ഭാവി
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

ഭാവിയെപ്പരീക്ഷിപ്പാന്‍ ദീപത്തിന്‍പുരോഭൂവില്‍
ദൈവജ്ഞന്‍പരല്‍വാരി വെച്ചെന്തോ ഗണിക്കുന്നു.
ആ വിള,ക്കടുത്തുള്ള കൂരിരുട്ടവങ്കലോ
മേവിടുന്നതെന്നോര്‍ത്തു നോക്കുന്നു കണ്‍ ചിമ്മാതെ.
അങ്ങെഴും പരല്‍ക്കൂട്ടം ‘ഞങ്ങളോ നക്ഷത്രങ്ങ
ളങ്ങേക്കൈക്കൊതുങ്ങുവാന്‍?’ എന്നോര്‍ത്തു ചിരിക്കുന്നു.
കൂറുന്നു തല്‍സംഘര്‍ഷം ‘ആമെങ്കിലെണ്ണു ചെന്നു
താരകപ്പരല്‍വാനാം നീലക്കല്പലകയില്‍!’
ഗൗളിതന്‍ വാക്കുംകേള്‍പ്പൂ: ‘ഹൃത്തിങ്കല്‍ത്തീവച്ചൂതി
നാളത്തെപ്പഴത്തെ നാമിപ്പൊഴേ പുകയ്‌ക്കേണ്ട.
ജാതകം കുറിച്ചിട്ടുണ്ടീശനൊന്നെല്ലാപേര്‍ക്കും
‘ജാതന്നു തിട്ടം മൃത്യു:’ വേണ്ടതെന്തതിന്മീതെ?
നന്മയ്ക്കിക്ഷണംതന്നെ മര്‍ത്ത്യന്നുലഗ്‌നം; വേള
തിന്മയ്ക്കില്ലെന്നാളുമീയസ്ഥിരസ്വല്പായുസ്സില്‍.’

മണിമഞ്ജുഷ