സംതൃപ്തി (താ വോ ചീൻ)

മാമരത്തോപ്പൊന്നു നില്പൂ തണലിട്ടു
മാമകമന്ദിരത്തിൻ പുരോഭൂമിയിൽ
കാളും നിദാഘത്തിലെന്നങ്കണാങ്കത്തിൽ
നീളെ നിറയുന്നു നീലനിഴലുകൾ.
സന്തതം വേനലിൻസ്യന്ദനത്തെ സ്വയം
പിന്തുടർന്നീടുന്നു ദശക്ഷിണാത്യാനലൻ
തൽപ്രയാണോദിതവിശ്ലഥവീചികൾ
തട്ടി ത്രസിപ്പിതെന്നംശുകത്തുമ്പുകൾ!

കൃത്യാന്തരങ്ങൾതൻ ചങ്ങലച്ചുറ്റുക-
ളറ്ററ്റൊടുവിൽ സ്വതന്ത്രനാണിന്നു ഞാൻ.

അശ്രദ്ധമിന്നു നയിക്കാം സുഖം പൂത്ത

വിശ്രമത്തിൻറെ തണലിലെൻ ജീവിതം
നിദ്രയിൽനിന്നും സുഖമായുണർന്നേറ്റു
നിസ്തുലകാവ്യങ്ങളാസ്വദിക്കുന്നു ഞാൻ

മാൺപുറ്റ തോപ്പിൽക്കുളിരണിപ്പച്ചില-
ക്കൂമ്പിട്ടുനില്പൂ ഹരിതകത്തയ്യുകൾ.
പോയകാലത്തെ വിളവിലിങ്ങെൻറെ പ-
ത്തായത്തിൽ ബാക്കിയുണ്ടൊട്ടേറെയിപ്പൊഴും!
സ്വാശ്രയശക്തിയെന്നാവശ്യമൊക്കെയുടും
പ്രാപ്തമാക്കും ഞാനതിരിടുമെന്തിനും.
ആവശ്യമുള്ളതിനേക്കാൾ കവിഞ്ഞത-
ല്ലാവശ്യമെൻറെ, യിന്നാശ്വസ്തനാണു ഞാൻ!

ചാമ വറുത്തുപൊടിച്ചു ചെമ്മുന്തിരി-
ച്ചാറിൽക്കുഴച്ചു നല്ലോട്ടട ചുട്ടു. ഞാൻ
തെല്ലൊന്നനത്തിപ്പകർന്നെടുത്തീടുന്നു
നല്ല ചെമ്മുന്തിരച്ചാറു പാത്രങ്ങളിൽ.
കൊഞ്ചുന്നിതവ്യക്തവർണ്ണങ്ങൾ ചാരെയെൻ
പിഞ്ചുപൈതങ്ങൾ പറയാൻ പഠിക്കലിൽ!

ഈവക സർവ്വവും സന്തോഷസമ്പൂർത്തി
താവിത്തരുന്നിതാ പേർത്തുമെൻ ജീവനിൽ.
പൊയ്പോയരുദ്യോഗധാടിതൻ ജീർണ്ണിച്ച
തൊപ്പിയെത്തീരെ മറന്നുപോകുന്നു ഞാൻ
ദൂരത്തുദൂരത്തിലുറ്റനോക്കുന്നു ഞാൻ
ചാരുത ചാർത്തിയ വെള്ളിമേഘങ്ങളെ.
ഹാ, ചിന്തചെയ്വിതത്യാകംക്ഷയാർന്നതി-
പ്രാചീനാരാമാ യതീശ്വരന്മാരെ ഞാൻ!