69

എന്നുരച്ചാനന്ദാശ്രുധാരയാൽ വീണ്ടും പരി-
ക്‌ളിന്നനാം തപസ്വിയെ, ത്തൻ പാണി രണ്ടും പൊക്കി
പ്രീതിപൂണ്ടനുഗ്രഹി,ച്ചെത്തിനാൻ സ്വധാമത്തിൽ
വ്യാധൻതൻ വിയോഗാർത്തി തീർത്തിടാൻ നൃകേസരി.
ദേവൻതൻ രൂപാമൃതം പിന്നെയും രണ്ടക്ഷിയും
ദേവൻതൻ വാക്യാമൃതം ശ്രോത്രവും പാനം ചെയ്കേ,
ആപ്താപ്യൻ, ജ്ഞാതജ്ഞേയ, നമ്മഹാൻ നിന്നാൻ, വിശ്വ-
ഗോപ്താവിൻ തിരോധാനം ലേശവും ധരിക്കാതെ
ആഹ്വാനം ചെയ്താൽ വരാമെന്നോതി ദേവൻ; ചുറ്റു
മാഹ്വാനശ്രമംവിട്ടു ദേവനെക്കണ്ടാൻ ഭക്തൻ.

ആ നവ്യപ്രഹ്ലാദന്നു ലോകത്തിൽപ്പിന്നീടെല്ലാ

മാനന്ദ മത്യാനന്ദ, മാദ്യന്തം ബ്രഹ്മാനന്ദം.

70

ധന്യനായ്,ക്കൃത്യാകൃത്യവേത്താവാ, യദ്ദിക്കിൽനി-
ന്നന്യനായ്സനന്ദനൻ തൻനാട്ടിൽത്തിരിച്ചെത്തി,
കാശിയിൽ ശ്രീശങ്കരസ്വാമിതന്നന്തേവാസ-
മാചരിച്ചദ്വൈതികൾക്കഗ്രഗണ്യനായ്ത്തീർന്നാൻ;
ഛത്മമറ്റാചാര്യനിൽ ഭക്തിഭാക്കായിപ്പിന്നെ
പ്പത്മപാദാഭിഖ്യയാൽപ്പാരെങ്ങും പ്രകാശിച്ചാൻ;
ശോഭനൻ തൻദേശികൻ മൂലമായ് നൃപഞ്ചാസ്യ
താപനീയശ്രുത്യന്തഭാഷ്യത്തെ നിവർത്തിച്ചാൻ;
ശിക്ഷകന്നായ് തൻപ്രാണനമ്മൂർത്തിപ്രസാദത്താൽ
ദക്ഷിണീകരിച്ചു തന്നാനൃണ്യമാപാദിച്ചാൻ;
ജന്മാന്തകാലത്തിങ്കൽദ്ദിവ്യനായ്, സ്സാക്ഷാൽകൃത
ബ്രഹ്മാവായ്, സ്സച്ചിദ്രൂപസായൂജ്യം സമ്പ്രാപിച്ചാൻ.