മിത്രപദ്ധതി

യഥാർത്ഥാനന്ദമേവർക്കു-മേകുവാനീശദത്തമായ്
മിത്രമെന്നുണ്ടൊരുൽകൃഷ്ട-രത്നമീ രന്തഗർഭയിൽ.

ഓരോന്നു കട്ടുകൊണ്ടോടാ-നൊട്ടേറെപ്പേർ വയസ്യരാം;
ആ മിത്രമുഖരാം മാറ്റാ-രവശ്യം ത്യാജ്യരാർക്കുമേ.

വെള്ളത്തുള്ളിയൊടൊത്താലും-വിഴുങ്ങീടൊല്ല പാരദം;
ലളിതാവേഷമാർന്നാലും-ലാളിച്ചീടൊല്ല യക്ഷിയെ.

വേണ്ടപോലെ പരീക്ഷിച്ചു-വിശ്വാസം വന്നതിന്നുമേൽ
മിത്രമായ് സ്വീകരിച്ചീടാം-വിവേകിക്കു വിശിഷ്ടനെ.

സൂക്ഷിച്ചുവേണം കൈകൊൾവാൻ-സുഹൃദ്വിപ്രവധുക്കളെ;
കൈകൊണ്ടാലില്ല വേർപാടു -കാലധർമ്മത്തിലെന്നിയേ.

ഉടലോടുയിർചേരുമ്പോ-ളുദിച്ചീടുന്നു ജീവിതം;
ഉയിരോടുയിർ ചേരുമ്പോ-ളുത്ഭവിക്കുന്നു സൗഹൃദം.

കാണേണ്ട കേൾക്കയും വേണ്ട; -കരൾകൊണ്ടോർത്തിടുമ്പൊഴും
അന്തരംഗം ദ്രവിച്ചീടി-ലതുതാൻ സ്നേഹലക്ഷണം.

തിന്മവിട്ടു കരേറ്റണം; നന്മയിങ്കൽ നയിക്കണം;
വെടിയൊല്ലേതുകാലത്തും;-മിത്രത്തിൻ ശൈലിയിത്തരം.

ഉറപ്പേറീടുമാപത്താ-മുരകല്ലിലുരയ്ക്കവേ
ചെറ്റെങ്ങാൻ വേഴ്ചയാം പൊന്നിൽ-
ച്ചെമ്പുണ്ടെങ്കിൽത്തെളിഞ്ഞിടും.

 

ശൂരൻ വെളിപ്പെടും പോരിൽ; -ശുചിയേകാകിയാകുകിൽ
സാധ്വി ഭർത്താവിരന്നീടിൽ; -സന്മിശ്രം ഭാഗ്യഹാനിയിൽ

തോളൊന്നുവിട്ടു മറ്റൊന്നിൽ-ച്ചുമലും ചുമടിൻപടി
ദുഃഖിക്കു ദുഃഖം നീങ്ങുന്നു-സുഹൃത്തിൻ ഹൃത്തിൽ വീഴവേ

വ്യാധികൊണ്ടുള്ള വൈരൂപ്യ-മാധികൊണ്ടുള്ള കാർശ്യവും
മിത്രദൃക്കഴകായ്ക്കാണ്മൂ-വിപത്താം ദർശരാത്രിയിൽ

കരങ്ങൾപോലെ മേനിക്കു,-കണ്ണിന്നിമകൾ പോലെയും,
കാവലായ് നില്പു നമ്മൾക്കു-കാംക്ഷവിട്ട സുഹൃത്തുകൾ

ഒന്നിച്ചിരിക്കുവാ,നുണ്ണാ,-നോരോ കാര്യമുരയ്ക്കുവാൻ-
ഈ മൂന്നിനും സുഹൃത്തുള്ളോ-ർക്കിളതാൻ ത്രിദശാലയം

ഒറ്റക്കു നാം ഭുജിക്കേണ്ട-തൊന്നു താൻൢഇൻ ഗദം;
മറ്റുള്ളതൊക്കെയും മേന്മേൽ-മധുരിക്കും സജഗദ്ധിയിൽ

പേർത്തും കാട്ടേണ്ട നാമുള്ളം-പിതൃഭ്രാതൃവധുക്കളെ;
അധികാരികളാക്കാഴ്ച-യ്ക്കന്തരാത്മാവുമിഷ്ടനും

ദർപ്പണം വസ്തുവിൻ രൂപം ദർശിപ്പിക്കുന്ന രീതിയിൽ
സുഹൃത്തിൻ സുഖദുഃഖങ്ങൾ-സുഹൃത്തിൻ മേനി കാട്ടിടും

രണ്ടിഷ്ടർക്കേതുമോതിടാ, രഹസ്യം നിർവിശങ്കമായ്;
മൂന്നമനരികിൽച്ചെന്നാൻ-മുടിഞ്ഞു സങ്കഥാസുഖം.

താനും സുഹൃത്തുമൊന്നെന്ന-തത്ത്വം ഞാനെന്നുമോർക്കണം;
പുകളെൻ മിത്രമാർന്നീടിൽ-പുളകം ഞാൻ വഹിക്കണം

പഴകുംതോറുമേറുന്നൂ-പലവസ്തുക്കൾ മേന്മയിൽ;
സൂക്ഷ്മത്തിലില്ലിവയ്ക്കൊന്നും-സുഹൃത്തിന്നൊപ്പമാം ഗുണം