ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ പ്രശസ്തമായ നോവലാണ് ദി ആല്‍ക്കെമിസ്റ്റ്. ആധുനിക ക്ലാസ്സിക് ആയ ഈ കൃതി 1988ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പോര്‍ച്ചുഗീസ് ഭാഷയില്‍ രചിച്ച ഈ നോവല്‍ 67 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്‍പരം കോപ്പികള്‍ വിറ്റഴിഞ്ഞു. കഥയുടെ രത്‌നച്ചുരുക്കം ഇങ്ങനെ: ആട്ടിടയനായ സാന്റിയാഗോ ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപം ഒരു നിധിയുണ്ടെന്ന് സ്വപ്നം കാണുന്നു. ജീവിതസുഖം മോഹിച്ച് ഈ നിധി തേടി പോകുന്ന സാന്റിയാഗോയുടെ യാത്രയും, സ്ഥലങ്ങള്‍, ആളുകള്‍, സംഭവങ്ങള്‍ എന്നിവയും അവതരിപ്പിക്കുന്നു. സ്വപ്നം വിശകലനം ചെയ്യുന്ന വൃദ്ധ, രാജാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആള്‍, ബേക്കറിക്കാരന്‍, മരുഭൂമിയില്‍ സ്ഫടിക പാത്രം വില്‍ക്കുന്നയാള്‍ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നു. മരുഭൂമിയും ഒരു പ്രധാന കഥാപാത്രമാണ്. ഫാത്തിമയെ കണ്ടെത്തിയ ഇടവേളയ്ക്കു ശേഷം, സാന്റിയാഗോയുടെ യാത്ര വീണ്ടും തുടരുന്നു. ലക്ഷ്യസ്ഥാനത്തെത്തിയെങ്കിലും, ജീവിതയാത്രയുടെ നിരര്‍ത്ഥകത വെളിപ്പെടുന്നു.