ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു: 

 

ചേരമാന്നാട്ടിൽ ൧൭ നാടും ൧൮ രാജാക്കന്മാരും ഉണ്ടു. കോലത്തിരി, വേണാടു, പെരിമ്പടപ്പു, ഏറനാടു ഇങ്ങനെ നാലു സ്വരൂപം ബൌദ്ധൻമാർ വന്നു ബലവീർയ്യം നടത്തി കർമ്മഭൂമി ക്ഷയിച്ചു പോകാതെ ഇരിപ്പാൻ, വേണാട്ടക്കരെ തൃപ്പാസ്വരൂപത്തിങ്കൽ ഐശ്വർയ്യവും, പെരിമ്പടപ്പിൽ യാഗാദി കർമ്മവും, നെടിയിരിപ്പിൽ വാൾ പൂജയും, കോലസ്വരൂപത്തിങ്കൽ കീഴിൽ വാണ പെരുമാക്കൻമാരുടെ സേവയും കല്പിച്ച പ്രകാരം ചെയ്താൽ ഗുണം കാണാം. ചേരമാന്നാട്ടിൽ മൂവർ രാജാക്കന്മാർ തിരുപട്ടം കെട്ടി തണ്ടിൽ കയറി അരി ഇട്ടു വാണിരിക്കുന്നു; അതിൽ ഗജപതി വേണാടടികൾ ൩൫0000 അശ്വപതി കോലത്തിരി ൩൫0000 നായർ, നരപതി നൊമ്പടെ തമ്പുരാൻ മഹാ രാജാവു, അകമ്പടി ജനം ൧0000 ചുരിക കെട്ടി ചേകം എന്നു കേട്ടിരിക്കുന്നു. അതിൽ കോലസ്വരൂപത്തിന്നു മുമ്പും കല്പനയും എന്നും ശേഷം നാടും ഒക്കെയും കോലത്തിന്നു അവയവങ്ങൾ എന്നു ചേരമാൻ പെരുമാളുടെ അരുളപ്പാടു. രാജാക്കൻമാരിൽ എണ്മർ സാമന്തർ അഞ്ചവകയിൽ കോവിൽ രാജാക്കൻമാർ ൫ വഴി “ക്ഷത്രിയർ അയലൂർ, ശാർക്കര, പറപ്പൂർ, പടിഞ്ഞേറ്റേടം, മാടത്തിങ്കീഴ്. നാലു(ആറു) വക വെള്ളാളർ ആകുന്നതു. പത്തു കുറയ നാന്നൂറ് പ്രഭുക്കന്മാരും ഉണ്ടു. അവരുടെ രാജധാനികൾ എടം, മടം, കോവിലകം, കോട്ട, കോട്ടാരം എന്നിങ്ങിനെ അതത് പേരുമുണ്ടു.

മികച്ചനാടു പൊലനാടു, പൊലനാട്ടഴിഞ്ഞമർയ്യാദ ഇടനാട്ടിൽ നടത്തുന്നു; മുന്നാഴിപ്പാടു എല്ലാടവും നടപ്പാകുന്നു; അതിന്നു ൧൮ ആചാരം ഉണ്ടു, നടുവർകൂടുന്നടം പലപ്രകാരം പറയുന്നു; പടക്കൂട്ടം, നടുക്കൂട്ടം, നായാട്ടുകൂട്ടം, നിഴൽക്കൂട്ടം, (യോഗ്യക്കൂട്ടം) ഇങ്ങിനെ ൪ കൂട്ടമുണ്ടു. കൊള്ളക്കൊടുക്ക മർയ്യാദയും കാണജന്മമർയ്യാദയും ൪ പാടും ർ തോലും ആറു നായാട്ടും നായാട്ടു പരദേവതമാരും എന്നിങ്ങിനെ ഉള്ളവ വളരെ പറവാൻ ഉണ്ടു.