66

എന്തിനായിങ്ങങ്ങെന്നെത്തേടി നീ, സദാ ഞാൻ നിൻ
സ്വന്തമാം ശരീരാഖ്യാക്ഷത്രത്തിൽ സ്ഫുരിക്കവേ?
എന്തിനായ്ക്കൊടുങ്കാട്ടിൽ പോന്നു നീ, നിൻ സോദര്യ-
ബന്ധം താൻ നിർവാണത്തിൻ ബീജമെന്നോർമ്മിക്കാതെ?
എന്തിനായ്ച്ചടപ്പിച്ചു വിഗ്രഹം, നിന്നാത്മാവിൻ
ബന്ധുവാണതെന്നുള്ള തത്ത്വത്തെ ഗ്രഹിക്കാതെ?
എന്തിനായ് സ്ഫൂണാചാരം കൈക്കൊണ്ടു, നിന്നങ്ഗങ്ങൾ
സന്തതം ലോകോദ്ധൃതിക്കുള്ളതായ്ദ്ധരിക്കാതെ.
എന്തിനായ് “ഞാൻ ഞാൻ” എന്നു ഗർജ്ജിച്ചു കർത്താവു ഞാൻ
ഹന്ത! നീ നിമിത്ത, മെന്നുള്ളുകൊണ്ടുറയ്ക്കാതെ?
ഞാനൊരാൾക്കെന്ന്യേ പാർപ്പാനെൻഗേഹം പര്യാപ്തമോ?
ഞാനും ഹാ! നീയും കൂടിയങ്ങെത്താനധ്വാവുമുണ്ടോ?

67

പാർത്തിടാം നിനക്കിപ്പോൾ സ്പഷ്ടമായ്നിന്നുൾക്കണ്ണാൽ-
ച്ചാത്തനും നിനക്കുമുള്ളന്തരം വിസൃത്വരം.
നിൻപേരിന്നുപായമായെൻ വരം കാംക്ഷിച്ചു നീ;
നിൻപേരിൽ പ്രേമാർദ്രനായെൻ ചാത്തനെന്നെത്തേടി.
ആമയോദർക്കം ഭക്ഷ്യമല്പജ്ഞൻ നീയാശിച്ചു;
സാമരസ്യാന്നം വ്യാധൻ സന്തതം സൗഹിത്യദം.

നിർണ്ണയം പൂജിച്ചിടും പുഷ്പത്തിൻ പുറത്തുള്ള

വർണ്ണമ,ല്ലന്തഃസ്ഥമാം ഗന്ധമാണെനിക്കിഷ്ടം.
വേദശാസ്ത്രശ്മങ്ങൾതൻ പീഢനത്തിനാൽ മാത്ര-
മേതുമേ ഗളിപ്പതല്ലെൻ കൃപാസുധാബിന്ദു.
ഭക്തിയാൽ സമ്പ്രാപ്യൻ ഞാ,നാബ്രഹ്മമാചണ്ഡാലം;
ഭക്തിയോ പരാർത്ഥമാം ജീവിതം മദർപ്പിതം

68

പോയിടാം നിനക്കിനി സ്വസ്ഥനായ്; ജീവന്മുക്ത-
നായി നീ; ഭവാദൃശന്മാരാൽത്താൻ ലോകോദ്ധൃതി;
സിദ്ധനാണെന്നാലും നീ തേടണം നിൻമേന്മയ്ക്കൊ-
രദ്വൈതജ്ഞാനോപദേശാർഹനാമാചാര്യനെ.
ഉണ്ടൊരാളമ്മട്ടിൽ നിൻ ഭാഗ്യത്തല്ലിപ്പോൾജ്ജഗൽ-
ബന്ധുവായ്, സർവ്വജ്ഞനായ്, ത്യാഗിയായ്, മഹാത്മാവായ്;
കേരളം-കേരങ്ങൾതൻ കേദാരം-കേശാന്തത്തിൽ
ഭാരതോർവിയാൾ ചാർത്തും പൗഷ്പമാം പരിഷ്കാരം;
ആ നാട്ടിൻ സന്താനമാം ശങ്കരൻ മഹായോഗി
വാനാറ്റിൻതടത്തിങ്കൽ-കാശിയിൽ തപംചെയ്‌വൂ.
അങ്ങുപോയ്തച്ഛിഷ്യനായ് വർദ്ധിക്ക മേന്മേൽ; എന്നെ-
യെങ്ങു നീ വിളിച്ചാലുമുണ്ടു ഞാനുടൻ മുന്നിൽ.”