രചന:കുഞ്ചന്‍ബനമ്പ്യാര്‍

അർക്കനുദിച്ചൊരു സമയേ കുന്തിയു-
റക്കമുണർന്നഥ പുത്രന്മാരും
നോക്കുന്നേരത്തരികേ നല്ലൊരു
മയ്ക്കണ്ണാളെക്കണ്ടതിമോദാൽ;
“എന്തു നിനക്കിഹ പെരെന്നുള്ളതു-
മേതു കുലേ തവ ജനനമിതെന്നും
എന്തു മനോരഥമുള്ളതശേഷം
സന്തോഷേണ പറഞ്ഞാലും നീ;”
കുന്തീദേവി പറഞ്ഞതു കേട്ടു
സന്താപത്തെ വെടിഞ്ഞിതു സുന്ദരി
തന്നുടെ കുലവും തന്നുടെ പേരും
തന്നുടെയുള്ളിൽ മനോരഥമെല്ലാം
ഉള്ളതശേഷവുമങ്ങറിയിച്ചു
ഉള്ളിൽക്കനിവൊടു ലളിതാരൂപിണി.
“പുത്രി ഹിഡിംബി! നിനക്കിഹ നമ്മുടെ
പുത്രനെ വരണം ചെയ്‍വാനാഗ്രഹ-
മെന്നു പറഞ്ഞതിനിന്നിഹ കിഞ്ചന
തടവുണ്ടായതു ബോധിച്ചാലും;
നമ്മുടെ വല്ല്യുണ്ണിക്കു വിവാഹം
സംഗതിവന്നീലായതുമൂലം
രണ്ടാമ്മകനു വിവാഹത്തിനു വിധി-
യുണ്ടായില്ലതു ബോധിച്ചാലും;