രമണന്‍/ഭാഗം ഒന്ന്
(ഗായകസംഘം)

ഒന്നാമത്തെ ഗായകന്‍

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതകകാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴിയും കവര്‍ന്നുമിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി
പുളകംപോല്‍ കുന്നിന്‍പുറത്തുവീണ
പുതുമൂടല്‍മഞ്ഞല പുല്കി നീക്കി,
പുലരൊളി മാമലശ്രേണികള്‍തന്‍
പുറകിലായ് വന്നുനിന്നെത്തിനോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ
ന്തവിടെല്‌ളാം പൂത്ത മരങ്ങള്‍മാത്രം;
ഒരു കൊച്ചു കാറ്റെങ്ങാന്‍ വന്നുപോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ!

രണ്ടാമത്തെ ഗായകന്‍

തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമിങ്ങു
മിളകിപ്പറക്കുന്നപക്ഷികളും
പരിമൃദുകലേ്‌ളാലവീണമീട്ടി
പ്പതറിപ്പതഞ്ഞുപോം ചോലകളും
ഒരു നല്‌ള ചിത്രം വരച്ചപോലെ
വരിവരി നില്ക്കുന്ന കുന്നുകളും
പരശതസസ്യവിതാനിതമാം
പല പല താഴ്വരത്തോപ്പുകളും
പവിഴക്കതിര്‍ക്കുലച്ചാര്‍ത്തണിഞ്ഞ
പരിചെഴും നെല്‍പ്പാടവീഥികളും
ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപെ്പായ്കകളും
ഇവയെല്‌ളാ,മാ വെറും ഗ്രാമരംഗം
ഭുവനൈകസ്വര്‍ഗ്ഗമായ്ത്തീര്‍ത്തിരുന്നു!

മൂന്നാമത്തെ ഗായകന്‍

അവികലശാന്തിതന്‍ പൊന്തിരക
ളവിടെത്തുളുമ്പിത്തുളുമ്പി നിന്നു;
അഴകുമാരോഗ്യവും സ്വസ്ഥതയു
മവിടത്തില്‍ മൊട്ടിട്ടു നിന്നിരുന്നു!
അവിടമൊരൈശ്വര്യദേവതത
ന്നനഘദേവാലയമായിരുന്നു;
മതി മമ വര്‍ണ്ണനംനിങ്ങളൊന്നാ
മലനാടു കണ്ടാല്‍ക്കൊതിച്ചുപോകും!

(രമണന്‍ ഒരു മരച്ചോട്ടില്‍ കിടക്കുന്നു. അവനോടു തൊട്ട് മദനന്‍ കൊടുകൈയും കുത്തി ഇരിക്കുന്നു. രമണന് ഇരുപത്തിയേഴു വയസ്‌സു പ്രായം. മദനന് ഇരുപത്തിമൂന്നു വയസ്‌സു പ്രായം. രണ്ടുപേരും ഇടയന്മാരുടെ സാധാരണവേഷത്തില്‍. നീണ്ടു കൃശമായ ശരീരം. ശാന്തസുന്ദരമായ മുഖം. സമയം മദ്ധ്യാഹ്നം)