(ഒരു പുതിയ ഗായകസംഘം)

ഒന്നാമത്തെ ഗായകന്‍

പതിവുപോല്‍ക്കനല്‍വെയില്‍ ചൊരിഞ്ഞു, വാനില്‍
മദ്ധ്യാഹ്നസൂര്യന്‍ ജ്വലിച്ചുനില്‍പ്പൂ.

രണ്ടാമത്തെ ഗായകന്‍

(അണിയറയിലേക്ക് ചൂണ്ടിക്കാണിച്ച്)
ഒരു പൂത്തമരത്തിന്റെ തണല്‍ച്ചുവട്ടില്‍,
ഓമല്‍തൃണങ്ങള്‍ വിരിച്ച പട്ടില്‍
കമനീയമായൊരു കവിതപോലെ,
രമണനുറങ്ങിക്കിടന്നിടുന്നു!

ഒന്നാമത്തെ ഗായകന്‍

(അടുത്തുചെന്ന് അണിയറയിലേക്കു നോക്കിയിട്ട്)
ഇടയ്ക്കിടയ്ക്കത്തളിരധരകങ്ങള്‍
ചൂടുന്നു നേരിയ പുഞ്ചിരികള്‍!

രണ്ടാമത്തെ ഗായകന്‍

ഒരുപക്ഷെ, യവനോമല്‍പ്രണയസ്വപ്ന
മോരോന്ന് കാണുകയായിരിക്കാം!

ഒന്നാമത്തെ ഗായകന്‍

അവനിപേ്പാളനുരാഗപരവശയാ
മാരോമല്‍ചന്ദ്രികയോടുകൂടി,
സുരഭിലനന്ദനവനികകളില്‍
സൈ്വരം വിഹരിക്കയായിരിക്കാം!
(പോകുന്നു)

(വനത്തിന്റെ ഒരു ഭാഗം പ്രത്യക്ഷപെ്പടുന്നു. ചന്ദ്രിക വിലാസലാലസയായി പ്രവേശിച്ച്, രംഗത്തിന്റെ മറുഭാഗത്ത് വനത്തില്‍ അപ്രത്യക്ഷയാകുന്നു. പുറകേ ആദ്യത്തെ ഗായകസംഘം പ്രവേശിക്കുന്നു.)