വൈരമെല്‌ളാം കളഞ്ഞാശു സുഗ്രീവനെ
സരൈ്വമായ് വാഴിച്ചുകൊള്‍കയിളമയായ്.
യാഹി രാമം നീ ശരണമായ് വേഗേന
പാഹി മാമംഗദം രാജ്യം കുലഞ്ച തേ.”
ഇങ്ങനെ ചൊല്‌ളിക്കരഞ്ഞു കാലും പിടി
ച്ചങ്ങനെ താര നമസ്‌കരിക്കും വിധൗ
വ്യാകുലഹീനം പുണര്‍ന്നു പുണര്‍ന്നനു
രാഗവശേന പറഞ്ഞിതു ബാലിയും:
”സ്ത്രീസ്വഭാവംകൊണ്ടു പോടിയായ്‌കേതുമേ
നാസ്തി ഭയം മമ വല്‌ളഭേ! കേള്‍ക്ക നീ.
ശ്രീരാമലക്ഷ്മണന്മാര്‍ വന്നതെങ്കിലോ
ചേരുമെന്നോടുമവരെന്നു നിര്‍ണ്ണയം
രാമനെ സ്‌നേഹമെന്നോളമില്‌ളാര്‍ക്കുമേ
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു
നാരായണന്‍താനവതരിച്ചു ഭൂമി
ഭാരഹരണാര്‍ത്ഥമെന്നു കേള്‍പ്പുണ്ടു ഞാന്‍.
പക്ഷഭേദം ഭഗവാനില്‌ള നിര്‍ണ്ണയം
നിര്‍ഗ്ഗുണനേകനാത്മാരാമനീശ്വരന്‍.
തച്ചരണാംബുജേ വീണു നമസ്‌കരി
ച്ചിച്ഛയാ ഞാന്‍ കൂട്ടിക്കൊണ്ടിങ്ങു പോരുവന്‍.
മല്‍ഗൃഹത്തിങ്കലുപകാരവുമേറും
സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോര്‍ക്ക നീ.
തന്നെബ്ഭജിക്കുന്നവനെബ്ഭജിച്ചീടു
മന്യഭാവം പരമാത്മാവിനില്‌ളലേ്‌ളാ.
ഭക്തിഗമ്യന്‍ പരമേശ്വരന്‍ വല്‌ളഭേ!
ഭക്തിയോ പാര്‍ക്കിലെന്നോളമില്‌ളാര്‍ക്കുമേ.
ദുഃഖവും നീക്കി വസിക്ക നീ വേശ്മനി
പുഷ്‌കരലോചനേ! പൂര്‍ണ്ണഗുണാംബുധേ!”
ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും
ക്രൂദ്ധനായ് സത്വരം ബദ്ധ്വാ പരികരം.
നിര്‍ഗ്ഗമിച്ചീടിനാന്‍ യുദ്ധായ സത്വരം
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്രുധാ.
താരയുമശ്രുകണങ്ങളും വാര്‍ത്തുവാ
ര്‍ത്താരൂഢതാപമകത്തുപുക്കീടിനാള്‍.
പല്‌ളും കടിച്ചലറിക്കൊണ്ടു ബാലിയും
നില്‌ളുനിലെ്‌ളന്നണഞ്ഞോരുനേരം തദാ
മുഷ്ടികള്‍കൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്ടനാം ബാലി സുഗ്രീവനെയും തഥാ.
മുഷ്ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ
കെട്ടിയും കാല്‍കൈ പരസ്പരം താഡനം
തട്ടിയും മുട്ടുകൊണ്ടും തല തങ്ങളില്‍
കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ
ങ്ങൂറ്റത്തില്‍ വീണും പിരണ്ടുമുരുണ്ടുമുള്‍
ച്ചീറ്റം കലര്‍ന്നു നഖംകൊണ്ടു മാന്തിയും
ചാടിപ്പതിക്കയും കൂടക്കുതിക്കയും
മാടിത്തടുക്കയും കൂടക്കൊടുക്കയും
ഓടിക്കഴിക്കയും വാടി വിയര്‍ക്കയും
മാടിവിളിക്കയും കോപിച്ചടുക്കയും
മുഷ്ടിയുദ്ധപ്രയോഗം കണ്ടു നില്‍പവര്‍
ദൃഷ്ടി കുളുര്‍ക്കയും വാഴ്ത്തി സ്തുതിക്കയും
കാലനും കാലകാലന്‍താനുമുളള പോര്‍
ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം.
രണ്ടു സമുദ്രങ്ങള്‍ തമ്മില്‍ പൊരുംപോലെ
രണ്ടു ശൈലങ്ങള്‍ തമ്മില്‍ പൊരുംപോലെയും
കണ്ടവരാര്‍ത്തുകൊണ്ടാടിപ്പുകഴ്ത്തിയും
കണ്ടീല വാട്ടമൊരുത്തമേതുമേ.
അച്ഛന്‍ കൊടുത്തോരു മാല ബാലിക്കുമു
ണ്ടച്യുതന്‍ നല്‍കിയ മാല സുഗ്രീവനും.
ഭേദമിലെ്‌ളാന്നുകൊണ്ടും തമ്മിലെങ്കിലും
ഭേദിച്ചിതര്‍ക്കതനയനു വിഗ്രഹം.
സാദവുമേറ്റം കലര്‍ന്നു സുഗ്രീവനും
ഖേദമോടേ രഘുനാഥനെ നോക്കിയും
അഗ്രജമുഷ്ടിപ്രഹരങ്ങളേല്‍ക്കയാല്‍
സുഗ്രീവനേറ്റം തളര്‍ച്ചയുണ്ടെന്നതു
കണ്ടു കാരുണ്യം കലര്‍ന്നു വേഗേന വൈ
കുണ്ഠന്‍ ദശരഥനന്ദനന്‍ ബാലിതന്‍
വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു
വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ
മസ്ത്രം തൊടുത്തു വലിച്ചു നിറച്ചുടന്‍
വിദ്രുതമാമ്മാറയച്ചരവളീടിനാന്‍.