പി.സി.കുട്ടികൃഷ്ണൻ
ഡി.സി. ബുക്സ്

    ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന പി.സി. കുട്ടികൃഷ്ണൻ രചിച്ച നോവലാണ് ഉമ്മാച്ചു. 1958-ൽ ആദ്യത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്തകമാണിത്.
സ്നേഹിക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ കഴിയാതെവന്ന സ്ത്രീയുടെ കഥയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിൽ പറയുന്നത്. 1971ൽ ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി. പി. ഭാസ്കരൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മധു, ഷീല തുടങ്ങിയവരാണ് മുഖ്യവേഷത്തിൽ അഭിനയിച്ചത്. മദ്ധ്യമലബാറിലെ മുസ്ലീംസാമൂഹികജീവിതചരിത്രത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യാനിക്കുന്ന ഈ കൃതിയിലൂടെ ഗ്രാമ വിശുദ്ധിയുള്ള ഉമ്മാച്ചുവും ബീരാനും മായനും ചാപ്പുണ്ണി നായരും ചിന്നമ്മുവും ഹൈദ്രോസും തുടങ്ങിയവരെല്ലാം മലയാള മനസ്സിൽ ഇന്നും മായാത്ത ഓർമ്മകൾ നിലനിർത്തുന്നു. ആയിരത്തി തൊള്ളായിരത്തി അൻപത്തിനാല് ഡിസംബർ മാസത്തിലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രശസ്ത കഥാകാരൻ എൻ പി മുഹമ്മദിന്റെ ആമുഖ പഠനത്തോടെ കെ ആർ ബ്രദേർസ് കോഴിക്കോട്‌ പ്രസാധകർ ആണ് പ്രസിദ്ധീകരിച്ചത്. 1991 ഒക്ടോബർ മുതൽ ഉമ്മാച്ചു ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നു.
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങൾ കീഴ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയിൽ വിവേകം ചിലപ്പോൾ മാറി നിൽക്കും. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘർഷം, ഏറനാടൻ സാമൂഹികപശ്ചാത്തലത്തിൽ ഉറൂബ് ഈ കൃതിയിൽ വരച്ചുക്കാട്ടുന്നുണ്ട്.