കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ : 

ഇങ്ങനെ ൬൪ ഗ്രാമത്തിൽ ബ്രാഹ്മണരും പെരുമാക്കളും കൂടി സ്വല്പകാലം രക്ഷിച്ചു വന്നതിന്റെ ശേഷം ൬൪ ഗ്രാമവും കൂടി യോഗം തികഞ്ഞു, തൃക്കാരിയൂർ ക്ഷേത്രത്തിൽ തിരുനാവായി മണപ്പുറത്ത കൂടി തല തികഞ്ഞു അടിയന്തരസഭയിങ്കന്നു നിരൂപിച്ചു “ഈവണ്ണം കല്പിച്ചാൽ മതി അല്ല; നാട്ടിൽ ശിക്ഷാരക്ഷ ഇല്ലാതെ പോം. ബ്രാഹ്മണർ നാടു പുറപ്പെട്ടു പോകേണ്ടിവരും; ഒരു രാജാവു വേണം” എന്നു കല്പിച്ചു ഐകമത്യപ്പെട്ടു പരദേശത്തു ചെന്നു (ആനകുണ്ടി കൃഷ്ണരായരുമായി കണ്ടു, പന്തീരാണ്ടു ൧൨ ആണ്ടു കേരളം പരിപാലിപ്പാൻ ഒരുത്തരെ അയക്കണം എന്ന അവധി പറഞ്ഞു, പല സമയവും സത്യവും ചെയ്തു) ഒരു പന്തീരാണ്ടു വാഴുവാൻ ആദി രാജാ പെരുമാളെയും; പിന്നെ പാണ്ടിപ്പെരുമാളെയും കല്പിച്ച അയക്കയും ചെയ്തു. അവരുടെ വാഴ്ച കഴിഞ്ഞ ശേഷം ക്ഷത്രിയനായ ചേരമാൻ പെരുമാളെ കല്പിച്ചു നിശ്ചയിച്ചു. അങ്ങനെ ചേരമാൻ പെരുമാളെ കൂട്ടി കൊണ്ടുപോരുമ്പോൾ, വാസുദേവമഹാഭട്ടത്തിരിയെ ശകുനം കണ്ടു, നടകൂടി കൊണ്ടു പോന്നു തൃക്കാരിയൂർ പൊന്മാടത്തിങ്കീഴ് അടിയന്തരം ഇരുന്നു. ൬൪ ഗ്രാമത്തിൽ ബ്രാഹ്മണർ കേരളരാജ്യം ൧൬0 കാതം അടക്കി, വാഴുവാന്തക്കവണ്ണം ആനായതീട്ടു കൊടുത്തു, ഏകഛത്രാധിപതിയായി അവരോധിച്ചു കൊൾവാന്തക്കവണ്ണം പൂവും നീരും കൊടുത്തു, ചേരമാൻ പെരുമാൾ കേരളരാജ്യം, ൧൬0 കാതം നീർ വാങ്ങുകയും ചെയ്തു. അന്നു കലി, സ്വർഗ്ഗസന്ദേഹപ്രാപ്യം ക്രിസ്താബ്ദം ൪൨൮.

അതിന്റെ ശേഷം ചേരമാൻ പെരുമാൾ ആകട്ടെ ൧൬0 കാതം നാടു നടന്നു നോക്കി കണ്ടെടുത്തു തൃക്കാരിയൂരും തിരുനാവായി മണപ്പുറവും വളർഭട്ടത്തുകോട്ടയും ഈ മൂന്നു ദേശവും സത്യഭൂമി എന്നു കല്പിച്ചു, വളർഭട്ടത്തു കോട്ടയുടെ വലത്തു ഭാഗത്തു ചേരമാൻ കോട്ടയും തീർത്തു, പിന്നെ ൧൮ അഴിമുഖവും നോക്കി കണ്ടെടുത്ത് തിരുവഞ്ചാഴി മുഖം പ്രധാനം എന്നു കണ്ടു, തിരുവഞ്ചക്കുളം എന്ന ക്ഷേത്രവും തീർത്തു, പല പെരുമാക്കന്മാരും അടിയന്തരമായിരുന്ന മഹാ ക്ഷേത്രങ്ങളിൽ ചേരമാൻ പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം ഇരുന്നു. ഇങ്ങിനെ ൧൨ ആണ്ടു വഴിപോലെ പരിപാലിച്ച ശേഷം പെരുമാളുടെ ഗുണാധിക്യം വളരെ കാൺക കൊണ്ടു, ൧൨ ആണ്ടു വാഴുവാന്തക്കവണ്ണം അവധി പറഞ്ഞിട്ടല്ലൊ കൃഷ്ണരായർ ചേരമാൻ പെരുമാളെ കല്പിച്ചതു പ്രമാണം അല്ല” എന്നു ബ്രാഹ്മണർ കല്പിച്ചു, പിന്നെയും ൧൨ ആണ്ടു നാടു പരിപാലിപ്പാൻ ചേരമാൻ കോട്ടയിൽ രാജലക്ഷ്മിയും വീർയ്യലക്ഷ്മിയും ഏറ പ്രകാശിക്കുന്നു എന്നു കണ്ടു, അവിടെ തന്നെ എഴുന്നെള്ളി, ഒരു കട്ടിലയും നാട്ടി, ചേരമാൻ കട്ടിലെക്കകത്തു പല അടുക്കും ആചാരവും കല്പിച്ചു, പരദേശത്തുനിന്നു കൊണ്ടുപോന്ന രാജസ്ത്രീയെ ബ്രാഹ്മണനെകൊണ്ടു വിവാഹം കഴിപ്പിച്ചു, അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയൻ എന്നും കല്പിച്ചു. ൟ കേരളത്തിൽ നല്ല സൂർയ്യക്ഷത്രിയരെവേണം എന്നു ബ്രാഹ്മണരും വെച്ചു, വസ്തു തിരിച്ചു കൊടുക്കയും ചെയ്തു. അങ്ങിനെ ആ ക്ഷത്രിയസ്ത്രീയെ മൂഷികരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ വാണ ചിത്രകൂടത്തിന്റെ സമീപത്ത് ഒരു കോയിലകം തീർത്തു, അവിടെ തന്നെ ഇരുത്തി, അതിൽ ൨ പുരുഷന്മാരുണ്ടായി, ജേഷ്ഠനെ ചിത്രകൂടത്തിങ്കലും അനുജനെ തുളുനാട്ടിലും കല്പിക്കയും ചെയ്തു. ചേരമാൻപെരുമാൾ ചേരമാൻ കോട്ടയിൽ വാഴുന്ന കാലത്തു ഉത്തര ഭൂമിയിങ്കൽ മാലിനി എന്ന ഒരു നദീതീരത്തിൽ ഇരുവർ വെള്ളാളസ്ത്രീകളും ഒരു രാജസ്ത്രീയും കൂടി നീരാട്ടത്തിന്നു വന്നതിന്റെ ശേഷം, പുഷ്പത്തിൻ സുഗന്ധം കേട്ടു, പുഷ്പം പറിപ്പാൻ മൂവരും തോണിയിൽ കയറീട്ടു, തോണിയുടെ തല തെറ്റി, സമുദ്രത്തിങ്കലകപ്പെട്ട്, ഏഴിമലയുടെ താഴ വന്നടുക്കയും ചെയ്തു. അവർ മൂവരും തോണിയിൽ നിന്നിറങ്ങി, മലയുടെ മുകളിൽ കരയേറിനില്ക്കയും ചെയ്തു. ആ വർത്തമാനം ചേരമാൻ പെരുമാൾ അറിഞ്ഞപ്പോൾ, അവരെ കൂട്ടിക്കൊണ്ടുവരുവാൻ അരുളിച്ചെയ്തു, പരവതാനിക്കൊട്ടിൽ ഒരു വിളക്കും പലകയും വച്ചു, പൊന്നിന്തളികയിൽ അരിയുമിട്ടു നില്ക്കുംപോൾ, മൂവരും ചേരമാൻ കോട്ടയുടെ അകത്തുകടന്നു, അതിൽ ഒരു സ്ത്രീ ആസ്ഥാനമണ്ഡപത്തിന്നു നേരിട്ടു ചെന്നു, ഒരു കാൽ എടുത്തു വെപ്പാൻ ഭാവിച്ചു, പരവതാനിക്കൊട്ടിൽ കരേറാതെ, തമ്പുരാൻ എഴുന്നെള്ളിയതിന്റെ വലത്തു ഭാഗത്ത് നിൽക്കയും ചെയ്തു. മറ്റെ സ്ത്രീ തമ്പുരാൻ എഴുന്നെള്ളിനിന്നതിന്നു നേർ പെടാതെ ചുഴന്നു തമ്പുരാന്റെടത്തു ഭാഗത്തു ചെന്നു നിന്നു. മൂന്നാമതു രാജസ്ത്രീ തമ്പുരാന്റെ നേരെ വന്നു, ആസ്ഥാന മണ്ഡപത്തിൽ കരേറി, വഴി പോലെ വന്ദിച്ചിരിക്കുകയും ചെയ്തു. അതു കണ്ടു പെരുമാൾ പൊന്തളികയിൽ അരിവാരി മൂന്നു വട്ടം തൃക്കൈ കൊണ്ടു ചാർത്തി ഇവളിലുണ്ടാകുന്ന സന്തതി ഏഴിഭൂപൻ എന്നരുളിച്ചെയ്തു, അവർക്കീ രാജ്യത്തിനവകാശം എന്നും കല്പിച്ചു, തമ്പുരാട്ടിക്ക് എഴുന്നെള്ളി ഇരിപ്പാൻ ഏഴിമലയുടെ താഴെ എഴോത്ത കോയിലകവും പണി തീർത്തു. നേരിട്ടു വന്നതു നെർപ്പട്ടസ്സ്വരൂപം ചുഴന്നതു ചുഴലിസ്സ്വരൂപം പിന്നെ മലയാളത്തിൽ ൧൮ അഴിമുഖത്തുനിന്നും കച്ചോടം ചെയ്യെണം എന്നു കല്പിച്ചു, പല വർത്തകന്മാരേയും ചോനകരേയും വരുത്തി ഇരുത്തി. പെരുമാൾ ജനിച്ചുണ്ടായ ഭൂമി ആർയ്യപുരത്ത വേളാപുരം എന്ന നഗരത്തിങ്കന്നു ഒരു ചോനകനെയും ചോനകസ്ത്രീയേയും വരുത്തി, ആർയ്യപ്പടിക്കൽ ഇരുത്തി, ഇവരെ ഇരുത്തേണ്ടും നല്ല പ്രദേശം നാട്ടിന്നു ഒരു കണ്ണാക കൊണ്ടു കണ്ണന്നൂർ എന്നും വേളാപുരം എന്നും പേരുമിട്ടു. ചോനകനെ അഴിരാജാവെന്നും സ്ത്രീയെ ഉമ്മ എന്നും കല്പിച്ചു. അരിയും ഇട്ടിരുത്തുകയും ചെയ്തു. ശേഷം പെരുമാളുടെ ഗുണാധിക്യം ഏറ കാൺക കൊണ്ടു ബ്രാഹ്മണർക്ക് ചേരമാൻ പെരുമാളെ പിരിഞ്ഞു കൂടാ എന്നു കല്പിച്ചു.