ജില്ലാകേന്ദ്രം: കോട്ടയം
ജനസംഖ്യ: 1,953,646
സ്ത്രീപുരു. അനുപാതം: 1025/1000
സാക്ഷരത: 95.82%
മുനിസ്‌സിപ്പാലിറ്റികള്‍: കോട്ടയം, പാല, വൈക്കം, ചങ്ങനാശേ്ശരി
താലൂക്കുകള്‍: ചങ്ങനാശേ്ശരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം
ബേ്‌ളാക്കുകള്‍: ഈരാട്ടുപേട്ട, ഏറ്റുമാനൂര്‍, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ലാലം, മടപ്പള്ളി, പള്ളം, പാമ്പാടി, ഉഴവൂര്‍, വൈക്കം, വാഴൂര്‍.
മെയിന്റോഡ്: കെ.കെ. റോഡ്, എം.സി. റോഡ്.
ഭൂമിശാസ്ത്രം: മദ്ധ്യകേരളത്തിന്റെ അല്പം തെക്കുമാറിയുള്ള ജില്ല. വടക്ക് എറണാകുളം ജില്ലയും കിഴക്ക് ഇടുക്കി ജില്ലയും തെക്ക് ആലപ്പുഴപത്തനംതിട്ട ജില്ലകളും അതിരിട്ടു നില്‍ക്കുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തി വേമ്പനാട്ടുകായലാണ്. കോട്ടയം ജില്ലയില്‍ ആകെ ചതുരശ്രകി.മീ. 2208. ഉയര്‍ന്നഭൂമി, ഇടനാട്, താഴ്ന്നയിടം എന്നിങ്ങനെയുണ്ടെങ്കിലും കൂടുതല്‍ ഇടനാടാണ്. തീരപ്രദേശം ഇല്ലാത്ത ജില്ല.

ചരിത്രം
കോട്ട+അകം= കോട്ടയം. ഇപ്പോഴത്തെ കോട്ടയം ടൗണായ താഴത്തങ്ങാടി ആസ്ഥാനമായി മുഞ്ഞനാട്, തെക്കുംകൂര്‍ രാജവംശങ്ങള്‍ ഭരിച്ചിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ ആക്രമിക്കുകയും കൊട്ടാരവും തളിയില്‍ കോട്ടയും തകര്‍ക്കുകയും ചെയ്തു. കോട്ടയുടെയും കൊട്ടാരത്തിന്റെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. 1949 ജൂലായിലാണ് കോട്ടയം ജില്ല രൂപീകൃതമായത്.

പ്രത്യേകതകള്‍
അക്ഷരനഗരി
പൂഞ്ഞാര്‍ രാജവംശത്തിന്റെ കേന്ദ്രം
ഇന്ത്യയില്‍ രണ്ടാമത്തെ സാക്ഷരതാ നിരക്കുള്ള ജില്ല.
ഇന്ത്യയില്‍ 100 ശതമാനം സാക്ഷരത കൈവരിച്ച ആദ്യ ടൗണ്‍ കോട്ടയം.
കേരളത്തിലെ ആദ്യ കോളേജായ സി.എം.എസ് കോട്ടയത്താണ്.
ഏറ്റവും പഴക്കമുള്ള മലയാളം ദിനപത്രം ‘ദീപിക’ കോട്ടയത്തുനിന്ന്.
കുമരകം കായല്‍ റിസോര്‍ട്ടുകള്‍.
ഭരണങ്ങാനം പള്ളി.
മുന്‍ രാഷ്ട്രപതി പരേതനായ ഡോ.കെ.ആര്‍. നാരായണന്റെ ജന്മദേശം ഉഴവൂര്‍.
അരുന്ധതിറോയിയുടെ ‘ഗോഡ് ഒഫ് സ്‌മോള്‍ തിങ്ങ്‌സ്’ എന്ന നോവലിന്റെ പശ്ചാത്തലം മീനച്ചിലാറിന്റെ തീരം.
കേരളത്തിന്റെ ഏറ്റവും വലിയ കായലായ വേമ്പനാടിന്റെ കിഴക്കന്‍ ഭാഗം കോട്ടയത്താണ്.

ശ്രദ്ധേയമായ സ്ഥലങ്ങളും സംഭവങ്ങളും

വേമ്പനാട് കായല്‍. പാതിരാമണല്‍ദ്വീപ്. കുമരകം പക്ഷിസങ്കേതം. ഇലവീഴാപൂഞ്ചിറ.
പൂഞ്ഞാര്‍കൊട്ടാരം. വൈക്കം മഹാദേവക്ഷേത്രം. വാഴപ്പള്ളി മഹാദേവക്ഷേത്രം. എരുമേലി ശാസ്താംക്ഷേത്രം. കോയിക്കല്‍ കൊട്ടാരം. കുമാരനല്ലൂര്‍ ദേവീക്ഷേത്രം. പനച്ചിക്കാട് സരസ്വതിക്ഷേത്രം. തളിയില്‍ മഹാദേവക്ഷേത്രം.
താഴത്തങ്ങാടി മുസ്‌ളീംപള്ളി.

വള്ളംകളികള്‍
ആഗസ്റ്റ്‌സെപ്തംബര്‍ മാസങ്ങളില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്‌സരം കോട്ടയത്തെ നദികളിലും കായലുകളിലും നടത്തുന്നു. കുമരകം വള്ളംകളിയാണ് പ്രധാനം. കവണാര്‍, കൊട്ടത്തോട് എന്നിവിടങ്ങളിലുമാണ് ഇതുനടക്കുന്നത്.

സി.എം.എസ്. കോളേജ്
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഉന്നതപഠനകേന്ദ്രമായ സി.എം.എസ്. കോളേജ് 1815 ലാണ് സ്ഥാപിച്ചത്. കോട്ടയം കുമരകം റോഡില്‍ ടൗണില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയാണ് കോളേജ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ പണിത ഗ്രേറ്റ് ഹാള്‍, ഗ്രാമര്‍സ്‌കൂള്‍ ഹാള്‍, പ്രിന്‍സിപ്പലിന്റെ വസതി എന്നിവ ശ്രദ്ധേയം.
തിരുനക്കര മൈതാനം
കോട്ടയം ടൗണിന്റെ മദ്ധ്യത്തിലുള്ള മൈതാനം. പടിഞ്ഞാറ് എം.സി. റോഡും ടി.ബി.റോഡ് കിഴക്കുമാണ്. 1880 ല്‍ ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ചേര്‍ത്തല റവന്യൂ ഡിവിഷന്റെ ആസ്ഥാനം പേഷ്‌കാര്‍ ടി. രാമറാവു കോട്ടയത്തേക്ക് മാറ്റി. ആധുനിക കോട്ടയത്തിന്റെ ശില്പി രാമറാവുവാണ്. അദ്ദേഹം സ്ഥാപിച്ച പൊലീസ് പരേഡ് ഗ്രൗണ്ടാണ് ഇന്നത്തെ തിരുനക്കര മൈതാനം.

മാന്നാനം സെന്റ് ജോസഫ് മൊണാസ്റ്ററി
1833 ല്‍ കേരളത്തില്‍ ആദ്യം സ്ഥാപിച്ച സെമിനാരിയാണ് മാന്നാനം സെന്റ്‌ജോസഫ് സെമിനാരി. കേരളത്തിലെ ആദ്യത്തെ കാത്തലിക് പ്രിന്റിംഗ് പ്രസും കാത്തലിക് സംസ്‌കൃത സ്‌കൂളും 1846 ല്‍ സ്ഥാപിതമായി. 1874 ല്‍ കേരളത്തിലെ ആദ്യത്തെ കാത്തലിക് ഇംഗ്‌ളീഷ്‌സ്‌കൂളും നിര്‍മ്മിച്ചു. മലയാളത്തിലെ ആദ്യദിനപത്രം നസ്രാണി ദ്വീപിക (1887)  സ്ഥാപിച്ചു. 1903 ല്‍ സ്ഥാപിച്ച കര്‍മ്മലകുസുമം എന്ന കാത്തലിക് മാസിക ഇന്നും പുറത്തിറക്കുന്നു. മാന്നാനത്താണ് ഇതെല്ലാം.

സെന്റ്‌മേരീസ് ഫെറോന ചര്‍ച്ച്
വിശുദ്ധ അല്‍ഫോണ്‍സാമ്മയെ അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. ഇന്ന് ഇതൊരു പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണ്.

ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് സെന്റര്‍
മിഷനറി സൊസൈറ്റി ഒഫ് ലണ്ടന്‍ 1820 ല്‍ സ്ഥാപിച്ച സ്‌കൂള്‍. ഇന്ത്യയില്‍ വനിതാ വിദ്യാഭ്യാസം തുടങ്ങുന്നത്  ഇവിടെനിന്നാണ്. റവ.ഹെന്റി ബേക്കറുടെ വീടാണ് ആദ്യസ്‌കൂള്‍. 1865 ല്‍ ഇപ്പോഴത്തെ സ്ഥലത്തേക്ക് സ്‌കൂള്‍ കെട്ടിടം മാറ്റി.