തിരുവനന്തപുരം: ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാഡമിയുടെ ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍ ചെയര്‍മാനും കൊ.ജയകുമാര്‍, പ്രഭാവര്‍മ്മ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. പല പതിറ്റാണ്ടുകളിലെ സാഹിത്യ സപര്യയിലൂടെ മലയാള മനസിന്റെ പ്രതിബിംബമായി മാറിയ എം.ടിക്ക് സര്‍ഗാത്മകതയുടെ വിവിധ തലങ്ങളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഒ.എന്‍.വി. പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒ.എന്‍.വി. പുരസ്‌കാരത്തിന് അനുജ അകത്തൂട്ടിന്റെ ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിതാ സമാഹാരം അര്‍ഹമായി. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പാരമ്പര്യത്തെയും ആധുനികതയെയും വിളക്കിച്ചേര്‍ത്ത സര്‍ഗാത്മകതയുടെ തെളിമയാര്‍ന്ന കണ്ണിയായി വര്‍ത്തിക്കുന്നതാണ് അനുജയുടെ കവിതകളെന്ന് ഡോ.ശ്രീദേവി, ഡോ.ബി.വി. ശശികുമാര്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറി വിലയിരുത്തി. പുരസ്‌കാരങ്ങള്‍ ഒ.എന്‍.വി.യുടെ ജന്മദിനമായ മെയ് 27ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.