എന്‍.എസ്. മാധവന്‍ മലയാളത്തില്‍ എഴുതിയ ചെറുകഥയാണ് തിരുത്ത്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതാണ് ഈ കഥയുടെ പശ്ചാത്തലം. മസ്ജിദ് തകര്‍ന്ന 1992 ഡിസംബര്‍ 6ന് വൈകിട്ട്, ഉത്തരേന്ത്യയിലെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ കാര്യാലയത്തില്‍, അടുത്ത ദിവസത്തെ പത്രത്തിന്റെ പ്രൂഫ് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് കഥയില്‍.എഴുപതു വയസ്സുള്ള മുഖ്യപത്രാധിപര്‍ ചുല്യാറ്റാണ് കഥയുടെ കേന്ദ്രം. എല്ലാ ചരിത്രസന്ധികളിലും പനി പിടിപെടുക പതിവുണ്ടായിരുന്ന അദ്ദേഹം ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസവും പനിയുടെ പിടിയിലായിരുന്നു. അതിനാല്‍ മുഖപ്രസംഗം എഴുതുന്ന ജോലി മറ്റൊരാളെ ഏല്പിച്ച് പത്രാധിപര്‍ വീട്ടിലേക്കു പോയി. എന്നാല്‍ വഴിക്ക് തീരെ സുഖം തോന്നാതിരുന്നതിനാല്‍, ചെറുപ്പം മുതലേ തനിക്കറിയാവുന്ന ഇക്ബാല്‍ എന്ന യുവഡോക്ടറെ വീട്ടില്‍ ചെന്നു കാണാന്‍ തീരുമാനിച്ചു. ഡോക്ടറുടെ പരിശോധനയും കുത്തിവയ്പും ചുല്യാറ്റിന് ആശ്വാസം നല്‍കി. മുസ്ലിങ്ങളായ ഡോക്ടറും ഭാര്യയും മസ്ജിദിന്റെ തകര്‍ച്ചയില്‍ സഹതാപം അറിയിക്കാന്‍ എത്തുന്നവരെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയായിരുന്നു. അത്തരക്കാരില്‍ നിന്നു വ്യത്യസ്തമായി തങ്ങളോട് സാധാരണമട്ടില്‍ പെരുമാറിയതിന് അവര്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞു.കുത്തിവയ്പിനെ തുടര്‍ന്ന് പനിയില്‍ കുറവ് അനുഭവപ്പെട്ട ചുല്യാറ്റ്, പത്രമാഫീസിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. അവിടെ അച്ചടിക്കു തൊട്ടു മുന്‍പുള്ള ഘട്ടത്തില്‍ എത്തിയിരുന്ന വാര്‍ത്താശേഖരത്തില്‍ കണ്ണോടിച്ച അദ്ദേഹം പ്രധാനവാര്‍ത്ത വായിച്ചതോടെ, അതിനു തലക്കെട്ടെഴുതിയ ആള്‍ ഇനി പത്രത്തില്‍ പണിചെയ്യേണ്ടതില്ലെന്നു പൊട്ടിത്തെറിച്ചു. എന്നാല്‍ സബ് എഡിറ്ററായിരുന്ന സുഹ്‌റ എന്ന മുസ്ലിം യുവതി, താനാണ് പ്രധാനവാര്‍ത്തയ്ക്ക് ആ തലക്കെട്ടു നല്‍കിയതെന്നു സമ്മതിച്ചതോടെ പത്രാധിപര്‍ ശാന്തനായി. തുടര്‍ന്ന് അദ്ദേഹം, കൈയില്‍ കിട്ടിയ ബാള്‍ പോയിന്റ് പേന കൊണ്ട് ആ തലക്കെട്ടു തിരുത്തി: 'തര്‍ക്കമന്ദിരം തകര്‍ത്തു' എന്ന തലക്കെട്ടില്‍ 'തര്‍ക്കമന്ദിരം' എന്ന വാക്കു വെട്ടി ബാബറി മസ്ജിദ് എന്നെഴുതിയായിരുന്നു തിരുത്ത്.