ചന്ദ്രിക

ഞങ്ങളാദ്യമായ്ക്കണ്ടുമുട്ടിയ
മംഗളാനന്ദവാസരം
ഒറ്റവത്സരമായിടാറാവു
മൊട്ടുനാള്‍കൂടിപേ്പാവുകില്‍!

ഭാനുമതി

അന്നതിന്‍ ദിവ്യവാര്‍ഷികോത്സവം
ഭംഗിയായിക്കഴിക്കണം!

ചന്ദ്രിക

ഭംഗിയായ്അതേ ഭംഗിയായ്അതി
ഭംഗിയായിക്കഴിക്കണം!

ഭാനുമതി

മംഗളത്തിന്‍ മാറ്റുകൂട്ടണം!
മന്ദതയൊക്കെ മാറണം!

ചന്ദ്രിക

മുഗ്ദ്ധരാഗമെന്‍ ജീവനേകിയ
മുത്തുമാലയുമായി ഞാന്‍,
അന്നു, മല്‍പ്രേമദൈവതത്തിനെ
ച്ചെന്നുകൂപ്പി വണങ്ങിടും!

ഭാനുമതി

തന്നിടും നിനക്കെ,ങ്കില്‍ നൂനമാ
ദ്ധന്യനന്നൊരനുഗ്രഹം!

ചന്ദ്രിക

ഉള്‍പ്പുളകാംഗിയാകയാണു ഞാ
നപ്രതീക്ഷയില്‍പേ്പാലുമേ!

ഭാനുമതി

അപ്രതീക്ഷയും ശക്തമാണിന്നൊ
രദ്ഭുതോന്മദമേകുവാന്‍!

ചന്ദ്രിക

ഇന്നതിന്നൊരു മാറ്റുകൂടുവാന്‍
വന്നുചേര്‍ന്നു വസന്തവും!

ഭാനുമതി

മന്ദമാരുതന്‍ വീശിടുന്നിതാ
ചമ്പകത്തിന്‍ പരിമളം!

ചന്ദ്രിക

ചേലിലെന്നില്‍ ത്രസിപ്പൂ, സങ്കല്പ
ലോലസായൂജ്യവീചികള്‍!

ഭാനുമതി

പ്രാണഹര്‍ഷവിശാലസാമ്രാജ്യ
റാണിതന്നെ നീ ചന്ദ്രികേ!