പ്രഭുസമക്ഷം
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

ഈരേഴുലകങ്ങള്‍ക്കുമീശനാം മഹാപ്രഭോ!
ദൂരസ്ഥം, മഹോന്നതം, ദുഷ്പ്രാപം, ഭവല്‍പദം;
എങ്കിലും പാപിഷ്ഠനാം ഞാനുമപ്പദത്തിങ്കല്‍
ത്തങ്കിടുന്നതിനു താന്‍ താവകം പരിശ്രമം

2

ആവതല്ലങ്ങേക്കൈക്കുമങ്ങോളമെന്നെക്കേറ്റാ
നാഞ്ഞല്പം വലിക്കുകില്‍പ്പൊട്ടിപ്പോം പൂമാലയാല്‍.
ആകയാലാവാം കനിഞ്ഞിമ്മട്ടില്‍ക്കനം പൂണ്ട
ലോഹശൃങ്ഖലകൊണ്ടു കര്‍ഷിപ്പ;തറിഞ്ഞു ഞാന്‍
ഇങ്ങെനിക്കെന്തിന്നതോര്‍ത്താതങ്കം? എന്മേനിയി
ലങ്ങേക്കൈചാര്‍ത്തീടുന്നതാകല്പമല്ലീ സര്‍വം?
ആത്തളക്കടക്കണ്ണിപെട്ടുരഞ്ഞങ്ങേച്ചെല്ല
ക്കൈത്തലചെമ്പല്ലവം നൊന്തിടുന്നുണ്ടാം വിഭോ!
ആയതിന്‍ കിലുക്കം ഞാന്‍ ഗീതമായ്‌ച്ചെവിക്കൊള്ളാ
മായതിന്‍മുറിപ്പാടെന്‍ കീര്‍ത്തിമുദ്രയായ്ക്കാണാം!

3

എത്രയോ കിടങ്ങിടയ്ക്കുണ്ടെനിക്കിറങ്ങുവാ
നെത്രയോ, വഴിക്കുമേല്‍ക്കോട്ടയും കയറുവാന്‍.
രണ്ടുമെന്‍ പുരോഗതിക്കൊപ്പത്തില്‍ത്തടസ്ഥങ്ങള്‍;
രണ്ടിന്നുമങ്ങേപ്പുറത്തെന്‍ ലാക്കാം ഭവല്‍സൗധം.
കാരമുള്‍ കുത്തിക്കേറ്റിക്കാലില്‍ നിന്നൊലിപ്പിപ്പൂ
ചോരയിക്കാന്താരമെന്നോര്‍ത്തു ഞാന്‍ഖേദിപ്പീല.
അപ്പുലര്‍ പ്രഭാകാരച്ചെങ്കതിര്‍ പ്രകാശത്തില്‍
മല്‍പദം തെല്ലെങ്കിലും മുന്നോട്ടു നീങ്ങാമല്ലീ?
അങ്ങയും ഞാനും തമ്മില്‍ വാച്ചിടും ദൂരത്തിന്നു
ഭങ്ഗമന്നീക്കംകൊണ്ടു മേല്ക്കുമേല്‍ വരാമല്ലീ?

4

ആവതല്ലെനിക്കേതും നിന്ദ്യാമാമീരൂപത്തില്‍
ദ്ദേവരാല്‍ ചൂഴപ്പട്ടൊരങ്ങയെ സമീപിപ്പാന്‍.
എത്രയോ കൊട്ടിത്തട്ടിക്കോട്ടവും കേടും നീങ്ങി
സ്സുഷ്ഠവായ്ത്തീര്‍ന്നിട്ടല്ലീ ഞാനതിന്നൊരുങ്ങേണ്ടു?
പങ്കത്തെക്ഷാളിക്കുവാന്‍ ബാഷ്പധാരതാന്‍ വേണം.
പക്വമായാമംതീരാന്‍ ചെന്തീതാന്‍ ജ്വലിക്കണം.
എത്രയോ രാകിത്തേച്ചുവേണമങ്ങെന്നെശ്രേഷ്ഠ
രത്‌നമാക്കുവാ,നിന്നു ഞാന്‍ വെറും കാചപ്രായന്‍
ആതുരന്‍ ഞാനല്ലര്‍ഹന്‍ ശോധിപ്പാനെന്നില്‍ച്ചേരു
മാദിവൈദ്യനാമങ്ങേശ്ശസ്ത്രത്തിന്‍ വ്യാപാരത്തെ.

5

ഏകാന്‍ ഞാന്‍ ഭവാനോടു ഭീതനായ് പ്രാര്‍ത്ഥിപ്പതി
ല്ലേകാന്തസൗഖ്യങ്ങളാം രാവില്ലാദ്ദിനങ്ങളെ.
ഏതിനാല്‍ സമുല്‍ക്കര്‍ഷം സാധിക്കാമെനിക്കെന്നു
താതനും മാതാവുമാമങ്ങല്ലീധരിക്കുന്നു?
ഏതുരൂപമാണിഷ്ടമാ രൂപം വായ്ക്കുമ്മട്ടി
ലാദിശില്പിയാമങ്ങെന്‍മൃല്‍പിണ്ഡം വിമര്‍ദ്ദിക്കൂ!
എത്രമേല്‍ വിശുദ്ധിയെപ്രാപിച്ചാല്‍ ത്വല്‍പൂജയ്‌ക്കെന്‍
ചിത്തതാര്‍ സ്വീകാര്യമാമത്രമേല്‍ വിശോധിക്കൂ.
ഇന്നെഴും പോരായ്മകളത്രയും തീര്‍ത്തങ്ങെന്നെ
പ്പിന്നെയും സൃഷ്ടിക്കൂ! ഞാനന്നു താന്‍ ദ്വിജന്മാവാം.

6

അങ്ങു ഞാന്‍ ശിക്ഷപ്പെടാനേതുകോലെടുത്താലു
മങ്ങേക്കൈ പീയൂഷാര്‍ദ്രമെന്നു ഞാന്‍ ധരിച്ചാവൂ!
ദുഃഖപ്പൊയ്മുഖം കെട്ടി ക്രീഡിക്കും സുഖത്തെയെ
ന്നുള്‍ക്കണ്ണാലതിന്‍ സാക്ഷാദ്രൂപത്തില്‍ ദര്‍ശിച്ചാവൂ!

മണിമഞ്ജുഷ