തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ കയറിയിട്ടും അയ്യപ്പന്റെ ചൈതന്യം പോയിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇതുവരെ ശബരിമലയില്‍ വന്നിട്ടുള്ള സ്ത്രീകളൊക്കെ 50 വയസ്സിനു മുകളിലാണെന്ന് ആര്‍ക്കെങ്കിലും ഉറപ്പിക്കാനാകുമോ? ഇപ്പോള്‍ ശബരിമലയില്‍ പതിനെട്ടാം പടി ചവുട്ടിയ യുവതി അമ്പലത്തിന്റെ മുന്നില്‍ എത്തിയിട്ടില്ലെന്ന് ഉറപ്പുപറയാന്‍ പറ്റുമോ എന്നും വി.എസ്. ചോദിച്ചു.
മുന്‍ സര്‍വീസ് സംഘടനാ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.സത്യകന്റെ പുതിയ പുസ്തകമായ ‘പെണ്‍ജന്മം പാവനമോ’ എന്ന കൃതിയുടെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബില്‍ നിര്‍വഹിക്കുകയായിരുന്നു വി.എസ്. സംഘചേതന പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
വി.എസില്‍ നിന്നു പുസ്തകം സ്വീകരിച്ചത് ഐ.ബി.സതീഷ് എം.എല്‍.എയാണ്. ഡബ്ലിയു.ആര്‍.ഹീബ, സംഘചേതന ചെയര്‍മാന്‍ എം.കെ.പ്രകാശന്‍, അഡ്വ.കെ.ആര്‍.ഷൈജു, അഡ്വ.ഗീനാകുമാരി, തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് കെ.സത്യകനെയും കമലാ സുരയ്യ അവാര്‍ഡ് ലഭിച്ച ഡോ.ശ്രീരേഖ പണിക്കരെയും ചടങ്ങില്‍ ആദരിച്ചു.