ആശ്വാസം

സ്നേഹിപ്പീലെന്നെ, സ്നേഹിപ്പീലെന്നെ
സ്നേഹിപ്പീല നീയോമനേ!
ഇല്ലൊരു നെടുവീർപ്പിനോളവു-
മില്ലതിനു മഹത്വവും.
ഒന്നു നോക്കട്ടെ നിൻമുഖത്തു ഞാ-
നെന്നാ,ലെന്നിലും തൃഷ്ടനായ്,
പാരിലില്ലിന്നു കാണുകില്ലൊരു
വീരരാജാധിരാജനും!

ശക്തിയായെന്നെ നീ വെറുക്കുന്നു
ശക്തിയാ വെറുക്കുന്നു നീ.
ഓമലേം നിൻ ചുണ്ടുകൾതന്നെ-
യോതിയിട്ടുണ്ടാ വാസ്തവം.
എത്തിച്ചീടട്ടെയിന്നെനിക്കവ
തത്തിടുമൊരു ചുംബനം.
ആയതെമ്മട്ടിലാകിലും സ്വയ-
മാശ്വസിക്കുവേനെങ്കിൽ ഞാൻ!…

–ഹെൻറീച് ഹീനേ.

പോരിക

നീരാഴിക്കുണ്ടതിൻ നീടുറ്റ രത്നങ്ങൾ
നീലാംബരത്തിനു താരകങ്ങൾ
മന്മനം, മന്മനം;–മന്മനംതന്നിലോ
നിർമ്മലപ്രേമമാണുള്ളതെന്നാൽ!

താരാപഥവും തരംഗിതമായൊരാ
വാരാന്നിധിയുമനന്തമല്ലോ.

 

എന്നിരുന്നീടിലും, മായവയേക്കാളു-
മെന്മനമേറ്റമസീമമത്രേ!
താരഹാരങ്ങളും ഹീരാവലികളും
ചാരുപ്രഭാമയമാണെന്നാലും
ആയവയേക്കാളുമാരമ്യമായിടു-
മായിരമായിരമംശുജാലം,
ചിന്നിച്ചിതറിയും, മിന്നിത്തിളങ്ങിയു-
മെന്നനുരാഗമിതുല്ലസിപ്പൂ!

താരുണ്യതന്ത്രികേ,ലാവണ്യചന്ദ്രികേ
പോരിക പോരികെന്നോമലേ നീ.
നിസ്തുലേ! നിൻമഞ്ജുനൃത്തത്തിനിന്നെന്റെ
നിസ്സീമരാഗാർദ്രചിത്തമില്ലേ?
മന്മനോമണ്ഡപ,മംബരമണ്ഡല-
മമ്മഹാസാഗരമെന്നിതെല്ലാം
രാഗഭാരത്താലുരുകുകയായിതാ
രാഗപരവശേ, പോരിക നീ!