പുറത്തുനോക്കി ഞാന പുതിയ നീഹാര-
പ്പുതപ്പു നീക്കിയന്നൊരു പുലരിയിൽ
വരണ്ട പാരിടം, ഇരുണ്ട വിണ്ടലം-
വരേണ്ടതെന്തതിൽപ്പരം ദുരിതങ്ങൾ!
ചുരുക്കിയോതിടാ, മവിടുന്നെൻ ഗതി
തിരിച്ചുവിട്ടിതാ നിയതിതൻ കരം;
പ്രഭാവധോരണിക്കഭാവമറ്റതാം
പ്രദേശമിപ്പോളെൻ പ്രവാഹപദ്ധതി.
കരുണതൻ ദിവ്യകണികകളെന്നിൽ
നിരന്തരം വന്നു പതിക്കുന്നിണ്ടിപ്പോൾ
ഒരല്ലലില്ലെനിക്കിവിടെ,യെങ്കിലും
വരുന്നതില്ല മേ സമാധാനം തെല്ലും!
ചെറുക്കുന്നെൻ ഗതി ചിറയാലേ ചിലർ
മറുത്തുപോകുവാനശക്തയാണു ഞാൻ;
മലയ്ക്കുമാഴിക്കുമിടയിൽപ്പെട്ടിപ്പോൾ
മലയ്ക്കയാണെന്നാൽ മലിനയല്ലേതും;
തിരിച്ചദിക്കിലേക്കിനിയൊരിക്കലും
തിരിച്ചുപോകുവാനൊരുങ്ങുകില്ല ഞാൻ.
എനിക്കുമുണ്ടേതോ ചിലതെല്ലാ,മൂഴി-
പ്പരപ്പിനോടൊന്നു പറഞ്ഞു പോകുവാൻ;
വരുന്ന വർഷത്തിൻ സമാഗമത്തിലെൻ-
ചിറ തകരുകിൽ കൃതാർത്ഥയായി ഞാൻ!….

 

സന്ദേശം

നിത്യവുമെത്താറുണ്ടെൻനാഥന്റെ സന്ദേശങ്ങൾ
– നിസ്തുലസ്നേഹത്തിന്റെ കല്യാണകല്ലോലങ്ങൾ –

സായാഹ്നവധൂടിയാളെന്മുന്നിലെത്തും, പട്ടു-
സാരിതന്നുള്ളിൽനിന്ന,ക്കത്തെനിക്കേകും പോകും
ആരതു തന്നെന്നു ചോദിച്ചാൽ പറയുവാ-
നാവതല്ലവൾക്കിത്ര വെമ്പലെന്താവോ പോകാൻ!
ശോണമാമമ്മുഖത്തിലെപ്പോഴും മൌനത്തിന്റെ
വീണവായനയല്ലാതില്ലൊരുത്തരം വേറെ!
തകരും ഹൃദയത്തിൽ പാവനപ്രേമാമൃതം
പകരും മമ പൂർവപുണ്യത്തിൻ തിരുനാമം
ആരാനുമുരപ്പതും കേൾക്കുകിൽ മതി,യെനി-
ക്കാനന്ദസാമ്രാജ്യത്തിൻ റാണിയായുയരുവാൻ!