സംസർഗ്ഗപദ്ധതി

ൽസംഗമം വരിക്കേണം; -സദാലാപം ശ്രവിക്കണം;
സന്മാർഗ്ഗത്തിൽച്ചരിക്കേണം -സൽസമ്മതി ലഭിക്കണം

സമീപിക്കാമെളുപ്പത്തിൽ; ഛായയും ഫലവും തരും;
മറ്റുള്ളവർക്കായ് ജീവിപ്പൂ -മഹാനും മാർഗ്ഗശാഖിയും

തണുപ്പും വെണ്മയും ചേരും -സാധുസംഗമഗംഗയിൽ
സ്നാതനാവോൻ വിശുദ്ധൻതാൻ -തപസ്സിൻക്ലേശമെന്നിയേ.

വിജ്ഞസംസർഗ്ഗവൃക്ഷത്തിൽ -വിവേകാഭിധമാം സുമം
വിരിഞ്ഞു നമ്മൾക്കേകുന്നു -വിജയാഭിഖ്യമാം മധു.

ചന്ദനം ശീതമെന്നാളും; -ചന്ദ്രൻ ശീതനതിന്നുമേൽ;
ചന്ദ്രന്നുമേലും ശീതം താൻ -സർവർക്കും സാധുസംഗമം.

സൽസംഗമം ലഭിച്ചോനു -ശത്രുപോലും സഹോദരൻ;
മരുപോലും മലർക്കാർവു; -മരണം പോലുമുത്സവം

തുച്ഛർക്കുമുളവാം മേന്മ -സുമനസ്സംശ്രയത്തിനാൽ;
നാരിതൻ കൂന്തലിൽച്ചേരും -നാരിതിന്നു നിദർശനം

കൈവിടില്ലാശ്രയിച്ചോനെ -ക്കാലം മാറുകിലും മഹാൻ;
ഓഷധീശന്നു തന്നങ്ക -മൊപ്പം വൃദ്ധിക്ഷയങ്ങളിൽ

പുഴയിൽക്കഴിനീർ ചേർന്നാൽ -പ്പൂതമാം മധുരോദകം
കടലിൽപ്പുഴനീർ ചേർന്നാൽ -ക്കശ്മലം ലവണോദകം

ജലം മൗക്തികമാകുന്നു -ചിപ്പിക്കുള്ളിൽപ്പതിക്കുകിൽ;
കൺമറഞ്ഞാവിയാകുന്നു-കത്തും ചെന്തീയിൽ വീഴുകിൽ;

പൂവോടു ചേരും മണ്ണിന്നു-പൂവിൻ ഗന്ധമുദിച്ചിടും;
മറിച്ചാവില്ല, തിന്മട്ടാം -മഹൽക്ഷുദ്രസമാഗമം.

തമസ്സകറ്റും തിഗ്മാംശു-താപം തീർക്കും സദാഗതി,
അഘംപോക്കുന്നു ഗായത്രി, -യാശ നല്കും സുരദ്രുമം.

മങ്ങാത്ത പദവീദീപം; -വാടാത്ത മലർമാലയും,
മറ്റുമായ്ക്കാത്തുകൊള്ളുന്നു-മർത്ത്യരെസ്സാധുസംഗമം.
(യുഗ്മകം)

താങ്ങില്ല മധ്യമന്മാരെ-ത്താണോരുത്തമർപോലവേ;
അദ്രിതൻ താപമാറ്റുന്നീ-ലഭ്രത്തിന്നൊപ്പമായ് നദി.

കല്യാണഹരിണത്തിന്നു -കാട്ടുതീ ഖലസംഗമം,
ധർമ്മശാഖിക്കു മത്തേഭം -ജ്ഞാനദീപത്തിനാശുഗം.

 

വിരിഞ്ഞു മേന്മേൽക്കൃശമായ് -വെണ്മയറ്റു വളഞ്ഞതായ്
കൂർത്തൊരഗ്രമെഴും പോത്തിൻ-കൊമ്പുതാൻ ദുഷ്ടസൗഹൃദം.

വക്ത്രം വൈരൂപ്യമാർന്നീടാൻ -ശ്വിത്രമെത്ര പരക്കണം?
ഭോജനം ദുഷ്ടമായീടാൻ-പുഴുവെത്ര കിടക്കണം?

വിപിന്നത വരാൻ മർത്ത്യൻ -വിഷമെത്ര കുടിക്കണം?
അല്പംപോരും പതിച്ചീടാ-നാർക്കും ദുർജ്ജനസംഗമം.
(യുഗ്മകം)
എത്രമേൽ നീരൊഴിച്ചാലു-മേതും പാറ വളർന്നിടാ;
സമുത്ഥാനേച്ഛയുള്ളോരു-ശാഖി വാച്ചു തഴച്ചിടും.

നാകത്തിൽ നമ്മെയേറ്റീടും -നൽക്കോവണികൾ സത്തുകൾ;
നിരയത്തിലിറക്കീടും -നീശ്രേണികളസത്തുകൾ.