മദനന്‍

മഹിയില്‍ നീയക്കാമ്യമായൊരോമ
ന്മഹിമതന്‍ മുന്നില്‍ നമസ്‌കരിക്കൂ!
അവളെന്തു ദേവത, ദിവ്യയാമൊ
രവതാരചാരുത, രാഗപൂത!
അവളുടെ രാഗത്തിന്നര്‍ഹനാവാന്‍
കഴിവതുതന്നെന്തു ഭാഗധേയം!
നിരഘമായുള്ളൊരിപ്രേമദാനം
നിരസിച്ചിടുന്നതൊരുഗ്രപാപം!
അതിനെ നീയെന്നെന്നുമാദരിക്കൂ!
അതിനെ നീ സസ്പൃഹം സ്വീകരിക്കു!

രമണന്‍

ശരിതന്നെപക്ഷെ, മദന, നീയെന്‍
പരമാര്‍ത്ഥവസ്തുതയോര്‍ത്തുനോക്കൂ;
അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതൈകാന്തജീവിതാപ്തന്‍!
പുഴകളും കാടും മലയുമായി
ക്കഴിയും വെറുമൊരധഃപതിതന്‍!
അവളോവിശാലഭാഗ്യാതിരേക
പ്പവിഴപ്പൂങ്കാവിലെ രത്‌നവല്‌ളി!
കനകവസന്തത്തോടൊത്തുകൂടി
ക്കതിരിട്ടുനില്‌ക്കേണ്ടും കല്പവല്‌ളി!
അവളെയാശിക്കുവാന്‍പോലുമിന്നൊ
രവകാശമിലെ്‌ളനിക്കെന്തുകൊണ്ടും.
ഇതുവിധം നിര്‍ബ്ബാധമീവനത്തി
ലിടയനായ്ത്തന്നെ ഞാന്‍ വാണിടട്ടെ,
ചപലവ്യാമോഹങ്ങളാനയിക്കും
ചതിയില്‍പെ്പടാന്‍ ഞാനൊരുക്കമില്‌ള.

മദനന്‍

രമണ, നിന്‍ ചിന്തകള്‍ക്കര്‍ത്ഥമില്‌ള;
ഭ്രമവും പ്രണയവുമേകമല്‌ള;
പണവും പ്രതാപവുമറ്റിടത്തും
പ്രണയം മുളച്ചുകൂടായ്കയില്‌ള.
സമുദായനീതികളല്‌ളതിന്റെ
വിമലസാമ്രാജ്യത്തിന്‍ മാനദണ്ഡം
അതിലിശ്ശരീരം ശരീരമല്‌ള;
ഹൃദയം ഹൃദയത്തെയാണു കാണ്‍മൂ!
അറിവൂ ഞാന്‍; ചന്ദ്രിക നിഷ്‌കളങ്ക,
പരിശുദ്ധസ്‌നേഹത്തിന്‍ സ്വര്‍ഗ്ഗഗംഗ.
കഴിയുമവള്‍ക്ക,തിലുല്‌ളസിക്കും
കനകസോപാനത്തെ കൈവെടിയാന്‍;
ഇടയന്റെ ചിത്തവിശുദ്ധിവിങ്ങും
കുടിലിലെപെ്പാന്‍വിളക്കായി മാറാന്‍!
അതുമിനിസ്‌സാദ്ധ്യമലെ്‌ളങ്കില്‍ വേണ്ടാ,
ക്ഷിതിയിലവള്‍ക്കിതു സാദ്ധ്യമലേ്‌ള
ഇടയനെപ്പാഴ്ക്കുടിലിങ്കല്‍നിന്നും
മടുമലര്‍മേടയിലേക്കുയര്‍ത്താന്‍?
അവളിലുണ്ടത്രയ്ക്കനഘമാകു
മനുരാഗമോലും ഹൃദയമേകം;
അതിനെ നീയെന്നെന്നുമാദരിക്കൂ!
അതിനെ നീ കൈകൂപ്പി സ്വീകരിക്കൂ!