വിശ്വാമിത്രനും മിഥിലാധിപന്‍താനും കൂടി
വിശ്വാസം ദശരഥന്‍ തനിക്കു വരുംവണ്ണം
നിശേ്ശഷ വൃത്താന്തങ്ങളെഴുതിയയച്ചിതു
വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും.
സാകേതപുരി പുക്കു ഭൂപാലന്‍തന്നെക്കണ്ടു
ലോകൈകാധിപന്‍കൈയില്‍ കൊടുത്തു പത്രമതും
സന്ദേശം കണ്‍റ്റു പംക്തിസ്യന്ദനന്താനുമിനി
സ്‌സന്ദേഹമില്‌ള പുറപെ്പടുകെന്നുരചെയ്തു.
അഗ്‌നിമാനുപാദ്ധ്യായനാകിയ വസിഷ്ഠനും
പത്‌നിയാമരുന്ധതിതാനുമായ് പുറപെ്പട്ടു.
കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും
കൗസല്യാദികളായ ഭാര്യമാരോടും കൂടി
ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും
പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും
മിഥിലാപുരമകം പുക്കിതു ദശരഥന്‍
മിഥിലാധിപന്‍താനും ചെന്നെതിരേറ്റുകൊണ്ടാന്‍.
വന്ദിച്ചു ശതാനന്ദന്‍ തന്നോടും കൂടെച്ചെന്നു
വന്ദ്യനാം വസിഷ്ഠനെത്തദനു പത്‌നിയേയും
അര്‍ഘ്യാപാദ്യാദികളാലര്‍പ്പിച്ചു യഥാവിധി
സത്ക്കരിച്ചിതു തഥായോഗ്യമുര്‍വ്വീന്ദ്രന്‍താനും.
രാമലക്ഷ്മണന്മാരും വന്ദിച്ചു പിതാവിനെ
സ്‌സാമോദം വസിഷ്ഠനാമാചാര്യപാദാംബ്ജവും
തൊഴുതു മാതൃജനങ്ങളേയും യഥാക്രമം
തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാര്‍.
തൊഴുതു ഭരതനെ ലക്ഷ്മണകുമാരനും
തൊഴുതു ശത്രുഘ്‌നനും ലക്ഷ്മണപാദാംഭോജം.
വക്ഷസി ചേര്‍ത്തു താതന്‍ രാമനെപ്പുണര്‍ന്നിട്ടു
ലക്ഷ്മണനെയും ഗാഢാശേ്‌ളഷവും ചെയ്തീടിനാന്‍
ജനകന്‍ ദശരഥന്‍ തന്നുടെ കൈയുംപിടി
ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്:
‘നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്
നാലുപുത്രന്മാര്‍ ഭവാന്‍തനിക്കുണ്ടലേ്‌ളാതാനും
ആകയാല്‍ നാലു കുമാരന്മാര്‍ക്കും വിവാഹം

ചെയ്താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട.”
വസിഷ്ഠന്‍താനും ശതാനന്ദനും കൗശികനും
വിധിച്ചു ഘൂര്‍ത്തവും നാല്വര്‍ക്കും യഥാക്രമം
ചിത്രമായിരിപെ്പാരു മണ്ഡപമതും തീര്‍ത്തു
മുത്തുമാലകള്‍ പുഷ്പഫലങ്ങള്‍ തൂക്കി നാനാ
രത്‌നമഡിതസ്തംഭതോരണങ്ങളും നാട്ടി
രത്‌നമഡിതസ്വര്‍ണ്ണപീഠവും വച്ചു ഭക്ത്യാ
ശ്രീരാമപാദാംഭോജം കഴുകിച്ചനന്തരം
ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും
ഹോമവും കഴിച്ചു തന്‍പുത്രിയാം വൈദേഹിയെ
രാമനു നല്‍കീടിനാന്‍ ജനകമഹീന്ദ്രനും.
തല്പാദതീര്‍ത്ഥം നിജ ശിരസി ധരിച്ചുട
നാള്‍പുളകാംഗത്തോടെ നിന്നിതു ജനകനും.
യാതൊരു പാദതീര്‍ത്ഥം ശിരസി ധരിക്കുന്നു
ഭൂതേശവിധിമുനീന്ദ്രാദികള്‍ ഭക്തിയോടെ.
ഊര്‍മ്മിളതന്നെ വേട്ടു ലക്ഷ്മണകുമാരനും
കാമ്യാംഗിമാരാം ശ്രുതകീര്‍ത്തിയും മാണ്ഡവിയും
ഭരതശത്രുഘ്‌നന്മാര്‍തന്നുടെ പത്‌നിമാരായ്;
പരമാനന്ദംപൂണ്ടു വസിച്ചാരെല്‌ളാവരും.