16

ഓതിനാൻ പിന്നെ, “ച്ചാത്ത! നിന്നെക്കൊണ്ടെൻ കാമിതം
ബോധിപ്പാൻപോലും മേല; സാധിക്ക പിന്നീടല്ലീ?
ഹാ! കിടപ്പവൻ ഞാനെൻ ലാക്കിൽനിന്നകന്നെങ്ങോ?
നീ കടന്നിടയ്ക്കിതിൽച്ചാടിയാലെന്തോഫലം?
കേവലം വനേചരൻ ബാലൻ നീ മൃഗപ്രായൻ;
ദ്യോവിനെപ്പൊക്കാനാമോ പാതാളം കുതിക്കുകിൽ?
അത്രമേൽത്താണുള്ളതാണാശയെന്നിരുന്നാൽ ഞാ-
നിത്തരം കൊടുത്തപം രാപ്പകൽ ചെയ്യേണമോ?
നീ നടന്നുപോ നിന്റെ കൈനില;യ്ക്കിക്കാര്യത്തിൽ
സ്ഥാനത്തെ സ്പർശിക്കുവോന്നല്ല നിൻ സദുദ്ദേശ്യം!
നന്മ ചെയ്തിടാമല്ലോ വേറെയും; പാവപ്പെട്ട
നിന്മച്ചിക്കൃപപ്പെണ്ണിന്നെൻകണ്ണീർ,ശുദ്ധാത്മാവേ!

17

തെറ്റിപ്പോയ് നിനക്കൂഹമെന്നു ഞാൻ കഥിപ്പീല;
മുറ്റുമെൻ മൃഗദ്രവ്യം ഭ്രാതാവേ! മൃഗംതന്നെ.
ഉണ്മയിൽച്ചൊല്‌വൂ കണ്ടോർ “കാൽമുതൽക്കഴുത്തോള-
മമ്മൃഗം നരാകാരമപ്പുറം സിംഹാകാരം.
ആദിതൊട്ടസ്സത്ത്വത്തെത്തേടുന്നുണ്ടിന്നും നാലു –
വേദാഖ്യകോലും വിശ്വകദ്രുക്കൾ വിനിദ്രങ്ങൾ.
ആ ന്രുസിംഹംതൻ സത്യം സുന്ദരം ശിവം സച്ചി-
ദാനന്ദം സനാതനം ശാന്തിദം സർവാന്തഃസ്ഥം.
പണ്ടെങ്ങാണ്ടൊരിക്കൽത്തൻ മുന്നിലമ്മൃഗത്തിനെ-
ക്കണ്ടാൽപോൽ പ്രഹ്ലാദനാം ബാലകൻ മഹാഭാഗൻ.

ഞാനും തൽസാക്ഷാൽകാരമാശിപ്പൂ;നിനക്കാമോ

ദീനനാമെനിക്കേകാനാവില,ങ്ങാവില്ലല്ലോ.”

18

ആ വാക്യം സാങ്ഗോപാങ്ഗമർത്ഥചിന്തനംചെയ്‌വാ-
നാവാത്തോനാണെന്നാലുമായുവാവല്പപ്രജ്ഞൻ
സേവ്യമാമതിൻസാരം സേവിച്ചാൻ ഹൃത്താലേതോ
പൂർവ്വജന്മോപാത്തമാം പുണ്യത്തിൻ ബലത്തിനാൽ.
കാൽമുതൽക്കഴുത്തോളം തന്നെപ്പോലൊരാൾ; ബാക്കി-
യാമുകൾഭാഗം മാത്രം കോളരിക്കൊപ്പംമൃഗം;
അമ്മട്ടിൽക്കാണാ,ക്കേൾക്കാ,സ്സത്വമൊന്നത്യാശ്ചാര്യ-
മുണ്മയാ, യൂക്കാ, യൂഴിക്കുന്നമാ, യുണർച്ചയായ്,
ഉണ്ടെന്ന തദ്വാക്യാംശം വീണു ചെന്നവന്നുള്ളിൽ
കൊണ്ടലിൽ തുപ്പൽത്തുള്ളി മുത്തുച്ചിപ്പിയിൽപ്പോലെ.
കോൾമയിർകൊണ്ടു മേനി നായാടി,ക്കമ്പിൻക്കൂട്ട-
മാമൃഗത്തിന്മേൽപ്പായാനായംപൂണ്ടെഴുംപോലെ.

19

മങ്ങലേറ്റോതീ വേടൻ “ഉണ്മയേ ചൊല്ലൂ നല്ലോർ;
എങ്ങെഴാമീയാളുടൽക്കോളരിത്തലജ്ജന്തു?
തൂമഞ്ഞാം പുതപ്പണിഞ്ഞുച്ചിയാൽ മാനം തൊടും
മാമലപ്പരപ്പൊന്നുണ്ടെങ്ങോ വടക്കറ്റം;
വൻപെഴും ചിങ്ങത്താൻമാർ വാഴ്വതങ്ങല്ലാതില്ലെ-
ന്നെൻപഴംകിടാത്തന്മാരോതി ഞാനറിഞ്ഞവൻ.
മാൺപുറ്റൊരിക്കാനത്തിൽത്തമ്പുരാൻതിരഞ്ഞീടു
മാൺപിള്ളശ്ശിങ്കം മറ്റൊന്നായിടാ, മടുത്താവാം –
എങ്ങുമേ വായ്പോന്നെന്നു മാത്രമല്ലങ്ങോതുന്നു
ണ്ടെൻകണക്കേതോ പൈതലെന്നാളോ കണ്ടോന്നെന്നും;
നൂനം ചെന്നാരായുവാൻ ഞാനുമാവിലങ്ങിനെ;
ക്കാണുവാൻ; പിടിക്കുവാൻ, കാഴ്ചയായ്‌വെച്ചേ നില്പൻ.

20

ഇത്തരം വേടക്കിടാവോതിടും വാക്കിനൊന്നു-
മുത്തരം കഥിച്ചീല വിസ്മയസ്തബ്ധൻ ദ്വിജൻ.
“ഹാ! ജഡർക്കെന്തൗദ്ധത്യം ഡിംഭർക്കെന്തർമ്മൗഗ്ദ്ധ്യം;
നീചർക്കെന്തഹങ്കാര”മെന്നവൻ നിരൂപിക്കേ
ആഞ്ഞോടി മുന്നേട്ടേക്കക്കൊച്ചനൊട്ടേറെദൂരം
പാഞ്ഞിടാൻ മനസ്സുമായ്പ്പന്തയം വെച്ചോൻപോലെ.
കൂട്ടരെക്കൂട്ടിത്തന്റെ നായ്കളൊത്തെങ്ങും ചെന്നു
കൂട്ടിനാൻ ഘോഷം; കീഴ്മേലാക്കിനാൻ കാടൊക്കെയും
ചേണിലന്നവൻ ചേർത്താൻ തീവ്രമാം പ്രയത്നത്താൽ
തൂണിയോടൊപ്പം ദരീശ്രേണിക്കും ശൂന്യത്വത്തെ.
കാണ്മതിലെങ്ങുംതന്നെ പിന്നെയും ദുരാപമാ-
മാമൃഗം-തന്നുൾത്തട്ടിൽ വാണിടും മായാമൃഗം.