മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി സി. രാധാകൃഷ്ണന്‍ എഴുതിയ ജീവചരിത്രാഖ്യായികയാണ് തീക്കടല്‍ കടഞ്ഞ് തിരുമധുരം. ഈ കൃതി കെട്ടുകഥയല്ലെന്നും 'ഭാഷാപിതാവിന്റെ' ജീവിതത്തെക്കുറിച്ച് മുത്തച്ഛനിലും മുത്തച്ഛിയില്‍ നിന്നും കിട്ടിയ ചിത്രവും ദീര്‍ഘകാലത്തെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുമാണ് ഇതിലുള്ളതെന്നും ഗ്രന്ഥകാരന്‍ പറയുന്നു. എഴുത്തച്ഛന്‍ തന്റെ കുടുംബത്തിന്റെ പൂര്‍വികന്മാരില്‍ ഒരാളായിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു.
    മാതൃഭൂമി ദിനപ്പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ ഖണ്ഡശ്ശ വെളിച്ചം കണ്ട 'തീക്കടല്‍ കടഞ്ഞ് തിരുമധുരം', ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്, 2005 ജനുവരി മാസത്തിലാണ്.
എഴുത്തച്ഛന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥത്തെ നാലു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ മൂന്നു ഭാഗങ്ങള്‍ക്ക് അവയിലെ സംഭവങ്ങള്‍ നടക്കുമ്പോള്‍ എഴുത്തച്ഛന്‍ ജീവിച്ചിരുന്ന സ്ഥലങ്ങളെ പിന്തുടര്‍ന്ന് താന്നിയൂര്‍ (താനൂര്‍), തിരുവൂര്‍(തിരൂര്‍), ശബരകൊട്ടം (ചമ്രവട്ടം) എന്നീ പേരുകളാണ്. സാമൂതിരിയുടെ അധികാരകോയ്മയില്‍ നിന്നുള്ള എഴുത്തച്ഛന്റെ നാടുകടത്തലിനു ശേഷമുള്ള ജീവിതം വിവരിക്കുന്ന അവസാന ഭാഗത്തിന് മഹാപ്രസ്ഥാനം എന്നാണ് പേര്. ഭാഗങ്ങള്‍ ഓരോന്നും അദ്ധ്യായങ്ങളായും തിരിച്ചിട്ടുണ്ട്. അദ്ധ്യായങ്ങള്‍ക്ക് 'ഓല' എന്നാണ് പേരിട്ടിരിക്കുന്നത്. നാലു ഭാഗങ്ങളിലും കൂടിയുള്ള 'ഓല'കളുടെ എണ്ണം, എഴുത്തച്ഛന്‍ രൂപം കൊടുത്തതായി കരുതപ്പെടുന്ന മലയാളം അക്ഷരമാലയിലെ അക്ഷരങ്ങളുടെ സംഖ്യയായ 51 ആണ്.
    ജീവിതസായാഹ്നത്തില്‍ ചിറ്റൂര്‍ പ്രദേശത്ത് പാപനാശിനി നദിയുടെ കരയിലിരുന്ന് എഴുത്തച്ഛന്‍ നടത്തുന്ന അനുസ്മരണത്തിന്റെ രൂപത്തിലാണ് 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എഴുതിയിരിക്കുന്നത് .
വെട്ടത്തുനാട്ടിലെ താന്നിയൂരിലാണ് (താനൂര്‍) എഴുത്തച്ഛന്‍ ജനിച്ചത്. അവിടെ എഴുത്തുകളരി സ്ഥാപിക്കാനായി പുരാതനകാലത്ത് വള്ളുവക്കോനാതിരി വെട്ടത്തരചന് അയച്ചുകൊടുത്ത എഴുത്താശാന്മാരുടെ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റെ താവഴി. കുടുംബപ്പേര് 'പഴഞ്ഞാനം' (പഴയ ജ്ഞാനം) എന്നും അമ്മയുടെ പേര് ലക്ഷ്മി എന്നും ആയിരുന്നു. മെയ്ക്കളരി ആശാനായിരുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ നാരായണന്‍, പിലാക്കാട്ടീരി കുടുംബക്കാരനായിരുന്നു. സാമൂതിരിക്കെതിരെ വെട്ടത്തരചനെ പിന്തുണച്ചതിനാല്‍ സാമൂതിരിയുടേയും, അറിവിന്റെ മേലുള്ള ബ്രാഹ്മണരുടെ കുത്തകയ്ക്കു ഭീഷണിയായ കളരികള്‍ നടത്തയതിനാല്‍ ബ്രാഹ്മണമേധാവികളുടേയും ശത്രുതയുടെ നിഴലിലായിരുന്നു ഈ കുടുംബങ്ങള്‍. അച്ഛനമ്മമാരുടെ നാലു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹത്തിന്റെ പേര് കൃഷ്ണന്‍ എന്നും വിളിപ്പേര് അപ്പു എന്നും ആയിരുന്നു. ഏറ്റവും മൂത്തതായി രാമന്‍ എന്ന പേരില്‍ ഒരു സഹോദരനും അയാള്‍ക്കു താഴെ, സീത (സീതോപ്പ), ചീരു (ചീരുവോപ്പ) എന്നീ പേരുകളില്‍ രണ്ടു സഹോദരിമാരും എഴുത്തച്ഛനുണ്ടായിരുന്നു. സഹോദരന്‍ രാമന്റെ വിളിപ്പേര് കുട്ടന്‍ എന്നായിരുന്നു.
    സാമൂതിരിയുടെ കിങ്കരന്മാര്‍ എഴുത്തച്ഛന്റെ ജനനത്തിനു പതിനേഴുനാള്‍ മുന്‍പ് അദ്ദേഹത്തിന്റെ അച്ഛനെ ചതിയില്‍ വിഷം കൊടുത്തു കൊന്നു. അച്ഛന്‍ കൊല്ലപ്പെടുമ്പോള്‍ തഞ്ചാവൂരെ ആധീനത്തില്‍ പഠനം നടത്തിയിരുന്ന കുട്ടന്‍, തുടര്‍ന്ന് അവിടുത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ നാട്ടിലേയ്ക്കു മടങ്ങി. ഭര്‍ത്താവിന്റെ മരണത്തിനു ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വിഷാദരോഗം മൂത്ത് സമനില നഷ്ടപ്പെട്ടിരുന്ന എഴുത്തച്ഛന്റെ അമ്മ മരിച്ചു. എഴുത്തച്ഛന്‍ ജനിക്കുമ്പോള്‍ കാരണവരായിരുന്നത് അദ്ദേഹത്തിന്റെ അമ്മാവന്‍ രാമന്‍ ആയിരുന്നു. പരദേശത്ത് (തമിഴ്‌നാട്ടില്‍) വിദ്യാഭ്യാസം നേടിയ ഒരു പണ്ഡിതനായിരുന്നു ആ അമ്മാവന്‍. എഴുത്തച്ഛന് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയതും അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിന് അടിത്തറയിട്ടതും അദ്ദേഹത്തിന്റെ സര്‍ഗ്ഗവാസനയെ ആദ്യം തിരിച്ചറിഞ്ഞതും എഴുത്തുകളരിയാശാനായ ആ അമ്മാവനായിരുന്നു. അമ്മാവന്‍ തിമിരബാധിതനായിരുന്നതുകൊണ്ട്, ക്രമേണ എഴുത്തുകളരിയുടെ ചുമതല എഴുത്തച്ഛന്റെ സഹോദരന്‍ കുട്ടന്‍ ഏറ്റെടുത്തു. എഴുത്തച്ഛന്റെ തുടര്‍പഠനത്തില്‍ ഗുരു സഹോദരനായിരുന്നു.
    എഴുത്തച്ഛന്റെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് അനന്തരവന്‍, ഉണ്ണി എന്നു വിളിപ്പേരുള്ള കുമാരന്‍, കാരണവന്മാരുടെ സമ്മതമില്ലാതെ, ഭഗവതിയുടെ മുമ്പില്‍ ചാവേര്‍ വ്രതമെടുത്തിരുന്നു. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ തിരുനാവായയില്‍ നടക്കാറുള്ള മാമാങ്കത്തില്‍, അതിന്റെ സംരക്ഷകനായ സാമൂതിരിയെ നിലപാടുതറയിലെത്തി കൊല്ലുകയോ, അതിനുള്ള ശ്രമത്തില്‍ കൊല്ലപ്പെടുകയോ ചെയ്യുമെന്ന പ്രതിജ്ഞയായിരുന്നു അത്. എഴുത്തച്ഛന്റെ മൂത്ത സഹോദരി സീത(സീതോപ്പ)യുടെ പ്രതിശ്രുത വരനായിരുന്നു ഉണ്ണി. ഉണ്ണിയുടേയും സീതയുടേയും വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെ ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം എഴുത്തച്ഛന്റെ പിതാവിന്റെ കൊലയില്‍ പങ്കാളികളായിരുന്നവരെ കൊന്നു. സാമൂതിരിയുടെ സൈന്യം താന്നിയൂരെ വെട്ടത്തുകോവിലകം ആക്രമിച്ചപ്പോള്‍ അതിന്റെ പ്രതിരോധത്തിനു നേതൃത്വം കൊടുത്തത് ഉണ്ണി ആയിരുന്നു. സമര്‍ത്ഥമായ ആ പ്രതിരോധത്തില്‍ ആക്രമണം പരാജയപ്പെട്ടെങ്കിലും വെട്ടത്തുനാടിന്റെ 'അമ്മത്തമ്പുരാട്ടി'യെ അക്രമികള്‍ പിന്നില്‍ നിന്ന് വിഷം പുരട്ടിയ അമ്പെയ്തു കൊന്നു. തന്റെ ചാവേര്‍ നിശ്ചയത്തില്‍ ഉറച്ചു നില്‍ക്കാന്‍ അത് ഉണ്ണിക്കു പ്രേരണ നല്‍കി. മകള്‍ എച്ചുവിന്റെ ജനനം കഴിഞ്ഞ് ഏറെ വൈകാതെ വന്ന അടുത്ത മാമാങ്കത്തില്‍ ചാവേറുകള്‍ക്കൊപ്പം പോയ ഉണ്ണി നിലപാടു തറവരെ പൊരുതിയെത്തി അവിടെ വെട്ടേറ്റു മരിച്ചു.
    മാമാങ്കം കഴിഞ്ഞ് സാമൂതിരിയുടെ പടയ്ക്ക് തിരുനാവായയില്‍ നിന്ന് സ്വദേശത്തേയ്ക്ക് മടങ്ങേണ്ടിയിരുന്നത് വെട്ടത്തുനാട്ടിലൂടെ ആയിരുന്നു. മാമാങ്കത്തിലേയ്ക്ക് ഉണ്ണിയെ അനുഗമിച്ചിരുന്ന എഴുത്തച്ഛനും സഹോദരനും മടങ്ങി വന്നപ്പോള്‍, താന്നിയൂരെ വീടും എഴുത്തുകളരിയും സാമൂതിരിയുടെ സൈന്യം പ്രതികാരബുദ്ധിയോടെ തീവച്ചു നശിപ്പിച്ചിരിക്കുന്നതായി കണ്ടു. അപകടസാധ്യത കണ്ട് കുടുംബത്തിലെ സ്ത്രീകളും കുട്ടികളും താന്നിയൂര്‍ കോവിലകത്തേയ്ക്ക് പോയെങ്കിലും, കളരി വിട്ടുപോകാന്‍ അമ്മാവന്‍ വിസമ്മതിച്ചിരുന്നു. അപകടം കണ്ട അദ്ദേഹം, കളരിയില്‍ സൂക്ഷിച്ചിരുന്ന അമൂല്യ ഗ്രന്ഥങ്ങളെ തുണിയില്‍ പൊതിഞ്ഞ് കിണറ്റില്‍ ഇട്ട് രക്ഷപ്പെടുത്തിയെങ്കിലും ഒടുവില്‍ എങ്ങനെയോ അദ്ദേഹവും കിണറ്റില്‍ വീണു മരിച്ചിരിക്കുന്നതായി കാണപ്പെട്ടു.