എട്ടാം അഷ്ടപദി ഭാഷ

 

 

ചന്ദനവും ചന്ദ്രന്റെ വെണ്ണിലാവും
മന്ദനാം മലയമരുത്തും
സന്ദഹിപ്പാ നിവ തീയും കാറ്റും പോലെ
സുന്ദരിയോടണയുന്നു
ഹാ, വിരഹംകൊണ്ടു രാധാ, കൃഷ്ണാ,
വാവിട്ടു കരയുന്നു കാമം
പൂവമ്പന്റെ വമ്പുപേടിച്ചവള്‍ നിങ്കല്‍
ഭാവനയാ മുഴുകുന്നു (ഹാ)

അദയനനംഗനെയ്യുമമ്പുകൊള്ളാത്തോണം
ഹൃദയേ നിന്നെ രക്ഷിപ്പാന്‍
അംബുരുഹദളമാലയെ മുഹുരപി
ധവളനീര്‍ തളിച്ചണിയുന്നു (ഹാ)

സാ മത്തകാമന്റെ ശരതല്‍പ്പകല്‍പ്പമാം
പൂമെത്തയിന്മേലിദാനീം
ശ്രീമത്തമാനിന്നെപ്പുണരുവാന്‍ വ്രതിനിവ
നാമത്തെ ജപിച്ചിട്ടുശേതേ (ഹാ)

ചണ്ഡനാം രാഹുവിന്റെ പല്ലുപതിച്ചിട്ടു
ചലദമൃതം ചൊരിഞ്ഞിടും
ചന്ദ്രനെപ്പോലെ കണ്ണീരിനെ വാര്‍ക്കുന്ന
വദനത്തെ വഹിക്കുന്നു വാമാ (ഹാ)

വസ്തുതയാ മാരന്‍ തന്നെയാം നിന്നെയും
കസ്തൂരികൊണ്ടു മീനത്തേയും
കൈത്തലേ മാവിന്റെ പൂ കണയാക്കീട്ടും
ഭിത്തിമേലെഴുതിത്തൊഴുന്നു (ഹാ)

തൊഴുമ്പൊളൊക്കെയുമിവളതിനെയുമിരക്കുന്നു
മഴകൊണ്ടല്‍വര്‍ണ്ണാ നമസ്‌കാരം
പിഴച്ചാലും ത്യജിക്കല്ലേ പീയുഷനിധിയു
മെഴുന്നുവന്നെന്നെ വെണ്ണീരാക്കും (?) (ഹാ)

ധ്യാനലയം കൊണ്ടഗ്രഭുവി ത്വാ
മാനയിച്ചീടുന്നു നിര്‍ത്തീടുന്നു
മാനിനി വിലപിക്കുന്നു ഹസിക്കുന്നു
മനസി വിഷാദിക്കുന്നു (ഹാ)

ശ്രീജയദേവനാം കവിയാല്‍ കഥിതം
ശ്രീജയദമിദം ഗേയം
രാജതി രാധാസഖിയുടെ വചനം
രാജര്‍ഷീശ്വരനാലും. (?) (ഹാ)

 

ശ്ലോകം

ആവാസോ വിപിനായതേ പ്രിയസഖീമാലാപി ജാലായതേ
താപോ നിശ്വസിതേന ദാവദഹനജ്വാലാ കലാപായതേ !
സാപി തദ്വിരഹേണ ഹന്ത ! ഹരിണീരൂപായതേ ഹാ! കഥം
കന്ദര്‍പ്പോപി യമായതേ വിരചയന്‍ ശാര്‍ദ്ദൂലവിക്രീഡിതം !!

പരിഭാഷ
(ആര്യാ)

വീടുകൊടുംകാടായി
വടിവോടുടനാളിമാല വലയായി
ചൂടീശനിശ്വസിതകാ
റ്റേറ്റുവളര്‍ന്നിട്ടു കാട്ടുതീയായി
അവളും നിന്തിരുവടിയുടെ
വിരഹംകൊണ്ടിവിടെ മൃഗവധുവായി
കന്ദര്‍പ്പന്‍ കടുവായുടെ
കൂട്ടു കളിച്ചിട്ടു കാലനായ് വരുമോ.