പ്രഭാവര്‍മ്മയുടെ ‘ശ്യാമ മാധവം’ എന്ന കൃതിയെക്കുറിച്ചുള്ള പഠനം)

സി. അശോകന്‍

ഉത്തരാധുനികത കമ്പോള സംസ്‌കാരത്തിനും അതിനൊപ്പം ഫാഷിസ്റ്റ് പ്രവണതകള്‍ക്കും മേധാവിത്തം നല്‍കുമെന്ന് ടെറി ഈഗിള്‍ട്ടന്‍ ഉത്തരാധുനിക വാദത്തിന്റെ മിഥ്യകള്‍ എന്ന കൃതിയില്‍ പ്രവചിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിയായി വരുന്നു എന്നാണ് അടുത്തകാലത്തെ നമ്മുടെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. സംസ്‌കാരത്തിന്റെ മേഖലയില്‍ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും മതതീവ്രവാദവും ജനാധിപത്യപരമായ മൂല്യങ്ങളെ നിഷ്‌കാസനം ചെയ്യുവാന്‍ ശ്രമിക്കുന്നതും അതിനെതിരെ ജനാധിപത്യപുരോഗമന പ്രസ്ഥാനങ്ങള്‍ ശബ്ദമുയര്‍ത്തുന്നതും നമുക്കറിയാം. ഉത്തരാധുനികതയുടെ ഭാഗമായി ഉയര്‍ന്നുവന്ന സാഹിത്യചിന്തകളോട് വ്യത്യസ്ത രീതിയിലാണ് മലയാളം പ്രതികരിച്ചത്. ബൃഹദാഖ്യാനങ്ങളുടെ തകര്‍ച്ച പ്രധാന ലക്ഷണമായി ഉത്തരാധുനിക ചിന്തകര്‍ മുന്നോട്ടു വച്ചു. സാഹിത്യത്തിലും ചെറിയ ആഖ്യാനങ്ങളെ ഉയര്‍ത്തിക്കാട്ടിയുള്ള നിരൂപണ രീതികള്‍ പ്രചാരത്തിലായി. എന്നാല്‍ പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളെയും സാഹിത്യ പ്രസ്ഥാനരൂപീകരണത്തെയും അതേപടി പിന്‍പറ്റുവാന്‍ സര്‍ഗാത്മകതയും സ്വാതന്ത്ര്യബോധവും മുറുകെ പിടിച്ച എഴുത്തുകാര്‍ തയാറായില്ല. കലാസാഹിത്യഘട്ട വിഭജനങ്ങള്‍ നമ്മുടെ സവിശേഷ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാവണം നടത്തേണ്ടതെന്നും പാശ്ചാത്യ സാഹിത്യകലാപ്രസ്ഥാനങ്ങള്‍ എല്ലാ സമൂഹങ്ങള്‍ക്കും ബാധകമാകണമെന്നില്ലാ എന്നുമുള്ള വീണ്ടുവിചാരത്തിന് ഇട നല്‍കിക്കൊണ്ട് ബൃഹദാഖ്യാനങ്ങള്‍ കവിതയിലും നോവലിലും തൊണ്ണൂറുകള്‍ക്കു ശേഷം ഉണ്ടായി. പുസ്തകങ്ങളിലേക്ക് വായനക്കാര്‍ തിരികെ എത്തിയെന്നതായിരുന്നു ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഫലം. മികച്ച നോവലുകളിലൂടെ എം. മുകുന്ദന്‍ മുതല്‍ കെ.ആര്‍. മീര വരെയുള്ള വ്യത്യസ്ത തലമുറയില്‍പ്പെട്ട എഴുത്തുകാരും ഒ.എന്‍.വിയും സച്ചിദാനന്ദനുമൊക്കെ കവിതയിലും ബൃഹദാഖ്യാനങ്ങള്‍ മുന്നോട്ടു വച്ചു. പുസ്തകങ്ങളുടെ മരണം പ്രവചിച്ചവരെ ഇളിഭ്യരാക്കിക്കൊണ്ട് പുസ്തകങ്ങള്‍ കൂടുതല്‍ വായനക്കാരെ ആകര്‍ഷിച്ചു. പാരമ്പര്യത്തിന്റെ ബഹുവിധമായ വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളലും കൊണ്ട് കലാസാഹിത്യരംഗം സജീവമായി. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കലാസാഹിത്യരംഗം മൗലികമായ പരീക്ഷണങ്ങളുടെയും അന്വേഷണങ്ങളുടെയും വേദിയായി. ഒരു വശത്ത് കമ്പോള സംസ്‌കാരം നമ്മുടെ ജീവിതത്തെ ഏക മുഖമായി നിര്‍മിക്കുവാനും നിര്‍വചിക്കുവാനും ശ്രമിക്കുകയും ഒപ്പം തന്നെ ബഹുസ്വരതയെ ഹനിക്കുവാനും യത്‌നിച്ചപ്പോഴാണ് പ്രതിരോധത്തിന്റെ ശബ്ദങ്ങള്‍ എഴുത്തുകാരും കലാകാരും തങ്ങളുടെ രചനകളിലൂടെ ഉയര്‍ത്തിയത്. ബഹുരാഷ്ട്ര ധനമുതലാളിത്തത്തിന്റെ ആധിപത്യമായി കമ്പോള സംസ്‌കാരം ലോകത്തെമ്പാടും അധിനിവേശം നടത്തിയപ്പോഴാണ് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ മതതീവ്രവാദവും ഹിന്ദുത്വഫാഷിസവും ശക്തിപ്രാപിച്ചത്. കോര്‍പ്പറേറ്റ് മുതലാളിത്തവും ഹിന്ദുത്വ ശക്തികളും യോജിപ്പിലെത്തുകയും അധികാരം കൈയടക്കുകയും ചെയ്തതിലൂടെ ബഹുസ്വരതയ്ക്കുമേല്‍ ഹിന്ദുയാഥാസ്ഥിതിക മൂല്യങ്ങളും നിയമങ്ങളും അടിച്ചേല്‍പ്പിക്കുകയും വസ്ത്രധാരണത്തിലും ഭക്ഷണശീലങ്ങളിലുംപോലും കൈകടത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. മറ്റു മതങ്ങളോടും വിശ്വാസങ്ങളോടും സംസ്‌കാരവൈവിധ്യങ്ങളോടുമുള്ള അസഹിഷ്ണുത അനുദിനം ശക്തിപ്രാപിക്കുകയും ജനാധിപത്യവാദികളായ ചിന്തകരും എഴുത്തുകാരും രക്തസാക്ഷികളായി മാറുകയും ചെയ്യുന്ന അവസ്ഥയിലാണ് പ്രതിരോധത്തിന്റെ കലയും സാഹിത്യവും ശക്തിപ്രാപിക്കുന്നത്.
അത്തരത്തിലുള്ള പ്രതിരോധത്തിന്റെ കവിതയാണ് പ്രഭാവര്‍മയുടെ ശ്യാമമാധവവും. ബൃഹദാഖ്യാനങ്ങളുടെ തകര്‍ച്ച ആഘോഷിച്ച ഉത്തരാധുനികതയുടെ അനുശാസനങ്ങളെ നിരാകരിക്കുന്ന ഒരു ബൃഹദാഖ്യാനമെന്ന നിലയില്‍ മാത്രമല്ല ശ്യാമമാധവം ശ്രദ്ധേയമാകുന്നത്; മറിച്ച് ഹിന്ദുത്വഫാഷിസത്തിന്റെ പ്രത്യയശാസ്ത്രത്തെ അതു പിളര്‍ക്കുക കൂടി ചെയ്യുന്നുവെന്നതിലാണ്. ഹിന്ദു സംസ്‌കാരത്തിന്റെ പ്രചാരണമെന്ന നിലയിലാണ് രാമനെയും കൃഷ്ണനെയും മുന്‍നിര്‍ത്തിയുള്ള വ്യവഹാരങ്ങള്‍ക്ക് ഹിന്ദുത്വവാദികള്‍ പ്രാധാന്യം നല്‍കിയത്. അതിഭൗതിക ശക്തിയുടെ പ്രതീകങ്ങളായ ഈ രണ്ടു പുരാണ കഥാപാത്രങ്ങളെയും ഉപയോഗിച്ചുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങളുടെയിടയില്‍ വര്‍ഗീയമായ ചേരിതിരിവ്് ഉണ്ടാക്കുവാന്‍ ഹിന്ദുത്വവാദികള്‍ യത്‌നിച്ചത്. അയോധ്യയിലെ രാമനെ മുന്‍നിര്‍ത്തി ബാബറി മസ്ജിദ് തകര്‍ത്തതും തുടര്‍ന്ന് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും മേല്‍ നടത്തിയ ആക്രമണ പരമ്പരകളും കൊലപാതകങ്ങളും ഹിന്ദുത്വഫാഷിസം ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെ തന്നെ തകര്‍ത്തെറിയുമെന്ന ഭീതിയാണ് ജനിപ്പിച്ചിരിക്കുന്നത്. രാമനെയും കൃഷ്ണനെയും കേവലം ആരാധന ബിംബങ്ങള്‍ എന്നതിനപ്പുറം ഹിന്ദുത്വത്തിന്റെ ശക്തിസ്തംഭങ്ങളായി പ്രതിഷ്ഠിക്കുന്ന വ്യവഹാരങ്ങളാണ് നമ്മുടെയിടയില്‍ ശക്തിപ്പെടുന്നത്. പുരാണങ്ങളെയും മിത്തുകളെയും അവലംബിച്ചുകൊണ്ട് അശാസ്ത്രീയവും അയുക്തികവും ആയ രീതിയിലാണ് ഹിന്ദുത്വഫാഷിസ്റ്റുകള്‍ തങ്ങളുടെ ജീര്‍ണമൂല്യങ്ങളെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
ശ്യാമമാധവം ഇറങ്ങിയപ്പോള്‍ തന്നെ അതിന് അനുകൂലവും പ്രതികൂലവുമായ വിമര്‍ശനങ്ങള്‍ ഏറെയുണ്ടായി. പ്രതികൂല വിമര്‍ശനങ്ങള്‍ ഏറെയും സാഹിത്യകൃതി എന്ന നിലയില്‍ ശ്യാമമാധവത്തെ അഭിസംബോധന ചെയ്തുകൊണ്ടല്ല ഉണ്ടായത്. ഹിന്ദുത്വവാദികള്‍ ഈ കൃതിയെ അഭിസംബോധന ചെയ്യുന്നതിനു പകരം ശ്രീകൃഷ്ണനെക്കുറിച്ചുള്ള അതിഭൗതികവും ദൈവികവും ആയ കാഴ്ച്ചപ്പാടുകള്‍ നിരാകരിക്കുന്ന ശ്യാമമാധവകാരന്റെ നിലപാടുകളെയാണ് വിമര്‍ശിച്ചത്. സംഘപരിവാര്‍ പ്രസിദ്ധീകരണമായ കേസരി വാരികയില്‍ ശ്യാമമാധവത്തിലെ കൃഷ്ണസങ്കല്‍പ്പത്തെ വിമര്‍ശിച്ചുകൊണ്ട് പല ലേഖനങ്ങളും പ്രത്യക്ഷപ്പെടുകയുണ്ടായി. അവയിലൊന്നും തന്നെ സാഹിത്യകൃതിയെന്ന നിലയില്‍ ശ്യാമമാധവം വിമര്‍ശന വിധേയമാക്കപ്പെടുന്നില്ല. മറിച്ച് ശ്രീകൃഷ്ണനെക്കുറിച്ച് സംഘപരിവാര്‍ പുലര്‍ത്തുന്ന ദൈവികമായ ധാരണകളെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ചിലര്‍ ആകട്ടെ പ്രഭാവര്‍മ പുലര്‍ത്തുന്ന രാഷ്ട്രീയ ധാരണകളെ ആക്രമിക്കുവാനും ഇടതുപക്ഷവീക്ഷണത്തെ തള്ളിക്കളയുന്നതിനുമാണ് ശ്രമിച്ചത്. ഇതൊന്നും തന്നെ ശ്യാമമാധവം എന്ന കൃതിയുടെ ഉള്ളടക്കത്തെയോ രൂപത്തെയോ വിമര്‍ശനവിധേയമാക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സാഹിത്യകൃതിയെന്ന നിലയില്‍ ശ്യാമമാധവത്തെ അഭിസംബോധന ചെയ്യുകയോ ആ കൃതിയുടെ വായനാ പരിസരത്തെ വിലയിരുത്തുകയോ ചെയ്യാതെ നടത്തുന്ന പുലഭ്യം പറച്ചിലുകള്‍ മാത്രമായി കേസരി ലേഖനങ്ങള്‍ അധപ്പതിച്ചു. അതുകൊണ്ടുതന്നെ അവയെ അവഗണിക്കുക മാത്രമാണ് കരണീയം.
ഇനി തീവ്രഇടതുപക്ഷ രാഷ്ട്രീയം ഉള്ളില്‍ സൂക്ഷിക്കുന്ന ചില വിമര്‍ശകര്‍ ഈ പുസ്തകം വായിക്കുവാനോ പഠിക്കുവാനോ കൂട്ടാക്കാതെ തന്നെ ശ്യാമമാധവത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പ്രധാനമായും ഇക്കൂട്ടരെ ഭരിച്ചതും ഒരു തരം മുന്‍വിധിയാണ്. പ്രഭാവര്‍മ ജനിച്ചത് സവര്‍ണ ഹിന്ദുസമുദായത്തിലാണ് എന്നതിനാലും അയാള്‍ വൃത്തത്തില്‍ കവിതയെഴുതി വരുന്നു എന്നതിനാലും അയാളുടെ കൃതി പിന്തിരിപ്പനായിരിക്കും എന്ന മുന്‍ വിധിയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്. മാത്രമല്ല പ്രഭാവര്‍മ ഒരു മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് എന്ന വസ്തുതയും ഇക്കൂട്ടരുടെ അനിഷ്ടത്തിന് കാരണമാകുന്നു. ഹിന്ദുത്വഫാഷിസ്റ്റുകളും ഇടതുതീവ്രവാദികളും ശ്യാമമാധവത്തെ സ്വീകരിക്കാത്തതിനു പറയുന്ന കാരണം പുറമെ വ്യത്യസ്തമെന്നു തോന്നാമെങ്കിലും അടിത്തട്ടില്‍ ഇരുവിഭാഗങ്ങളും വ്യതിരിക്ത വീക്ഷണങ്ങളോടും ഭാവുകത്വത്തോടും പുലര്‍ത്തുന്ന അസഹിഷ്ണുതയും സങ്കുചിത മനോഭാവവും ഒരേ തരത്തിലുള്ളതാണെന്നു കാണുവാന്‍ കഴിയും. പുസ്തകം വായിക്കാതെ, കലാസൃഷ്ടി കാണാതെ, എതിര്‍ക്കുന്ന ആളുകളോട് സഹതപിക്കാന്‍ മാത്രമേ നമുക്കു കഴിയൂ.
ശ്യാമമാധവം പ്രസിദ്ധീകരിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ഈ കൃതിയെക്കുറിച്ച് ആഴമേറിയ പഠനങ്ങളും ആസ്വാദനങ്ങളും പുറത്തു വന്നു. മലയാള സാഹിത്യ നിരൂപണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ തലമുറകളില്‍പ്പെട്ടവരും വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുന്നവരുമായ നിരൂപകരുടെ വിമര്‍ശന പഠനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. നമ്മുടെ ജനാധിപത്യവ്യവസ്ഥ വലിയ ഭീഷണിയെ നേരിടുന്ന ചരിത്രസന്ദര്‍ഭത്തിലും നമ്മുടെ സാംസ്‌കാരിക രംഗം അസഹിഷ്ണുതയുടെ ശബ്ദഘോഷങ്ങളാല്‍ ഇളകി മറിയുന്ന ഘട്ടത്തിലുമാണ് ശ്യാമമാധവത്തെ മുന്‍ നിര്‍ത്തിയുള്ള പഠനങ്ങളും ആസ്വാദനങ്ങളും ഉണ്ടാകുന്നത്. ഇതിനു കാരണം പുതിയ ഭാവുകത്വത്തോടും ജനാധിപത്യമൂല്യങ്ങളോടും എഴുത്തുകാരും വായനക്കാരും പുലര്‍ത്തുന്ന പ്രതിബദ്ധതയാണ്. കുറഞ്ഞ കാലയളവില്‍ ഇത്രയേറെ പഠനങ്ങള്‍ ഈ കൃതിക്കുണ്ടായത് ഹിന്ദുത്വഫാഷിസത്തിന്റെയും മതതീവ്രവാദത്തിന്റെയും വര്‍ധിച്ചു വരുന്ന ഭീഷണിയെക്കുറിച്ചുള്ള എഴുത്തുകാരുടെ ഉല്‍ക്കണ്ഠ മൂലമാണ്. ഭാരത സംസ്‌കാരത്തിന്റെ പേരില്‍ നമ്മുടെ പുരാണേതിഹാസങ്ങളെ അവര്‍ ഹിംസയും അസഹിഷ്ണുതയും വളര്‍ത്തുന്നതിനും അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിലുള്ള പ്രതിഷേധവും ഈ പഠനങ്ങള്‍ പങ്കിടുന്നുണ്ട്. ഒപ്പംതന്നെ ഭാരതീയ പാരമ്പര്യം ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്നതുപോലെ സങ്കുചിതവും ഏകമുഖവും അല്ലായെന്നും മറിച്ച് വൈവിധ്യത്തിന്റെയും വൈചിത്ര്യത്തിന്റയും സഹിഷ്ണുതയുടെയും സഹനത്തിന്റെയും അഹിംസയുടെയും തലങ്ങളാണ് നമ്മുടെ പാരമ്പര്യം വെളിപ്പെടുത്തുന്നത് എന്ന കാര്യവും വിളിച്ചറിയിക്കുവാനുള്ള ആഗ്രഹത്തില്‍ നിന്നുകൂടിയാണ്. ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ട പഠനങ്ങള്‍ ശ്യാമമാധവത്തോടുള്ള സമീപനത്തിലും വിശകലന രീതിയിലും വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ തന്നെ സൂക്ഷ്മമായ ജനാധിപത്യബോധവും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളോടും വീക്ഷണങ്ങളോടും പുലര്‍ത്തുന്ന സഹിഷ്ണുതാമനോഭാവവും പൊതുവില്‍ പങ്കിടുന്നു. ശ്യാമമാധവത്തെ കുറിച്ച് ഇതിനകം പുറത്തു വന്ന പഠനങ്ങളിലൂടെയും ആസ്വാദനങ്ങളിലൂടെയും ഒന്നുകണ്ണോടിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ശ്യാമമാധവം എന്ന കൃതിയുടെ അവിഭാജ്യ ഘടകം അതിന്റെ സംഗീതാത്മകതയാണെന്ന് തലമുതിര്‍ന്ന നിരൂപകനായ പ്രൊഫ. എം.കെ.സാനു കരുതുന്നു. സംഗീതമാകണം കവിത എന്ന ഫ്രഞ്ചു സിംബലിസ്റ്റുകളുടെ നിലപാട് ഓര്‍മിച്ചുകൊണ്ടാണ് സാനുമാഷ് ശ്യാമമാധവത്തെ സമീപിക്കുന്നത്. ശ്യാമമാധവത്തിലെ പതിനഞ്ചു ഖണ്ഡങ്ങളും ചേര്‍ന്ന് നാദശില്‍പ്പങ്ങളുടെ ഒരു സമുച്ചയമായി മാറുന്നു എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. കാവ്യാസ്വാദനത്തിന്റെ അടിസ്ഥാനമൊരുക്കുന്നത് ഒരു കൃതിയുടെ വായനാക്ഷമതയാണ്. ആവര്‍ത്തിച്ചു വായിക്കുവാനുള്ള പ്രേരണ ചെലുത്താന്‍ ഒരു കൃതിക്കു കഴിയുന്നത് ഓരോ വായനയിലും പുതിയ അര്‍ഥാനുഭവങ്ങള്‍ സമ്മാനിക്കുവാന്‍ കഴിയുന്ന ഘടനാപരമായ സവിശേഷത മൂലമാണ്. ഓരോ വായനയിലും വായനക്കാരന്/വായനക്കാരിക്ക് പുതിയ ഭാവതലങ്ങള്‍ വെളിപ്പെടുന്നതായി അനുഭവപ്പെടണം. കാവ്യത്തിന്റെ മേന്മ നിര്‍ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമാണിതെന്ന് സാനു മാഷ് ഉറപ്പിച്ചു പറയുന്നു. ക്ലാസിക്കല്‍ പ്രൗഢിയുള്ള രൂപശില്‍പ്പം ഗാംഭീര്യമാര്‍ന്ന ഏതു പ്രമേയവും ആവിഷ്‌കരിക്കുന്നതിന് അനിവാര്യമാണെന്ന് ശ്യാമമാധവത്തെ മുന്‍നിര്‍ത്തി സാനുമാഷ് സമര്‍ഥിക്കുന്നു.
ക്ലാസിക്കല്‍ നിലപാടിനെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിക്കുന്ന നിരൂപണപ്രതിഭയാണ് ഡോ. എം.ലീലാവതി. അപാരേ കാവ്യ സംസ്സാരേ കവിരേവ പ്രജാപതി എന്ന ചൊല്ലിന് ഇന്നും പ്രസക്തിയുണ്ടെന്ന് ലീലാവതി ടീച്ചര്‍ കരുതുന്നു. ശ്യാമമാധവത്തെ കുറിച്ചുള്ള തന്റെ ദീര്‍ഘമായ പഠനം ടീച്ചര്‍ ക്രമപ്പെടുത്തുന്നത് ആധുനിക ശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് കണികോര്‍ജതന്ത്രത്തിലെ നിഗമനങ്ങളെ ആശ്രയിച്ചുകൊണ്ടാണ്. നിരീക്ഷണത്തിലേര്‍പ്പെടുന്ന മനസ്സാണ് നിരീക്ഷ്യത്തിന്റെ നിജസ്ഥിതി നിര്‍ണയിക്കുന്നതെന്ന നിഗമനം പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഹൈസന്‍ബര്‍ഗാണ് മുന്നോട്ടു വച്ചത്. ശ്യാമമാധവം രചിച്ച കവിയെയും അയാളുടെ രചനയുടെ സാംഗത്യത്തെയും മനസ്സിലാക്കുന്നതിന് ഈ ശാസ്ത്രീയ തത്വത്തെ ലീലാവതി ടീച്ചര്‍ അവലംബമാക്കുന്നു.
മഹാഭാരതത്തിനെ ഉപജീവിച്ച് നിരവധി സാഹിത്യ കൃതികളും കലാസൃഷ്ടികളും ഉണ്ടായിട്ടുണ്ട്. അതിലെ പല കഥാപാത്രങ്ങള്‍ക്കും പുതിയ കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് ഈ കൃതികള്‍ പുനര്‍ വ്യാഖ്യാനം നല്‍കി പുതിയ പാഠങ്ങള്‍ നിര്‍മിക്കുന്നു. എന്നാല്‍ ശ്രീകൃഷ്ണന്റെ സങ്കീര്‍ണവ്യക്തിത്വത്തെ തൊട്ടുനോക്കുവാന്‍ അധികമാരും ധൈര്യപ്പെട്ടിട്ടില്ല. പ്രഭാവര്‍മ തന്റെ കൃതിയിലൂടെ ശ്രീകൃഷ്ണനെന്ന സങ്കീര്‍ണ വ്യക്തിത്വത്തെയാണ് പുതിയ കാലത്തില്‍ നിന്നുകൊണ്ട് അവതരിപ്പിക്കുന്നത്. ദൈവികതയില്‍ നിന്നും മനുഷ്യത്വത്തിലേക്ക് മാറ്റി നിര്‍ത്തിയാണ് പ്രഭാവര്‍മ പുതിയ വ്യാഖ്യാനം നിര്‍മിക്കുന്നത്. ലീലാവതി ടീച്ചര്‍ യുക്തി വിചാരത്തിലൂടെ കാവ്യകാരന്റെ വ്യാഖ്യാനത്തെ വിശദീകരിക്കുകയും അതിന്റെ വര്‍ത്തമാനകാല പ്രസക്തി കണ്ടെത്തുകയും ചെയ്യുന്നു.
പരിത്രാണായ സാധുനാം
വിനാശായ ച ദുഷ്‌കൃതാം
ധര്‍മ സംസ്ഥാപനാര്‍ഥായ
സംഭവാമി യുഗേ യുഗേ
ഏറ്റവും അധികം ഉദ്ധരിക്കപ്പെടുന്ന ഒരു ശ്ലോകമാണിത്, ധര്‍മ സംസ്ഥാപനത്തിനായി പിറവികൊണ്ട ഒരു മനുഷ്യന്റെ കൃത്യങ്ങള്‍ ഏതുതരം ധര്‍മമാണ് സ്ഥാപിച്ചെടുത്തത് എന്ന ചോദ്യം ഉന്നയിക്കുവാന്‍ ശ്യാമമാധവം എന്ന കൃതി നമ്മെ നിര്‍ബന്ധിക്കുന്നു. യുദ്ധങ്ങള്‍ മുഖേന സ്ഥാപിക്കപ്പെടുന്ന ധര്‍മം പൊള്ളയും അര്‍ഥശൂന്യവും ആണെന്ന തിരിച്ചറിവാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. സര്‍വനാശത്തിലൂടെ ഇനിയെന്തു ധര്‍മമാണ് സ്ഥാപിക്കാനുള്ളത്? അധികാരത്തിന്റെ അര്‍ഥശൂന്യതയാണ് ഈ കൃതി വെളിപ്പെടുത്തുന്നത് എന്നാണ്. കെ.പി. ശങ്കരന്‍ നിരൂപിക്കുന്നത്. മഹാഭാരതയുദ്ധത്തിലൂടെ നേടിയ അധികാരത്തിന്റെ രത്‌നകിരീടം കൃഷ്ണന്റെ കാല്‍ക്കല്‍ ഉപേക്ഷിച്ച് ധര്‍മപുത്രര്‍ കാട്ടില്‍ അഭയം തേടുന്നത് ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ശങ്കരന്‍ മാഷ് ശ്യാമമാധവത്തിന്റെ സൗന്ദര്യപരമായ സവിശേഷതകള്‍ തന്റെ പഠനത്തില്‍ എടുത്തു കാട്ടുന്നു. രാധാകൃഷ്ണപ്രണയത്തിന്റെ ആഖ്യാനമായ ഒന്‍പതും പത്തും സര്‍ഗങ്ങളുടെ ആവിഷ്‌കാരഭംഗി അദ്ദേഹം വിശദമാക്കുന്നു. ‘അകമേ പൂത്തു നിന്നവള്‍’ എന്ന പ്രയോഗത്തിന്റെ ചമല്‍ക്കാരഭംഗി ഒന്നു വേറെതന്നെയാണ് എന്നാണ് ശങ്കരന്‍ മാഷ് അഭിപ്രായപ്പെടുന്നത്.
മലയാളത്തിലെ മുതിര്‍ന്ന നിരൂപകനായ എം. തോമസ് മാത്യു അഭിപ്രായപ്പെടുന്നത് പറഞ്ഞു നിര്‍ത്തിയിടത്ത് കവിത അവസാനിക്കുന്നില്ല എന്നാണ്. വാസ്തവത്തില്‍ എഴുതി നിര്‍ത്തിയ ഇടത്തു നിന്നാണ് യഥാര്‍ഥ കവിത ആരംഭിക്കുന്നത്. കവിതയുടെ സത്താപരമായ നിര്‍വചനമായി മാറുന്ന പഠനമാണ് എം. തോമസ് മാത്യുവിന്റേത്. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ്മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ ലേഖനം ശ്രദ്ധേയമാകുന്നത് ആത്മീയ ശുശ്രൂഷയില്‍ മുഴുകി ജീവിക്കുന്ന ഒരു പുരോഹിതന് ശ്യാമമാധവം നല്‍കുന്ന വായനാനുഭവം ആവിഷ്‌കരിക്കുന്നതിനാലാണ്. ശ്രീകൃഷ്ണനെന്ന ദൈവത്തെ ഈ കൃതിക്ക് വെളിയില്‍ പ്രകാശിച്ചു നില്‍ക്കുന്ന ശക്തി വിശേഷമായി കാണുന്നതാണ് ഉചിതമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ആഴമേറിയ ദര്‍ശനങ്ങളാണ് വായനക്കാര്‍ക്ക് ശ്യാമമാധവം നല്‍കുന്നതെന്ന് മെത്രാപ്പോലീത്ത പ്രഖ്യാപിക്കുന്നു.
ശ്രീകൃഷ്ണന്റെ ദര്‍ശനങ്ങള്‍ എടുത്തു കാട്ടുവാനാണ് സംസ്‌കൃത പണ്ഡിതനും നിരൂപകനുമായ എന്‍.വി.പി ഉണിത്തിരി ശ്രമിക്കുന്നത്. കാവ്യത്തിനെ ഉചിതമായി വ്യാഖ്യാനിച്ചു വിശദീകരിക്കുന്ന പഠനമാണ് അദ്ദേഹത്തിന്റെത്. ശ്യാമമാധവത്തിലെ അനുഗീത എന്ന അധ്യായത്തിന്റെ പ്രാധാന്യം വ്യാസഭാരതത്തോട് ചേര്‍ത്തുവച്ച് വിശദീകരിക്കുകയാണ് എന്‍. രാധാകൃഷ്ണന്‍ നായര്‍. മനുഷ്യരാശിയുടെ ചരിത്രത്തിലെ മഹായുദ്ധങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍ അത്യന്തികമായി എന്തു ധര്‍മമാണ് നിര്‍വഹിച്ചത് എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. കൃഷ്ണനും രാധയും തമ്മിലും കൃഷ്ണനും ദ്രൗപദിയും തമ്മിലുമുള്ള പ്രണയത്തിന്റെ സവിശേഷതകളും ഈ പഠനത്തില്‍ വിശദമാക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത് തിരക്കുപിടിച്ച ഒരു രാഷ്ട്രീയ നേതാവിനെപ്പോലും പിടിച്ചിരുത്തുന്ന തരത്തില്‍ ശക്തമാണ് ഈ കാവ്യം എന്ന വസ്തുത വെളിപ്പെടുത്തുന്നതിനാലാണ്. ജനകോടികളുടെ ആരാധ്യപുരുഷനായ ശ്രീകൃഷ്ണന്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ കുഴങ്ങുന്നത് മനുഷ്യജീവിതത്തിലെ ധര്‍മാധര്‍മങ്ങളുടെ സങ്കീര്‍ണതകൊണ്ടാണെന്ന് രമേശ് ചെന്നിത്തല പറയുന്നു. ശ്യാമമാധവത്തിന് കറുത്ത വസന്തം അര്‍ഥം പറഞ്ഞുകൊണ്ടാണ് എം.ആര്‍. ചന്ദ്രശേഖരന്‍ ഈ കൃതിയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നത്. ആര്‍ഷസംസ്‌കാരത്തിന്റെ ഇരുണ്ട വശങ്ങളെ ഈ കൃതി വെളിപ്പെടുത്തുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. വരള്‍ച്ചയുടെ കാലത്ത് പെയ്യുന്ന ഒരു മഴയുടെ അനുഭവമാണ് ഈ കൃതി സമ്മാനിക്കുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ ശ്രീ.എം.പി.വീരേന്ദ്രകുമാര്‍ മഹാഭാരതത്തെ അധികരിച്ച് മലയാളത്തിലും ഇതരഭാഷകളിലും ഉണ്ടായിട്ടുള്ള കൃതികളെ മുന്‍നിര്‍ത്തിയാണ് ശ്യാമമാധവത്തിന്റെ പ്രസക്തി അന്വേഷിക്കുന്നത്. ഈ കൃതിയിലെ കാവ്യകല്‍പ്പനകളുടെ ഉദാത്ത സ്വഭാവം അദ്ദേഹം എടുത്തുകാണിക്കുന്നുണ്ട്. കൃഷ്ണകഥയുടെ പുനരാഖ്യാനത്തിനു പിന്നിലുള്ള താല്‍പ്പര്യമെന്ത് എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ഡോ.എം.ആര്‍. രാഘവ വാരിയര്‍ തന്റെ വായന ആരംഭിക്കുന്നത്. മനുഷ്യജീവിത വ്യവഹാരങ്ങളോടുള്ള ആളുകളുടെ താല്‍പ്പര്യം തന്നെയാണ് ഇത്തരം പുനരാഖ്യാനങ്ങളുടെ പിന്നിലുള്ള പ്രേരകശക്തി എന്നാണ് അദ്ദേഹം കണ്ടെത്തുന്ന ഉത്തരം. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുടെ ചിത്രീകരണമായാണ് ഡോ.കെ.എച്ച്. സുബ്രഹ്മണ്യന്‍ ശ്യാമമാധവത്തെ കാണുന്നത്. ഇടതുപക്ഷ നിലപാടു പുലര്‍ത്തുന്ന എസ്.രാജശേഖരനാകട്ടെ ഭാരതീയ സംസ്‌കാരത്തിന്റെ ശ്യാമ വായനയായാണ് ഈ കൃതിയെ വിലയിരുത്തുന്നത്. മലയാള കവിത ഇതുവരെ ആര്‍ജിച്ച ഈണങ്ങളും വൃത്തങ്ങളും യഥാസ്ഥാനം വിന്യസിച്ച ഈ കൃതി എഴുത്തുകാരന്‍ നടത്തുന്ന പ്രതിസംസ്‌കാര പാരായണത്തെ വായനക്കാരുടെ മനസ്സില്‍ ശക്തമായി പതിയുവാന്‍ കാരണമാകുന്നതായി രാജശേഖരന്‍ കണ്ടെത്തുന്നു. കേരളീയ നവോത്ഥാനത്തില്‍ മൂല്യങ്ങളുടെ ഉല്‍പ്പാദനം നടത്തുന്നതില്‍ നമ്മുടെ നവോത്ഥാന നായകര്‍ പുരാണങ്ങളെയും ഇതിഹാസകഥകളെയും പ്രമേയമാക്കിയാണ് സമകാലിക സമൂഹത്തില്‍ ഇടപെട്ടത് എന്നും അവരുടെ പാത പിന്‍തുടര്‍ന്ന് പ്രഭാവര്‍മ നമ്മുടെ സംസ്‌കാരത്തില്‍ നടത്തുന്ന ഇടപെടലാണ് ശ്യാമമാധവം എന്നാണ് ആലംകോട് ലീലാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നത്. ആരാധകരും വിശ്വാസികളും സഹസ്രാബ്ദങ്ങള്‍ കൊണ്ടാടിയിട്ടും തിരിച്ചറിയപ്പെടാതെ പോയ ഏകാകിയായ കൃഷ്ണന്റെ ആത്മവിലാപങ്ങളുടെയും ആത്മനിരാസങ്ങളുടെയും വായനയായി ലീലാകൃഷ്ണന്‍ ശ്യാമമാധവത്തെ അടയാളപ്പെടുത്തുന്നു. മനുഷ്യപക്ഷത്തു നിന്നുകൊണ്ട് ദൈവപക്ഷങ്ങളെ വിമര്‍ശിച്ചും പുനരാഖ്യാനം ചെയ്തും കടന്നുവന്ന നവോത്ഥാനകാലത്തിന്റെ പാതയിലൂടെയാണ് പ്രഭാവര്‍മ മുന്നോട്ടു പോകുന്നതെന്ന് മാര്‍ക്‌സിസ്റ്റ് നിരൂപകനായ പി. സോമന്‍ പറയുന്നു. ധര്‍മത്തിന്റെ വക്താക്കളായി ചിത്രീകരിക്കപ്പെടുന്ന പാണ്ഡവരുടെ അധര്‍മ കൃത്യങ്ങളെയാണ് ഈ കൃതി വിചാരണ ചെയ്യുന്നതെന്നും ധര്‍മത്തെ സംബന്ധിച്ച വ്യവസ്ഥാപിത ഹിന്ദുത്വ ധാരണകളെ ഈ കൃതി തകിടം മറിക്കുന്നുവെന്നും സോമന്‍ ചൂണ്ടിക്കാട്ടുന്നു.
മൃദുഹിന്ദുത്വ നിലപാടുകളില്‍ നിന്ന് തീവ്ര ഹിന്ദുത്വ നിലപാടുകളിലേക്ക് ഹിന്ദുത്വ ഫാഷിസം മുന്നേറിയത് ഭഗവദ്ഗീതയെ സംബന്ധിച്ച വ്യവസ്ഥാപിതവും ബ്രാഹ്മണിക്കലുമായ വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടാണ്. ചാതുര്‍വര്‍ണ്യത്തെ ന്യായീകരിച്ചുകൊണ്ട് ശ്രേണിബദ്ധമായ ജാതി വ്യവസ്ഥയും ബ്രാഹ്മണ മേധാവിത്തവും നിലനിര്‍ത്തുന്നതിനുകൂടിയാണ് സംഘപരിവാര്‍ സംഘടനകള്‍ ഭഗവദ്ഗീതയെ കാലങ്ങളായി ഉപയോഗിച്ചു പോന്നത്. ശ്രീകൃഷ്ണന്റെ ഗീതോപദേശത്തെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാനുള്ള ഉപാധിയായാണ് ഇത്രകാലവും അവര്‍ വീക്ഷിച്ചത്. അതുകൊണ്ടുതന്നെ യുദ്ധത്തിന്റെയും ഹിംസയുടെയും ന്യായീകരണമായി അവര്‍ ഗീതയെ വായിച്ചെടുക്കുന്നു. ഭാരതത്തില്‍ അവര്‍ നേതൃത്വം കൊടുത്ത വര്‍ഗീയ കലാപങ്ങളെയും ന്യൂനപക്ഷ, ദലിത് വേട്ടയെയും കൊലപാതകങ്ങളെയും ന്യായീകരിക്കുന്നതിനും അവര്‍ ഭഗവദ്ഗീതയെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ശ്രീരാമനെ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയതുപോലെ ശ്രീകൃഷ്ണനെയും ഉപയോഗിക്കുവാനും അവര്‍ സന്നാഹങ്ങളൊരുക്കുന്ന സന്ദര്‍ഭത്തിലാണ് പ്രഭാവര്‍മയുടെ ശ്യാമമാധവം പുറത്തുവരുന്നത്. ശ്രീകൃഷ്ണനെ മനുഷ്യവല്‍ക്കരിക്കുന്ന സാഹിത്യപ്രക്രിയയിലൂടെ ഹിന്ദുത്വ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രാടിത്തറയെ ഈ കൃതി തകിടം മറിക്കുന്നതെങ്ങനെയെന്ന അന്വേഷണമാണ് ഈ ലേഖകന്റെ ‘ശ്യാമമാധവത്തിന്റെ പ്രതിരോധ തലങ്ങള്‍’എന്ന പഠനം. ഫാഷിസത്തെ പ്രതിരോധിച്ചുകൊണ്ട് സൂക്ഷ്മ ജനാധിപത്യത്തിന്റെ രാഷ്ട്രീയ സൗന്ദര്യമാണ് ഈ കൃതി നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍ പ്രക്ഷേപിക്കുന്നത്. ഫാഷിസത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യ ധ്വംസനത്തെയും എതിര്‍ക്കുന്ന ജനാധിപത്യവായനയായി ശ്യാമമാധവം മാറുന്നു. സംസ്‌കാരത്തില്‍ ഇടപെടുന്ന ഒരു കൃതിയായി ശ്യാമമാധവം മാറുന്നുവെന്നതുകൊണ്ടാണ് വൈവിധ്യമാര്‍ന്ന വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളും ഈ കൃതിക്കുണ്ടാകുന്നത്. അതുകൊണ്ടാണ് ഡോ. എം.ജി.ബാബുജിയുടെ ഭ്രമാത്മകതയുടെ സര്‍ഗസംവാദമെന്ന നിലയിലുള്ള ശ്യാമമാധവത്തിന്റെ വായനയും കൃഷ്ണസത്തയുടെ മാനുഷിക പാഠമെന്ന നിലയിലുള്ള ഡോ. എ.എം. ശ്രീധരന്റെ വായനയും ആസ്വാദ്യകരമായിത്തീരുന്നത്. കൃഷ്ണായനത്തിലെ ശ്യാമദുഃഖമായി വായിക്കുന്ന ഡോ. പള്ളിപ്പുറം മുരളിയുടെയും മാനവഗീതമായി വായിക്കുന്ന ഡോ. എം. കൃഷ്ണന്‍ നമ്പൂതിരിയുടെയും കൃഷ്ണസങ്കല്‍പ്പത്തിന്റെ അപനിര്‍മാണമായി വായിക്കുന്ന ആനന്ദ് കാവാലത്തിന്റെയും രീതികള്‍ വായനയിലെ ജനാധിപത്യത്തിനാണ് അടിവരയിടുന്നത്. യുവകവിയും നിരൂപകനുമായ ടി.കെ. സന്തോഷ്‌കുമാറിന്റെ പഠനം ശ്യാമമാധവം എന്ന പരികല്‍പ്പന എങ്ങനെ അര്‍ഥസാന്ദ്രമാകുന്നുവെന്നു വിശദീകരിക്കുന്നു. വാച്യത്തിനപ്പുറമുള്ള വ്യംഗ്യം കണ്ടെത്തെലായി അതു മാറുന്നതെങ്ങനെ എന്നും സന്തോഷ്‌കുമാര്‍ പരിശോധിക്കുന്നു.
ശ്രീകൃഷ്ണന്റെ ജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ പഠനങ്ങളും ശ്യാമമാധവത്തെക്കുറിച്ച് ഉണ്ടായി എന്നത് ഈ കൃതിയുടെ ക്ലാസിക് സ്വഭാവത്തെ സൂചിപ്പിക്കുന്നു. ആണ്‍കോയ്മയുടെ മൂല്യങ്ങള്‍ പ്രണയത്തിലും സൗഹൃദത്തിലും ഏതെല്ലാം തരത്തിലാണ് പ്രതിഫലിക്കുന്നതെന്ന് ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൃഷ്ണന്റെ ജീവിതത്തില്‍ പങ്കുകൊണ്ട സ്ത്രീകളോടും അദ്ദേഹത്തിന് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്നാണ്് കൃഷ്ണവിചാരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്നത്. വി.എസ്. ബിന്ദു, ജാനമ്മ കുഞ്ഞുണ്ണി, എം. മഞ്ജു, ബിന്ദു.ഡി, ഷര്‍മിയ നുറുദീന്‍, ഡോ. ജെ. വിജയമ്മ എന്നിവരുടെ പഠനങ്ങള്‍ ഇത്തരം അന്വേഷണത്തിന്റെ ഫലങ്ങളാണ്. കൃഷ്ണചരിതത്തെ പുനരവലോകത്തിനു വിധേയമാക്കുന്ന ശ്യാമമാധവത്തിന്റെ സൗന്ദര്യ വിവക്ഷകള്‍ വ്യക്തമാക്കുന്നതാണ് ഡോ. പി.എസ്. ശ്രീകലയുടെ പഠനം. ഭാരതീയവും കേരളീയവും ആയ കാവ്യസങ്കല്‍പ്പങ്ങളെ വീണ്ടെടുത്തുകൊണ്ട് പാരമ്പര്യത്തിന്റെ തുടര്‍ച്ചയെ വിപുലീകരിക്കുന്ന ഖണ്ഡകാവ്യമെന്ന നിലയില്‍ ഈ കൃതി സാഹിത്യ ചരിത്രത്തില്‍ സവിശേഷസ്ഥാനം നേടുന്നതായി ഡോ. ബെറ്റി മോള്‍ മാത്യു കരുതുന്നു. സമകാല മലയാള കവിതയെ പരിമിതപ്പെടുത്തുന്ന പ്രവണതകളെ നിരാകരിച്ചുകൊണ്ട് ബൃഹദാഖ്യാനവും വൃത്തവും ആശയപ്രൗഢിയും ഈ കൃതിയിലൂടെ നമ്മുടെ സാഹിത്യത്തിലേക്ക് തിരികെയെത്തുന്നുവെന്നതാണ് ഈ കൃതിയുടെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നത്.
എം. ചന്ദ്രപ്രകാശ്, മുതുകുളം മോഹന്‍ദാസ്, കൃഷ്ണന്‍ നടുവലത്ത്, ഡി. വിജയമോഹന്‍, നന്ത്യത്ത് ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ കൂടാളി തുടങ്ങിയവരുടെ വിമര്‍ശന പഠനങ്ങളും വ്യത്യസ്തമായ പരിപ്രേക്ഷ്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. ചെറുകഥാകൃത്തായ എം. ചന്ദ്രപ്രകാശ് പ്രണയത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്ന സാഹിത്യ കൃതികളോട് ചേര്‍ത്തു വച്ചാണ് ശ്യാമമാധവം വായിക്കുന്നത്. രാധാകൃഷ്ണപ്രണയത്തെ അവതരിപ്പിക്കുന്നതില്‍ ശ്യാമമാധവത്തിന്റെ മൗലികവും വ്യതിരിക്തവുമായ സമീപനത്തെയാണ് അദ്ദേഹം വിശദീകരിക്കുന്നത്. മുതുകുളംമോഹന്‍ ദാസ് ആകട്ടെ ശ്യാമമാധവം എന്ന കൃതിയുടെ സൗന്ദര്യപരമായ മേന്മയെ അംഗീകരിക്കുമ്പോള്‍ തന്നെ പ്രഭാവര്‍മയുടെ ചരിത്രദര്‍ശനത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഗോത്രബന്ധത്തെ ആധാരമാക്കി രൂപപ്പെട്ട സാമൂഹിക വ്യവസ്ഥയെ വര്‍ണബന്ധത്തെ അടിസ്ഥാനമാക്കി പുനസ്സംഘടിപ്പിക്കുന്ന ദൗത്യമാണ് ശ്രീകൃഷ്ണന്‍ നിറവേറ്റിയതെന്നും അതുകൊണ്ടു തന്നെ കൃഷ്ണന്റെ പ്രവൃത്തികള്‍ പുരോഗമനപരമായിരുന്നു എന്നാണ് മാര്‍ക്‌സിയന്‍ ചരിത്രദര്‍ശനത്തെ ആധാരമാക്കി അദ്ദേഹം വാദിക്കുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ യാഥാര്‍ഥ്യമാക്കുന്നതിനും പ്രബലീകരിക്കുന്നതിനുമാണ് കൃഷ്ണന്‍ വഞ്ചനയും ചതിയുമൊക്കെ പ്രയോഗിച്ചതെന്നും മോഹന്‍ദാസ് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രക്തബന്ധത്തെ അടിസ്ഥാനമാക്കിയുള്ള കുലഗ്രോത്ര ധര്‍മത്തെക്കാളും മെച്ചപ്പെട്ടതാണ് ചാതുര്‍വര്‍ണ്യവ്യവസ്ഥ. ശ്യാമമാധവ പഠനങ്ങളുടെ രചയിതാക്കളില്‍ കൂടുതല്‍ പേരും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരും മാര്‍ക്‌സിസ്റ്റ് വിമര്‍ശകരും, മതേതര ജനാധിപത്യവാദികളുമാണ്. അവരില്‍ നിന്നുമൊക്കെ വ്യത്യസ്തനാണ് ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍. ഹിന്ദുത്വ രാഷ്ട്രീയത്തെ അംഗീകരിക്കുകയും അതു പരസ്യമായി പ്രസ്താവിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതനും വിമര്‍ശകനുമാണ് അദ്ദേഹം. ശ്യാമമാധവം എന്ന കൃതിയെ അദ്ദേഹം സമീപിക്കുന്നതുതന്നെ വേറിട്ട രീതിയിലാണ്. പക്ഷേ, ഈ കൃതിയുടെ ഉള്ളടക്കപരമായ സവിശേഷതകള്‍ തന്റെ രാഷ്ട്രീയ നിലപാടിന് അനുയോജ്യമല്ലാത്തതുകൊണ്ടാവാം അദ്ദേഹം ശ്യാമമാധവത്തിന്റെ ഘടനാപരമായ പ്രത്യേകതകള്‍ പ്രത്യേകിച്ചും വൃത്തങ്ങളുടെ ഉപയോഗത്തെയാണ് തന്റെ പഠനത്തിന് വിധേയമാക്കുന്നത്. ഈ കൃതിയില്‍ ശാര്‍ദൂല വിക്രീഡിതം, സ്രഗ്ധര, വസന്ത തിലകം, കുസുമ മഞ്ജരി, തുടങ്ങിയ സംസ്‌കൃത വൃത്തങ്ങളും അനുഷ്ഠുപ്പും ദണ്ഡകങ്ങളും ദ്രാവിഡ വൃത്തങ്ങളിലെ പ്രധാനിയായ കാകളിയും പ്രഭാവര്‍മ ഉപയോഗിച്ചിട്ടുണ്ട്. താളഗതി, അക്ഷര വിന്യാസം, മാത്രാസംഖ്യ എന്നീ കാര്യങ്ങളില്‍ ചിട്ടയും കണക്കും സൂക്ഷിക്കുന്നതാണ് സംസ്‌കൃത വൃത്തങ്ങള്‍. കണിശമായി തന്നെ അതുപാലിക്കപ്പെടണമെന്നാണ് പണ്ഡിതരുടെ അനുശാസനം. അനുഷ്ഠുപ്പിലാകട്ടെ കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ദണ്ഡകങ്ങളും കവിക്ക് രചനാസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഉണ്ണായി വാര്യരെപ്പോലുള്ളവര്‍ ആട്ടക്കഥകളില്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ ദണ്ഡകമെന്ന കാവ്യസങ്കേതം ഇക്കാലത്തും ഫലപ്രദമായി ഉപയോഗിക്കാമെന്ന് ശ്യാമമാധവം തെളിയിക്കുന്നു. ഘടനാപരമായ കാര്‍ക്കശ്യം പുലര്‍ത്തുന്ന സംസ്‌കൃതവൃത്തങ്ങളെ ഔചിത്യപൂര്‍വം തന്നെ പ്രഭാവര്‍മ ഉപയോഗിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ശ്യാമമാധവകാരന്‍ വൃത്തത്തിന്റെ ഘടന അതേപടി നിലനിര്‍ത്തുന്നില്ലായെന്ന് നന്ത്യത്ത് ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നുരണ്ടിടങ്ങളിലാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ, അദ്ദേഹം തന്നെ പറയുന്നത് വൃത്തഘടന അതേപടി നിലനിര്‍ത്താന്‍ പ്രഭാവര്‍മ തുനിയാത്തതുകൊണ്ട് ഇവിടെ അര്‍ഥാനുഭവത്തിന് പ്രാമുഖ്യം കൈവരുന്നുവെന്നാണ്. ഒരു പക്ഷേ കവിയുടെ അബോധത്തിന്റെ തന്നെ നിര്‍ബന്ധം മൂലമായിരിക്കാം ഇതു സംഭവിക്കുന്നത്. വൃത്തഘടനയ്ക്കു വേണ്ടി അര്‍ഥാനുഭവത്തെ അപ്രധാനമാക്കുന്നത് കവിതയ്ക്ക് ഹാനികരമാണ്. അതുകൊണ്ടുതന്നെ ഒന്നു രണ്ടിടങ്ങളില്‍ പ്രഭാവര്‍മ വൃത്തഘടനയെ മാറ്റിപ്പണിയുന്നത് കൃതിയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. വൃത്തബോധമുള്ള കവിക്കുമാത്രമേ വൃത്ത ലംഘനം ഫലപ്രദമായി നടത്തുവാന്‍ കഴിയൂ. വൃത്തലംഘനം നടത്തേണ്ടത് വൃത്തശിക്ഷണത്തില്‍ നിന്നാവണം മറിച്ച്് അജ്ഞതയില്‍ നിന്നാവരുത് എന്ന സച്ചിദാനന്ദനെപ്പോലുള്ള ഒരു കവിക്ക് പുതിയ കവികളെ ഓര്‍മിപ്പിക്കേണ്ടി വരുന്നത് കവിതയെഴുത്തിനെ എളുപ്പവിദ്യയായി കാണുന്ന പ്രവണത വര്‍ധിച്ചു വരുന്നതിലുള്ള പ്രതിഷേധം കൊണ്ടു കൂടിയായിരിക്കാം. പാരമ്പര്യത്തെ പൂര്‍ണമായും നിരാകരിക്കാതെ തന്നെ അതിനെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളെ നേരിടുകയാണ് ഒരര്‍ഥത്തില്‍ പ്രഭാവര്‍മ ചെയ്യുന്നത്. ഭാരതീയ കാവ്യ പാരമ്പര്യത്തെയും ദര്‍ശനത്തെയും തങ്ങളുടെ ഹിംസാത്മകവും വിഭാഗീയവും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്നതിനാണ് ഹിന്ദുത്വവാദികള്‍ ഉപയോഗിക്കുന്നതെങ്കില്‍ പ്രഭാവര്‍മ അതേ പാരമ്പര്യത്തെ സര്‍ഗാത്മകവും ജനാധിപത്യപരവുമായ കാവ്യദര്‍ശനവും സൗന്ദര്യവും സൃഷ്ടിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ഹിന്ദുത്വഫാഷിസത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടുന്ന കലാവസ്തുവിനെയാണ് ശ്യാമമാധവത്തിലൂടെ പ്രഭാവര്‍മ രൂപപ്പെടുത്തിയിരിക്കുന്നത്. ഏണസ്റ്റ് ഫിഷര്‍ പ്രത്യയ ശാസ്ത്രത്തിനെതിരെ നിലകൊള്ളുന്ന കല (അൃ േമഴമശിേെ കറലീഹീഴ്യ) യില്‍ ചൂണ്ടിക്കാണിക്കുന്നത് മൗലികതയുള്ള കല പ്രത്യയശാസ്ത്രം കാഴ്ചവട്ടത്തുനിന്നു മറയ്ക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് ഉള്‍ക്കാഴ്ച്ച നല്‍കുന്നുവെന്നാണ്. പ്രത്യയശാസ്ത്രപരമായ മിഥ്യയില്‍ നിന്നും നമ്മെ മോചിപ്പിക്കുകയാണ് കല ചെയ്യുന്നതെന്ന് ഫ്രഞ്ചു നിരൂപകനായ പിയറി മഷ്‌റെ (ജശലൃൃ്യ ങമരവലൃൃ്യ)യും പറയുന്നു. ഹിന്ദുത്വഫാഷിസത്തിന്റെ പ്രത്യയശാസ്ത്രമിഥ്യകളെ ഫലപ്രദമായി തുറന്നുകാട്ടുവാന്‍ കഴിയുന്നു എന്നതുകൊണ്ടാണ് ശ്യാമമാധവത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ശ്രീകൃഷ്ണന്റെ ജീവിതത്തെ മുന്‍നിര്‍ത്തി പ്രഭാവര്‍മ മനുഷ്യജീവിതത്തിന്റെ ലയാത്മകമായ സമഗ്രതയെ പിടിച്ചെടുക്കുകയും പുനര്‍സൃഷ്ടിക്കുകയും ചെയ്യുന്നു. സമാന്യവും സവിശേഷവും സാമൂഹികവും വ്യക്തിപരവും ഒക്കെത്തന്നെ രണ്ടായി വേര്‍പ്പെടുത്തപ്പെടുന്ന നമ്മുടെ സമൂഹത്തില്‍ അവയെ വൈരുധ്യാത്മകമായി സമന്വയിപ്പിക്കുന്നതിലൂടെ ജീവിതത്തെ സംബന്ധിച്ച സമഗ്രവും ജനാധിപത്യപരവുമായ ദര്‍ശനാനുഭൂതിയും ശ്യാമമാധവം സമ്മാനിക്കുന്നു.
(വിജ്ഞാനകൈരളി എഡിറ്ററും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസറുമാണ് സി. അശോകന്‍)