വ്രണിതഹൃദയം

ന്നു ഞാൻ ചോദിക്കെട്ടെ, തെന്നലേ, ഭവാനേയു-
മെന്നെയും തപിപ്പിക്കുമശ്ശക്തിയൊന്നല്ലയോ?
അല്ലെങ്കിലെന്തിനു നാം രണ്ടാളുമൊരുപോലെ-
യല്ലിലും പകലിലുമലഞ്ഞുനടക്കുന്നൂ!
ശാന്തസുന്ദരമായ ശാരദാകാശത്തിലും,
കാന്തിയിൽ വിളങ്ങിടും കാനനപരപ്പിലും,
കണ്ടകം നിറഞ്ഞുള്ള കാപഥത്തിലും,മലർ-
ച്ചെണ്ടുകൾ വിരിയുന്ന മഞ്ജുളാരാമത്തിലും,
സിന്ധുതന്നനന്തമാം മാറിടത്തിലും, നമ്മൾ
സന്തതം വിഹരിപ്പു സന്ത്പ്തഹൃദയരായ്‌!
ആനന്ദമെങ്ങാണെന്നു നീ തിരഞ്ഞിടുംനേരം,
ആനന്ദമെന്താണെന്നുതന്നെ ഞാനാരായുന്നു!
പൂർവദിഗധുമുഖം പുഞ്ചിരിതൂകുമ്പോഴും
പൂതരാഗാഭ ചിന്നി വാരുണി നില്ക്കുമ്പോഴും
മന്തമാരുത ഭവാനാനന്തലഹരിയാൽ
മന്നിടേ മതിമറന്നുല്ലസിച്ചുലാത്തുന്നു.
നിത്യവുമേതോ ദിവ്യമേഘദർശനാലിത്ഥം
നർത്തനം നടത്ത്താറ്‌െണ്ടൻ ചിത്തശിഖാവളം!
പച്ചിലപ്പടർപ്പുതന്നുള്ളിലാവസിച്ചു നീ
കൊച്ചലർ വിരിവതു വീക്ഷിച്ചു രസിക്കുമ്പോൾ,
അന്തരീക്ഷത്തിലാദ്യം വിരിയും പൂമൊട്ടിനെ-
യന്ധകാരത്തിനുള്ളിൽക്കൂടി ഞാൻ സമീക്ഷിപ്പൂ-

 

നീഹാരബിന്ദുക്കൾ നീ ചാർത്തിടുംനേരം കണ്ണു-
നീരു ഞാൻ കപോലത്തിലണിവൂ ഹതഭാഗ്യൻ!

ആത്മസംതൃപ്തി നേടാനായി നാമിരുവരു-
മാത്മസംഗീതം തന്നെപ്പാടുന്നിതനുവേലം;
നിൻ തപ്തനിശ്വാസങ്ങൾ വാനിലെത്തുന്നു, യെന്റെ
വന്ധ്യമാം നെടുവീർപ്പു നിന്നിലുമലിയുന്നു!
വാടാത്ത മലരിനെപ്പേർത്തും നീ തിരയുന്നു!
വാടിയ മലരിനെയോർത്തു ഞാൻ കരയുന്നു!