വെക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥകളിലൊന്നാണു തേന്മാവ്. ഒരു തേന്മാവിനെക്കുറിച്ചുള്ളതാണ് ഈ ചെറുകഥ. വളരെ ലളിതവും സരസവുമായാണു ബഷീര്‍ ഇതു രചിച്ചിരിക്കുന്നത്.ഒരു വൃക്ഷത്തോടുള്ള സ്‌നേഹം വൃക്ഷാരാധനയായി കല്പിക്കപ്പെടുന്നതിലുള്ള ബഷീറിന്റെ അതൃപ്തിയും ഈ കഥയില്‍ കാണാം. കഥാകാരന്‍ തന്നെ കഥാപാത്രമായി വരുന്ന ശൈലി മറ്റു പല ബഷീര്‍ കൃതികളിലെയുംപോലെ 'തേന്മാവിലും' സ്വീകരിച്ചിരിക്കുന്നു. കഥാപാത്രത്തെക്കൊണ്ടു കഥ പറയിക്കുകയും ചെയ്തിരിക്കുന്നു. ശരിക്കും കഥയാണോ ജീവിതമാണോ എന്നറിയാതെ വായനക്കാരന്‍ കുഴങ്ങിപ്പോകുന്നു.
തേന്മാവിനെ സ്‌നേഹിക്കുന്ന രണ്ടു വ്യക്തികള്‍ -റഷീദും അസ്മായും. അവര്‍ക്ക് ഒരു തേന്മാവിനോടുള്ള സ്‌നേഹത്തിന്റെയും, അതിനിടയാക്കിയ സാഹചര്യത്തിന്റെയും കഥയാണിത്. ഈ തേന്മാവിന്റെ ചരിത്രം റഷീദും ആസ്മായും ബഷീറിനോടു പറയുന്നതാണു കഥാസന്ദര്‍ഭം. കഥയിലെ മറ്റൊരു പ്രധാനകഥാപാത്രമാണു യൂസുഫ് സിദ്ദീക്ക്.