പിന്നെ മറ്റുള്ള നൃപന്മാര്‍ക്കുമൊക്കവെ
മന്നവന്‍ നിര്‍മ്മലഭൂഷണാദ്യങ്ങളും
സമ്മാനപൂര്‍വ്വം കൊടുത്തയച്ചീടിനാന്‍
സമ്മോദമുള്‍ക്കൊണ്ടു പോയാരവര്‍കളും
നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം
ഭക്ത്യാ നമസ്‌കരിച്ചാന്‍ ചരണാംബുജം
‘മിത്രമായ് നീ തുണച്ചോരുമൂലം മമ
ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാന്‍
ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ക നീ
നാശമരികളാലുണ്ടാകയില്‌ള തേ
എന്നെ മറന്നുപോകാതെ നിരൂപിച്ചു
പുണ്യജനാധിപനായ് വസിച്ചീടെടോ!
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും
വിഷ്ണുപരായണനായ് വിശുദ്ധാത്മനാ
മുക്തനായ് വാണീടുകെ’ന്നു നിയോഗിച്ചു
മുക്താഫലമണിസ്വര്‍ണ്ണാഭാരണങ്ങളും
ആവോളവും കൊടുത്താശു പോവാനയ
ച്ചാവിര്‍മ്മുദാ പുണര്‍ന്നീടിന്നാന്‍ പിന്നെയും
ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ
രത്യര്‍ത്ഥമിറ്റിറ്റു വീണും വണങ്ങിയും
ഗദ്ഗദവര്‍ണേ്ണന യാത്രയും ചൊല്‌ളിനാന്‍
നിര്‍ഗ്ഗമിച്ചാനൊരുജാതി വിഭീഷണന്‍
ലങ്കയില്‍ ചെന്നു സുഹൃജ്ജനത്തോടുമാ
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാന്‍.
ശ്രീരാമന്റെ രാജ്യഭാരഫലം
ജാനകീദേവിയോടും കൂടി രാഘവ
നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു
നിശേ്ശഷസൌഖ്യം വരുത്തി പ്രജകള്‍ക്കു
വിശ്വമെല്‌ളാം പരിപാലിച്ചരുളിനാന്‍
വൈധവ്യദുഃഖം വനിതമാര്‍ക്കിലെ്‌ളാരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്‌ളലേ്‌ളാ
സസ്യപരിപൂര്‍ണ്ണയലേ്‌ളാ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്‌ളലേ്‌ളാ 5100
ബാലമരണമകപെ്പടുമാറില്‌ള
കാലേ വരിഷിക്കുമലേ്‌ളാ ഘനങ്ങളും
രാമപൂജാപരന്മാര്‍ നരന്മാര്‍ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം
വര്‍ണ്ണാശ്രമങ്ങള്‍ തനിക്കുതനിക്കുള്ള
തൊന്നുമിളക്കം വരുത്തുകയില്‌ളാരുമേ
എല്‌ളാവനുമുണ്ടനുകമ്പ മാനസേ
നല്‌ളതൊഴിഞ്ഞുള്ള ചിന്തയില്‌ളാര്‍ക്കുമേ
നോക്കുമാറില്‌ളാരുമേ പരദാരങ്ങ
ളോര്‍ക്കയുമില്‌ള പരദ്രവ്യമാരുമേ 5110
ഇന്ദ്രിയനിഗ്രഹമെല്‌ളാവനുമുണ്ടു
നിന്ദയുമില്‌ള പരസ്പരമാര്‍ക്കുമേ
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍
സാകേതവാസികളായ ജനങ്ങള്‍ക്കു
ലോകാന്തരസുഖമെന്തോന്നിതില്‍പ്പരം
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മരുവിനാര്‍.