കൊച്ചി: ആധുനിക കാലത്തെ കുഞ്ചന്‍ നമ്പ്യാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രശസ്ത ആക്ഷേപഹാസ്യ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസ്സായിരുന്നു. കുറെ ദിവസങ്ങളായി വാര്‍ദ്ധക്യസഹജമായ അവശതയിലായിരുന്നു. എറണാകുളം കാക്കനാട് പടമുകളിലെ ‘ചെമ്മനം’ വീട്ടില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അന്ത്യം.
കവിതകളിലൂടെ കടുത്ത സാമൂഹിക വിമര്‍ശനം നടത്തി ചെമ്മനം. ലളിതമായ ഭാഷയിലായിരുന്നു ശക്തമായ സാമൂഹിക വിമര്‍ശനം. ഒരിക്കല്‍ ചെമ്മനം ഇങ്ങനെ പറഞ്ഞു: ”ഞാന്‍ മരിച്ചാല്‍ ആരും റീത്തു വയ്ക്കരുത്, അഥവാ പണം ചെലവു ചെയ്യണമെന്നുണ്ടെങ്കില്‍ എന്റെ എല്ലാ കവിതകളും സമാഹരിച്ച ‘ചെമ്മനം സമ്പൂര്‍ണം’ എന്ന ഗ്രന്ഥത്തിന്റെ ഒരു കോപ്പി വാങ്ങിയാല്‍ മതി.”
കോട്ടയം ജില്ലയിലെ മുളക്കുളത്ത് ചെമ്മനം കുടുംബത്തില്‍ യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് 7നായിരുന്നു ജനനം. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, ആലുവ യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എം.എ മലയാളത്തില്‍ ഒന്നാം റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, പാളയംകോട്ട സെന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വകലാശാലാ മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കേരള സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായിരുന്നു. അവിടെ നിന്നാണ് വിരമിച്ചത്. ഭാര്യ: ബേബി ടീച്ചര്‍ (റിട്ട. ഹെഡ്മിസ്്ട്രസ്). മക്കള്‍: ഡോ. ശോഭ (അമൃത ആശുപത്രി, എറണാകുളം), ഡോ. ജയ (യു.കെ.). മരുമക്കള്‍: ഡോ. ജോര്‍ജ് പോള്‍ (അമൃത ആശുപത്രി, എറണാകുളം), ഡോ. ചെറിയാന്‍ വര്‍ഗീസ് (യു.കെ.)
മൃതദേഹം എറണാകുളം മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലാണ് ഇപ്പോഴുള്ളത്. യു.കെ.യില്‍നിന്ന് മകളും മരുമകനും എത്തിയശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുളക്കുളം മണ്ണുക്കുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ ശവസംസ്‌കാരം. നടക്കും.

കൃതികള്‍

വിളംബരം
കനകാക്ഷരങ്ങള്‍
നെല്ല്
കാര്‍ട്ടൂണ്‍
കവിത
ഇന്ന്
പുത്തരി
അസ്ത്രം
ആഗ്‌നേയാസ്ത്രം
ദുഃഖത്തിന്റെ ചിരി
ആവനാഴി
ജൈത്രയാത്ര
രാജപാത
ദാഹജലം
ഭൂമികുലുക്കം
അമ്പും വില്ലും
രാജാവിന് വസ്ത്രമില്ല
ആളില്ലാക്കസേരകള്‍
ചിന്തേര്
നര്‍മസങ്കടം
ബഹുമതികളും മറ്റും
ഒന്ന് ഒന്ന് രണ്ടായിരം
ഒറ്റയാള്‍ പട്ടാളം
ഒറ്റയാന്റെ ചൂണ്ടുവിരല്‍
അക്ഷരപ്പോരാട്ടം
കുടുംബസംവിധാനം
തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങള്‍
ചെമ്മനം കവിതകള്‍
വര്‍ഷമേഘം
അക്ഷരശിക്ഷ
പത്രങ്ങളേ നിങ്ങള്‍
ചെമ്മനം കവിത സമ്പൂര്‍ണം
ചിരിക്കാം ചിന്തിക്കാം
ഇരുട്ടുകൊട്ടാരം
ചക്കരമാമ്പഴം
രാത്രിവിളക്കുകള്‍
നെറ്റിപ്പട്ടം
ഇന്ത്യന്‍ കഴുത
കിഞ്ചനവര്‍ത്തമാനം
കാണാമാണിക്യം
ചിരിമധുരം
ചിരിമധുരതരം
ചിരിമധുരതമം
പുളിയും മധുരവും
ഭാഷാതിലകം
അറിവിന്റെ കനികള്‍
വള്ളത്തോള്‍ കവിയും വ്യക്തിയും
തോമസ് 28 വയസ്സ് (കഥാ സമാഹാരം)

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം
പി. സ്മാരക അവാര്‍ഡ്
ആശാന്‍ അവാര്‍ഡ്
മൂലൂര്‍ അവാര്‍ഡ്
ഉള്ളൂര്‍ കവിതാ അവാര്‍ഡ്
സഞ്ജയന്‍ അവാര്‍ഡ്
പണ്ഡിറ്റ് കെ.പി. കറുപ്പന്‍ അവാര്‍ഡ്
കുട്ടമത്ത് അവാര്‍ഡ്
സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്
എ.ഡി. ഹരിശര്‍മ അവാര്‍ഡ്
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്‌കാരം