മറ്റൊരുനാരി പറഞ്ഞാളപ്പോൾ

 

“മറ്റൊരു ചിന്ത നമുക്കില്ലേതും
മറ്റൊരു പുരുഷൻ വീട്ടിൽ വരുമ്പോൾ
ഏറ്റം നമ്മുടെ നായർകലമ്പും
കുറ്റംവാശ്ശതുമൊന്നുണ്ടാക്കി
കൊറ്റുമുടക്കാൻ മടിയില്ലവനും
പെറ്റമ്മക്കിട്ടടികൂടുന്നവർ
മറ്റുള്ളവരൊടു നേരായ് വരുമോ ?
മുള്ളല്ലാതൊരു വാക്കില്ലങ്ങേ-
ർക്കുള്ളിൽ കൂറെന്നുള്ളതുമില്ലാ.
ഉള്ളൊരു നെല്ലും പണവും പാടേ
കള്ളുകുടിച്ചു കുടിച്ചുമുടിച്ചു.
കഞ്ഞികുടിപ്പാനില്ലാഞ്ഞെന്നുടെ
കുഞ്ഞുകളേറ്റു നടക്കാതായി.
ഇങ്ങിനെ തലയിലെഴുത്തെന്നാകില-
തെങ്ങനെ ഞാനതൊഴിച്ചീടേണ്ടു?”

 

 

അതു കേട്ടപ്പൊളൊരച്ചി പറഞ്ഞാൾ :
ഇതു കേട്ടാലും കൊച്ചനിയത്തി
അതിയായിട്ടൊരു വീടു പുലർത്താൻ
മതിയായിട്ടൊരു നായരെനിർത്താൻ.

 

“അമ്മയ്ക്കാഗ്രഹമുണ്ടായപ്പോൾ
അമ്മാവിക്കതു സമ്മതമല്ലാ
അമ്മാമന്റെ മനസ്സുമറിപ്പാൻ
അമ്മാപാപിക്കെത്ര വിശേഷം !

 

വല്ലാതൊരു ഭോഷച്ചാർ നമ്മെ
ഇല്ലത്തേക്കും കൊണ്ടുതിരിച്ചാൽ
നെല്ലുകൊടുത്തു കറുപ്പും തിന്നൊരു
കല്ലുകണക്കിനു കുത്തിയിരിക്കും.