കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സാംസ്‌ക്കാരികപ്രവര്‍ത്തകരുടെയും സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം. 1936ല്‍ രൂപം കൊണ്ട അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെയും 1937ല്‍ കേരളത്തിലുണ്ടായ ജീവത്സാഹിത്യസമിതിയുടെയും പിന്നീടുണ്ടായ ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും പിന്‍ഗാമിയാണ് ഇത്. കല ജീവിതത്തിനുവേണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തി രൂപഭദ്രതാവാദത്തിന്റെ ആരംഭകാലത്ത്  വന്നതാണ് ആദ്യസംഘടന. മഹാകവി വൈലോപ്പിള്ളിയുടെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് 1981 ആഗസ്റ്റ് 14 ന് എറണാകുളം ടൗണ്‍ഹാളിലാണ് പുരോഗമന കലാ സാഹിത്യസംഘം രൂപംകൊള്ളുന്നത്. ഇടതുപക്ഷത്തോട് അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടനയാണെന്നു പറയാമെങ്കിലും ഇടതുപക്ഷക്കാരല്ലാത്തവരും പ്രവര്‍ത്തിച്ചിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തന രേഖ 1992 ല്‍ പെരുമ്പാവൂര്‍ സംസ്ഥാനസമ്മേളനത്തില്‍ ഇ.എം.എസ്, പി.ഗോവിന്ദപ്പിള്ള, എം.എന്‍. വിജയന്‍ എന്നിവര്‍ പരിഷ്‌കരിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളും എഴുത്തുകാരും എന്നാണ് പ്രവര്‍ത്തനരേഖയുടെ പേര്. സാഹിത്യസംഘത്തിന് ഒരു ഓണ്‍ലൈന്‍ മാസികയുമുണ്ട്.
    മുമ്പ് പുരോഗമനസാഹിത്യസംഘ കാലത്ത് ജോസഫ് മുണ്ടശ്ശേരിയെപോലുള്ളവര്‍ പ്രസ്ഥാനവുമായി സഹകരിച്ചിരുന്നു. സാഹിത്യവും സാഹിത്യകാരന്മാരും സമൂഹപുരോഗതി ലക്ഷ്യം വച്ചാണ് സാഹിത്യരചന നടത്തേണ്ടത് എന്ന് ഈ പ്രസ്ഥാനം വിശ്വസിക്കുന്നു. എല്ലാ സാഹിത്യ സൃഷ്ടിക്കും, അത് സോദ്ദേശ്യമായാലും അല്ലെങ്കിലും, ഒരു രാഷ്ട്രീയമുണ്ടെന്ന് സംഘടന പറയുന്നു. എഴുത്തുകാര്‍ സാധാരണക്കാരന്റെ പക്ഷത്തു നിന്ന് സാഹിത്യരചന നടത്തണമെന്നും, അല്ലാത്തവ സാമൂഹത്തിലെ എതിര്‍ചേരിയെയാവും സഹായിക്കുക എന്നുമാണ് ഇവരുടെ വാദം.
പു.ക.സ.യുടെ അദ്ധ്യക്ഷന്മാരായിരുന്നവര്‍ പലരും പാര്‍ട്ടിക്കാരല്ലായിരുന്നു. വൈലോപ്പിള്ളി ശ്രീധരമേനോന്‍ (1981-1984), എം.കെ. സാനു (1984-1990), എം.എന്‍. വിജയന്‍ (1990-2000), എന്‍.വി.പി. ഉണ്ണിത്തിരി (2000-2002), കടമ്മനിട്ട രാമകൃഷ്ണന്‍ (2002-2007), യു.എ. ഖാദര്‍ (2008-2013 ), വൈശാഖന്‍ (2013 ) എന്നിവര്‍.