറൈ

മാറിവാവെന മൊഴിയലന് മാതോ

ഒലിയിരുങ്കതുപ്പിനായിഴൈ കണവന്

കിളിമരീ ഇയ വിയന്പുനത്തു

മരനണി പെരുങ്കുരലനൈയ നാതലിന്

നിന്നൈ വരുതലറിന്തനര് യാരേ. (138)-പുറനാനൂറില്‍ ഇടപ്പെട്ടുള്ള 192-ാമത്തെ പാട്ട്.

യാതും ഊരെ, യാവരും കേളിര്‍,

തീതും നന്റും പിറര്‍ തര വാരാ,

നോതലും തണിതലും, അവറ്റോരന്ന,

ചാതലും പുതുവത് അന്റെ, വാഴ്തല്‍,

ഇനിത് എന മകിഴ്ന്തന്റും ഇലമേ, മുനിവിന്‍,

ഇന്നാത് എന്റലും ഇലമേ,'മിന്നോട്

വാനം തണ്‍ തുളി തലൈഇ, ആനാത്

കല്‍ പൊരുതു ഇരങ്ങും മല്ലല്‍ പേര്‍ യാറ്റ്

നീര്‍ വഴിപ്പടൂം' പുണൈ പോല്‍, ആര്‍ ഉയിര്‍

മുറൈ വഴിപ്പടൂഉം' എന്‍പത് തിറവോര്‍

കാട്ചിയിന്‍ തെളിത്തനം ആകലിന്‍, മാട്ചിയിന്‍

പെരിയോരൈ വിയത്തലും ഇലമേ,

ചിറിയോരൈ ഇകഴ്തലും അതിനും ഇലമേ.-വേള്‍ പാരിയുടെ ദാനശീലത്തേയും പോര്‍വീര്യത്തേയും കുറിച്ച് കപിലര്‍ പാടിയത്.

താളിര്‍ കൊള്ളലിര്‍ വാളിറ്റാരലന്‍

യാനറികവനതു കൊള്ളുമാറേ

ചുകിര്‍ പുരിനരമ്പിന്‍ ചീറിയാഴ് പണ്ണി

വിരൈയൊലികൂന്തനും വിരലിയര്‍ പിന്‍വര

ആടിനിര്‍ പാടിനിര്‍ ചെലിനേ

നാടുങ്കുന്റു മൊരുങ്കീയുമ്മേ..