സാമുവല്‍ ബെക്കറ്റ് എഴുതിയ 'അസംബന്ധ'നാടകമാണ് വെയ്റ്റിങ്ങ് ഫോര്‍ ഗോദോ (ഗോദോയെ കാത്ത്). ആരെന്നറിയാത്ത ഗോദോ എന്നയാള്‍ക്കു വേണ്ടി സുഹൃത്തുക്കളായ വ്‌ലാദിമിര്‍, എസ്ട്രാഗന്‍ എന്നിവരുടെ അനന്തവും ഫലശൂന്യവുമായ കാത്തിരിപ്പാണ് ഇതില്‍ ചിത്രീകരിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ് ഭാഷാനാടകമായി ഇതു കരുതപ്പെടുന്നു.ബെക്കെറ്റ് ഫ്രഞ്ചു ഭാഷയില്‍ എഴുതിയ മൂലരചനയ്ക്ക് അദ്ദേഹം തന്നെ നിര്‍വഹിച്ച ഇംഗ്ലീഷ് പരിഭാഷയുടെ പേരാണ് 'വെയ്റ്റിങ്ങ് ഫോര്‍ ഗോദോ'. 'രണ്ടംഗങ്ങളുള്ള ഒരു ശുഭദുരന്തനാടകം'  എന്ന ഉപശീര്‍ഷകവും അദ്ദേഹം ഇംഗ്ലീഷ് പരിഭാഷയില്‍ സ്വീകരിച്ചിട്ടുണ്ട്. ഫ്രഞ്ചിലെ മൂലരചന 1948 ഒക്ടോബര്‍ 9നും 1949 ജനുവരി 29നും ഇടയ്ക്ക് എഴുതിയതാണ്. പാരിസില്‍ നടന്ന ആദ്യാവതരണം 1953 ജനുവരി 5നായിരുന്നു. നാടകത്തില്‍ 'പോസോ' എന്ന കഥാപാത്രത്തിന്റെ വേഷമിടുകകൂടി ചെയ്ത റോജര്‍ ബ്ലിന്‍ ആയിരുന്നു രംഗാവതരണം നടത്തിയത്.