രമണന്‍

നിന്‍മനഃസ്ഥൈര്യാപശങ്കമൂല
മിമ്മട്ടെതിര്‍ത്തു ഞാന്‍ ചൊന്നതല്‌ള.
കൊച്ചുകുഞ്ഞാണു നീ, നിന്റെ കണ്ണില്‍
വിശ്വം മുഴുവന്‍ വെളുത്തുകാണും;
വാസ്തവത്തിങ്കല്‍ കരിനിഴലും
സ്വാര്‍ത്ഥാന്ധകാരവുമാണിതെല്‌ളാം!

ചന്ദ്രിക

നമ്മുടെ ചുറ്റുമായുള്ള ലോക
മെമ്മട്ടായാല്‍ നമുക്കെന്തു ചേതം?
നിര്‍മ്മലസ്‌നേഹാര്‍ദ്രചിത്തരാകും
നമ്മളെ,ന്തായാലും നമ്മളലേ്‌ള?

രമണന്‍

എല്‌ളാം സഹിക്കാം;വിഷമയമാ
മെല്‌ളാറ്റിനെക്കാള്‍ ഭയങ്കരമായ്,
ഉഗ്രഫണവുമായ് ചീറ്റിനില്പൂ
ദുഷ്ടസമുദായകാളസര്‍പ്പം!
ഒന്നതിന്‍ ദംശനമേറ്റുപോയാല്‍
പ്പിന്നെ, മരിച്ചവരായി നമ്മള്‍!

ചന്ദ്രിക

നിന്ദ്യസമുദായനീതിയെല്‌ളാം
കണ്ണുമടച്ചു നാം സമ്മതിച്ചാല്‍
ചിന്തിക്കുവാനുള്ള ശക്തിയെന്നൊ
ന്നെതിനു, ഹാ! നാം കരസ്ഥമാക്കി?
പ്രേമാമൃതത്താലനശ്വരാത്മ
ക്ഷേമസമ്പന്നരാകുന്ന നമ്മള്‍
ഒട്ടും ഭയപെ്പടാനില്‌ള, വന്നി
ട്ടക്കാളസര്‍പ്പം കടിക്കുകിലും!

രമണന്‍

ഒക്കെശ്ശരിതന്നെ;യെങ്കിലും നി
ന്നച്ഛനുമമ്മയുംഓര്‍ത്തുനോക്കൂ;
പാകതയില്‌ളാത്ത നമ്മളെക്കാള്‍
ലോകപരിചയം നേടി നേടി,
നന്മയും തിന്മയും വേര്‍തിരിക്കാന്‍
നമ്മളെക്കാളും മനസ്‌സിലാക്കി,
എന്തുചെയ്യാനുമഗാധമായി
ച്ചിന്തിച്ചു ചിന്തിച്ചു മൂര്‍ച്ചകൂട്ടി,
ഉല്‌ളസിക്കുന്ന ഗുരുക്കളാണാ
വെള്ളത്തലമുടിയുള്ള കൂട്ടര്‍!
അമ്മഹാത്മാക്കള്‍ക്കഹിതമായി
നമ്മളൊരിക്കലും ചെയ്തുകൂടാ.

ചന്ദ്രിക

സമ്മതിക്കുന്നു ഞാനാത്തമോദം
സൗമ്യമായുള്ളോരീ യുക്തിവാദം;
എന്നാല്‍ത്തുറന്നുപറഞ്ഞിടാം ഞാ
നൊ,ന്നിനിയെങ്കിലുമാശ്വസിക്കൂ.
(രമണന് ഒരു പനിനീര്‍പ്പൂ സമ്മാനിച്ചിട്ട്)
അച്ഛനുമമ്മയുമല്പവുമെ
ന്നിച്ഛയ്‌ക്കെതിര്‍ത്തു പറകയില്‌ള;
സമ്മതിക്കുന്നു ഞാനൊന്നിലെങ്കില്‍
സമ്മതമാണതവര്‍ക്കുമപേ്പാള്‍,
അത്രയ്ക്കു വാത്സല്യമാണവര്‍ക്കീ
പുത്രിയിലെന്തിനു ശങ്ക പിന്നെ?