ജനകീയനായ കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ദൈവകണം’ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് ‘കളക്ടര്‍ ബ്രോ’ എന്നപേരില്‍ ജനപ്രിയനായ പ്രശാന്ത് നായര്‍ തന്നെയാണ്. കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം ഐ.എ.എസ് അസോസിയേഷനാണ്് പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു.

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല എന്ന സിനിമയുടെ തിരക്കഥയും പ്രശാന്ത് നായരുടേതായിരുന്നു. അനില്‍ രാധാകൃഷ്ണന്‍ മേനോനും പ്രശാന്ത് നായരും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ‘ഹൂ’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. കോഴിക്കോട് കളക്ടറായിരിക്കെ ഓപ്പറേഷന്‍ സുലൈമാനി, സവാരി ഗിരിഗിരി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി പ്രശാന്ത് നായര്‍ ശ്രദ്ധനേടിയിരുന്നു. കോഴിക്കോട് നഗരത്തെ വിശപ്പ് രഹിതമാക്കാനുള്ള പദ്ധതിയായിരുന്നു ഓപ്പറേഷന്‍ സുലൈമാനി. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായിരുന്നു സവാരി ഗിരിഗിരി.