രചന: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (1933)

1

ദിശങ്കരാചാര്യസ്വാമിക്കു പിൻകാലത്തി-
ലാദിശിഷ്യനായ്ത്തീർന്നോരാശ്ചര്യവിദ്യാധനൻ,
ഭക്തിയാൽ പ്രസന്നയായ്പ്പാദത്തിൽ ഗങ്ഗാദേവി
പൊൽത്തണ്ടാർച്ചെരിപ്പിട്ട പുണ്യവാൻ സനന്ദനൻ,
ശ്രീശുകബ്രഹ്മർഷിപണ്ടേഴുനാൾപ്പരീക്ഷിത്തിൻ
പ്രാശനം നിവർത്തിച്ച പഞ്ചാരപ്പാൽപ്പായസം-
ആ മഹാപുരാണംതൻ-ശ്രോത്രത്താൽ നുകർന്നുപോൽ
കോമളക്കുട്ടിക്കളിപ്രായത്തിൽക്കുറേദ്ദിനം;
അത്യന്തം സമാകൃഷ്ടനായിപോലതിൽപ്പെടും
സപ്തമസ്കന്ധത്തിലേ പ്രഹ്ലാദ്യോപാഖ്യാനത്താൽ
താരുണ്യോദയത്തിങ്കൽത്തൻമൂലമാശിച്ചുപോൽ
നാരസിംഹാകാരത്തിൽ ശാർങ്ഗിയെദ്ദർശിക്കുവാൻ.

2

ആരുതാൻ പ്രബുദ്ധനായ്ത്തീരാത്തോൻ ജഗത്തിങ്കൽ

ഭാരതപ്രാതസ്സന്ധ്യാഭാനുമാൻ പ്രഹ്ലാദനാൽ?

ഭക്തിയാം കാശിന്നായിബ്ഭുക്തയാം മദ്യം വില്ക്കും
വർത്തകൻ ജഗൽപിതാവെന്നോർപ്പാൻ ലജ്ജിച്ചവൻ;
ആർത്തിപൂണ്ടൊറ്റപ്രാണി ലോകത്തിൽ ശ്വസിപ്പോളം
പേർത്തും താൻ മോക്ഷേച്ഛുവല്ലെന്നോതാൻ മുതിർന്നവൻ;
അച്ഛനും മുത്തച്ഛനും സഞ്ചരിച്ചതാം മാർഗ്ഗ-
മച്ഛമല്ലെന്നാൽ വിടാൻ മാമൂലാൽ മടിക്കാത്തോൻ;
ഭീതിയാം പിശാചിക്കു തീണ്ടുവാൻ സാധിക്കാത്തോൻ;
ചോദനയ്ക്കന്തര്യാമി മാത്രമായ്ജ്ജീവിച്ചവൻ;
ശ്രേഷ്ഠനാമബ്ബാലനെബ്ഭാരതീയരാം നമ്മൾ
ജ്യേഷ്ഠനെന്നോർമ്മിച്ചാവൂ ശ്രേയസ്സിന്നാശിക്കുകിൽ.

3

ചാലവേ സനന്ദനൻ തന്മനോരഥം നേടാൻ
ചോളദേശാന്തഃസ്ഥമാമാരണ്യമൊന്നിൽപ്പുക്കാൻ.
ചീരവാസസ്സായ്, ജടാധാരിയായ്, വെയ്‌ലും മഞ്ഞും
മാരിയും സഹിച്ചു, മെയ് പർണ്ണാംബുക്കളാൽപ്പോറ്റി,
ഏറെനാൾ തപസ്സുചെയ്തക്കാട്ടിൽ വാണാൻ വിപ്രൻ
തീരെത്തന്നാശാവല്ലി മൊട്ടിടാൻ തുടങ്ങാതേ.
ഏങ്ങകം പാകപ്പെടാൻ നാൾ നീങ്ങേണ്ടൊരബ്ഭവ്യ-

നെങ്ങജത്രിനേത്രർക്കും മൃഗ്യനാം വിശ്വംഭരൻ?

പാലാഴി ചാരത്തെങ്ങുമ, ല്ലതിൻ നടുക്കെത്താൻ
മേലാർക്കും യഥേച്ഛ, മൊട്ടെത്തിടാമെന്നാൽപ്പോലും
ആയിരം ഫണം വിരിച്ചാടിറ്റും പാമ്പിൽത്തങ്ങും
മായിതൻ പള്ളിക്കുറുപ്പാർക്കുതാൻ ഭഞ്ജിക്കാവൂ?

4

കാമക്രോധാവിഷ്ടനല്ലപ്പുമാൻ, യമാദിയാം
സാമഗ്രി സമ്പാദിച്ചോൻ, സല്ലക്ഷ്യൻ, സൽപ്രസ്ഥാനൻ;
എങ്കിലും വിദ്യാമദം വായ്ക്കകൊണ്ടവന്നല്പം
പങ്കിലും ഹൃൽകന്നരം, മാത്സര്യമോഹഗ്രസ്തം
ഓർത്തുപോമസ്സാധു: “എൻ സ്വാമിക്കിശ്രമം വേണ്ടാ-
ദ്ദൈത്യൻതൻ സദസ്സിൽ ഞാനന്നൊരാളിരിക്കുകിൽ
കേവലം ശിശുപ്രായൻ പ്രഹ്ലാദന്നാകുന്നതോ
ദേവൻതൻ പാരമ്യത്തെ വാദത്താൽ സ്ഥാപിക്കുവാൻ?
ആകട്ടെ, ഞാനിച്ചര്യയ്ക്കപ്പുറം നാട്ടിൽച്ചെന്നു
ലോകത്തിൽ തമസ്തോമം ധ്വംസിക്കാമെൻ സൂക്തിയാൽ”
നോക്കുന്നുണ്ടധോക്ഷജൻ നൂഅമജ്ജല്പാകനെ-
പ്പാൽക്കടൽത്തിരക്കോൾ തൻ പുഞ്ചിരിച്ചാർത്താലേറ്റി

5

ഓർക്കുമദ്വിജൻ വീണ്ടും. “അന്നൃസിംഹമെൻ മുന്നിൽ
വായ്ക്കിൽ ഞാൻ വാങ്ങും വാദിവാരണദ്ധ്വംസം വരം;
സ്വച്ഛന്ദം പിന്നെച്ചെന്നെൻ മേധതൻ ബലത്തിനാൽ
ദിഗ്ജയം ചെയ്യും; വിദ്വച്ചക്രവർത്തിയായ്ത്തീരും;
വാരൊളിപ്പുത്തൻപുകൾപ്പട്ടിനാൽപ്പുതപ്പിക്കും

പാരിടപ്പൂമേനിയെൻ വൈഖരീഗങ്ഗാത്സരി,

ധന്യൻ ഞാനനന്തരം നവ്യയൗവനം മെത്തു-
മെൻ യശഃകായം കാണുമെന്നെന്നും സ്വർഗ്ഗസ്ഥനായ്.”
ആദിവൈദ്യനെത്തേടിപ്പോകയാണക്കീർത്ത്യർത്ഥി-
യാത്മഹത്യയ്ക്കുള്ളോരു പാരദം വാങ്ങിക്കുവാൻ!
കാണുന്നുണ്ടക്കാഴ്ചയും കാർവർണ്ണൻ മഹാമായ
നാണിക്കുംമട്ടിൽത്തെല്ലു ചില്ലിക്കോൺചുളിപ്പേന്തി!!