രമണന്‍

എന്തെല്‌ളാമായാലും നീയിതിന്മേല്‍
ചിന്തിച്ചുവേണമുറച്ചുനില്ക്കാന്‍;
ലോകം പനിനീരലര്‍ത്തോട്ടമല്‌ള
പോകുന്നു, പോകുന്നു, ചന്ദ്രികേ, ഞാന്‍!
ഏകാന്തതയിലൊഴിഞ്ഞിരുന്നീ
രാഗത്തെപേ്പര്‍ത്തും നീയോര്‍ത്തുനോക്കൂ!
തീക്കനലാണിതെന്നാല്‍, മറവി
ക്കാട്ടാറിലേക്കിതെറിയണം നീ;
അല്‌ള, പനീരലരാണിതെങ്കില്‍,
കല്യാണകലേ്‌ളാലരേഖപോലെ,
നിന്നന്തരാത്മാവില്‍ ഗൂഢമായ് നീ
യെന്നുമണിഞ്ഞു സുഖിച്ചുകൊള്ളൂ!
എങ്കിലും, ഹാ, നിനക്കോര്‍മ്മവേണം:
സങ്കല്പലോകമല്‌ളീയുലകം!

രമണന്‍/ഭാഗം ഒന്ന്/രംഗം മൂന്ന്

(ചന്ദ്രികയുടെ മനോഹരഹര്‍മ്മ്യത്തിന്റെ രണ്ടാമത്തെ നിലയിലുള്ള ഒരു മണിയറ. ചന്ദ്രിക പുഷ്പശയ്യാലംകൃതമായ ഒരു സോഫയില്‍ കിടക്കുന്നു. അവളോടു ചേര്‍ന്നു സോഫയില്‍ത്തന്നെ ഭാനുമതിയും ഇരിക്കുന്നു. നിരയോടു ചേര്‍ന്ന് അനവധി നിലക്കണ്ണാടികള്‍. മുറിയുടെ നടുവിലായി പ്രകാശപൂരിതമായ ഒരു വിളക്കു തൂക്കിയിട്ടിരിക്കുന്നു. അതിനു ചുവട്ടില്‍ ഒരു വട്ടമേശയും ചുറ്റും കസേരകളും. സമയം രാത്രി പത്തരമണി. ഭാനുമതി ചന്ദ്രികയെ വീശിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഒരു വശത്തേക്കു ചരിഞ്ഞ്, ഇടതുകൈമുട്ട് ഉപധാനത്തില്‍ കുത്തി, ശിരസ്‌സു താങ്ങിക്കൊണ്ട് ഭാനുമതിയോട് പറയുന്നു)

ചന്ദ്രിക

കണ്ടിട്ടില്‌ള ഞാനീവിധം മലര്‍
ച്ചെണ്ടുപോലൊരു മാനസം,
എന്തൊരദ്ഭുതപ്രേമസൗഭഗം!
എന്തൊരാദര്‍ശസൗരഭം!
ആ നിധി നേടാനായാല്‍, സഖി,
ഞാനൊരു ഭാഗ്യശാലിനി!
സിദ്ധിയാണവന്‍ ശുദ്ധിയാണവന്‍
സത്യസന്ധതയാണവന്‍!
വിത്തമെന്തിനു, വിദ്യയെന്തിനാ
വിദ്യുതാംഗനു വേറിനി?
ആടുമേയ്ക്കലും കാടകങ്ങളില്‍
പ്പാടിയാടി നടക്കലും
ഒറ്റ ഞെട്ടില്‍ വിടര്‍ന്നു സൗരഭം
മുറ്റിടും രണ്ട് പൂക്കള്‍പോല്‍,
പ്രാണസോദരനായിടുമൊരു
ഗാനലോലനാം തോഴനും
വിശ്രമിക്കാന്‍ തണലേഴുമൊരാ
പച്ചക്കുന്നും വനങ്ങളും
നിത്യശാന്തിയും തൃപ്തിയും രാഗ
സക്തിയും മനശ്ശുദ്ധിയും
ചിന്തതന്‍ നിഴല്‍പ്പാടു വീഴാത്തൊ
രെന്തു മോഹനജീവിതം!