(ഇന്ദിശ-രാഗം , കണ്ടനാച്ചി താളം)

 

 

തടിച്ചൊരു ഗന്ധർവ്വൻ മഹാകശ്മലൻ അടിച്ചു
പിടിച്ചു കെട്ടിക്കൊണ്ടു തിരിച്ചു ശിവ! ശിവ!
ഒരുത്തൻ വരുത്തന്നൊരനർത്ഥങ്ങളാൽ
കരത്തിന്നൊരു കരുത്തുമില്ലാ ഞങ്ങൾ കനക്കെതരംകെട്ടു
വലഞ്ഞു വശംകെട്ടുവയംകേവലം വലക്കകത്തു
പതിച്ച മൃഗങ്ങളെക്കണക്കെ ശിവ ശിവ!
സഖേ! ധർമ്മജ! വീര! സമീരാത്മജ! സരസ! പാർത്ഥ
നകുല! സഹദേവ ! വരികവിരവൊടെ
നിരാധാരരായുള്ള ജനങ്ങൾക്കഹോ നിങ്ങളെ
ന്നിയേ മറ്റൊരു ജനമില്ല ശരണമതുദൃഢം
കുരുക്കൾക്കു വന്നീടും തരക്കേടഹോ കുലത്തി-
ലുള്ള ജനങ്ങൾക്കൊക്കെത്തന്നെ സമമെന്നറികെടോ

 

ഇത്തരമുള്ളൊരു മുറവിളികൊണ്ടകഥ
പത്തുദിഗന്തരമൊക്കെ മുഴങ്ങി
സത്വരമതുകേട്ടധികദയാനിധി
സത്വഗുണാംബുധി ധർമ്മതനൂജൻ

ഗന്ധവഹാത്മജനോടരുൾചെയ്തു :-

 

“ഗന്ധർവന്മാർവന്നിഹ നമ്മുടെ
ബന്ധുജനങ്ങളെയെല്ലാം വിരവൊടു
ബന്ധിച്ചുംകൊണ്ടങ്ങുതിരിച്ചു.

 

ബന്ധംകൂടാതിങ്ങനെ ചെയ്വതി-
നന്ധതതാനൊരു കാരണമിപ്പോൾ
അന്ധൻ ജനകനുമിക്കഥകേട്ടാൽ
അന്തസ്താപംകൊണ്ടു മരിക്കും.

എന്തെങ്കിലുമുടനനുജന്മാരുടെ
സന്താപങ്ങളൊഴിക്കണമിപ്പോൾ
അന്തരമില്ലിതു ചെയ്തീലെന്നാൽ
എന്തിനു നമ്മുടെ ധർമ്മവിചാരം ?

 

ദുര്യോധനനും ദുശ്ശാസനനും
ദൂഷണമനവധി ചെയ്തവരെങ്കിലു-
മയ്യോ ഞങ്ങൾ വലഞ്ഞെന്നിങ്ങനെ
കയ്യും മെയ്യും വശമല്ലാഞ്ഞവർ

 

നമ്മെ വിളിച്ചു കരഞ്ഞതുകേട്ടിഹ
ചുമ്മയിരിപ്പുതചിതമോ സഹജ ?
ധർമ്മം നൃപതിക്കാശ്രിതരക്ഷണ-
കർമ്മതമല്ലോ സഹജന്മാരേ!”

 

ദുർമ്മദമിപ്പോളരുതരുതുരതര-
ദുരിതം വരുമതിനനവധിമേലിൽ
അഗ്രജവചനം കേട്ടൊരുമേരമു
ദഗ്രപരാക്രമിയാകിയ ഭീമൻ

 

അഗ്രേനിന്നു പറഞ്ഞുതുടങ്ങി സ-
മഗ്രാഹം കൃതിശാലിഗഭീരൻ-
“അടിയങ്ങൾക്കിഹ നാലുജനത്തിനൂ-
മരുളിച്ചെയ്തൊരു കല്പനകേൾക്കാൻ
മടിയെന്നുള്ളതുമില്ലിഹധർമ്മം
പിടിപാടില്ലാത്താളുകളല്ലാ
കള്ളച്ചൂതുകൾകൊണ്ടുചതിച്ചൊരു
കള്ളന്മാരുടെ കപടമതോർത്താൽ

 

ഉള്ളംതന്നിലൊരല്പം കനിവെ-
ന്നുള്ളതു സംപ്രതി തോന്നുന്നീലാ.
തള്ളവുമവരുടെ തുള്ളലുമൊരുവക
ഭള്ളുംപെരുകിന കള്ളവുമോർത്താൽ
കൊള്ളാമിത്തൊഴിൽ താനേവന്നതു
കോലാഹലമെന്നെന്നുടെ പക്ഷം.
ഗന്ധർവ്വന്മാർ സരസന്മാരവർ
എന്തെന്നില്ലാത്താളുകല്ലവർ
ബന്ധംകൂടാതല്ലവരിവരെ-
ബ്ബന്ധിച്ചങ്ങനെ കൊണ്ടുതിരിച്ചു.
പാലുകുടിച്ചു തടിച്ചൊരുകൂട്ടം
വാലില്ലാത്ത കുരങ്ങച്ചന്മാർ.