കൊല്ലം: ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെയാണ് തനിക്കു നേരെ ആക്രമുണ്ടായതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്ന് കുരീപ്പുഴ കുറ്റപ്പെടുത്തി.

തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു സംഘം ചാടി വീണു. ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഉണ്ടായതുകൊണ്ട് ശാരീരികമായി ഒന്നും പറ്റിയില്ല. അവര്‍ ചുറ്റും നിലയുറപ്പിച്ചിരുന്നു. വടയമ്പാടി ജാതിമതില്‍ നിലപാടിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയെ ആക്രമിച്ചത്.

കുരീപ്പുഴ കയറിയ വാഹനവും അക്രമികള്‍ കേടുവരുത്തി.
ഇന്ന് കേരളമെമ്പാടും വലിയ പ്രതിഷേധമാണ് ഇതിനെതിരെ അലയടിച്ചത്. പുരോഗമന കലാസാഹിത്യ സംഘവും സി.പി.ഐയുടെ സാംസ്‌കാരിക സംഘടനയും സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.