മഹാകവി കുമാരനാശാന്റെ സ്മരണയ്ക്ക് നിര്‍മ്മിച്ച സ്മാരകമാണിത്. തോന്നയ്ക്കലില്‍ ആശാന്‍ താമസിച്ചിരുന്ന വീടും അതിനോടു ചേര്‍ന്ന സ്മാരകമന്ദിരവും കേരളത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പ്രധാനമായ ഒന്നാണ്. 1958 ജനുവരി 26ന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഗവണ്മെന്റിനു വേണ്ടി ഇത് ഏറ്റുവാങ്ങി. 1966 ജൂലൈ 26ന് സ്മാരക കമ്മിറ്റി പ്രസിഡന്റായിരുന്ന ആര്‍. ശങ്കര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ മകന്‍ കെ. പ്രഭാകരനായിരുന്നു ആദ്യത്തെ സെക്രട്ടറി. ഇന്നീ സ്ഥാപനം കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. 1981 മുതല്‍ ആശാന്‍ സ്മരണിക പ്രസിദ്ധീകരിച്ചു വരുന്നു. മഹാകവിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ പ്രസിദ്ധീകരിച്ചു. വിജയ ദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നു. ഉദയാസ്തമന കാവ്യപൂജയും എല്ലാ വര്‍ഷവും  നടക്കുന്നു. കുമാരനാശാന്‍ ജനിച്ച കായിക്കരയിലും ആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ച പല്ലനയിലും മഹാകവിക്ക് സ്മാരകങ്ങളുണ്ട്.