മൃണാളിനി

ത്തിന്നു മേലായ് മണി; പാരമാരാവിങ്കലും
സുപ്തിയിൽ സുഖം നേടും കാലമായ് സുകൃതികൾ.
അടച്ചുപൂട്ടിപ്പോയീ കതകപ്പണക്കാരർ;
കടക്ക മുന്നോട്ടു നാമിരുട്ടിൽത്തപ്പിത്തപ്പി
അല്പം നിന്നല്പം തിന്മാൻ വെൺചിതലുഴിഞ്ഞിട്ട
കുപ്പമൺചെറ്റപ്പുരയൊന്നതാ! പുരോഭൂവിൽ!
അകമേയല്ലിൻപറ്റം വിഴുങ്ങാൻ ചൂഴ്ന്നങ്ങൊരു
തകരക്കൈച്ചിമ്മിണി പുകഞ്ഞു കത്തീടുന്നു.
ഹാ! പരം തത്രത്യയാമലക്ഷ്മീദേവിക്കതു
ധൂപദീപാരാധനമൊന്നിച്ചു നടത്തുന്നു.
ഇല്ല തീ,യതല്ലാതെ മറ്റെങ്ങും; അടുപ്പത്തു
കല്ലരീ കൈവന്നല്ലീ കായനീരനത്തേണ്ടു?

 

II

തുറന്നു കിടക്കുമന്നടയിൽ നില്പുണ്ടൊരു
വറുതിപ്പിശാചിക!-അല്ലല്ല, വനിതയാൾ.
ബാധയോ? ശാന്തം പാപം! ദീനയാമത്തന്വിക്കു
ജാതകവേളയെന്യേ മറ്റൊന്നും പിഴച്ചീല.
വ്ധി-സർവ്വവും കീഴ്മേൽ മറിപ്പൊ-ന്നവൾക്കയ്യോ
പതിനെട്ടിങ്കൽപ്രായമെൺപത്തൊന്നാക്കിത്തീർത്തു.
ചാളതൻ ചങ്ങാതിയല്ലമ്മങ്ക ജനനത്തിൽ-
കാലനീരൊഴുക്കുത്തിലങ്ങുചെന്നടിഞ്ഞവൾ.
മാലുകൊണ്ടുഴന്നുഴന്നോമനപ്പൂമെയ് വെറും
തോലുമെല്ലുമായ് മാത്രം ശേഷിച്ചോരത്തയ്യലാൾ
ഒരിക്കൽ തണ്ടാരിൽമാതടിമപ്പണിചെയ്തോ-
ളരക്കൈ രതിയുമായഴകിൽപ്പൊരുതിനോൾ!
കെട്ടുമിൻനുറുക്കൊന്നു കഴുത്തിൽപ്പൂണ്മോളവൾ!
കെട്ടിടാറാമമ്മുറിച്ചിമ്മിണിത്തിരിപോലെ.
ജന്മത്തെപ്പാഴാക്കിനോൾ വേളിയാൽ-മാവെന്നോർത്തു
മുൾമുരുക്കിനെച്ചുറ്റി മുല്ലപോയ് മോഹത്തിനാൽ.

 

III

ഭദ്രനെ, സൗന്ദര്യവാൻ, വിത്തവാൻ, വീരൻ, യുവാ–
വിത്തരത്തിങ്കൽമാത്രമീക്ഷിച്ചോൾ മൃണാളിനി.
ശ്ലാഘ്യമാമച്ചന്ദനമരത്തിന്നകത്തൊരു
മൂർഖപ്പാമ്പിരിപ്പതമ്മുഗ്ദ്ധയാൾ ധരിച്ചീല.
ഒരു കുറ്റമേയുള്ളു-കുടി-അപ്പുമാന്നെല്ലാം
ശരിമ.റ്റടിമാത്രമുടഞ്ഞതപ്പൊൻകുടം.
വിത്ത:മാരോഗ്യം, രൂപം, യശസ്സു വൃത്തം, ശ്രുത–
മിത്തരം സർവസ്വവും മേൽക്കുമേൽ ഹോമിച്ചവൻ
എന്നെന്നും മദ്യസേവയേകതാനനായ്ച്ചെയ്താൻ
നിർന്നിദ്രൻ-നിരാഹാരൻ-നിശ്ചിന്തൻ-നിശ്ചേതനൻ
പാശിതൻ മകൾ കനിഞ്ഞരുളീടിന വരം-
പാശം-ഒന്നവ്വണ്ണമപ്പാപിതൻ കഴുത്തിലും:
നാഥനാമവൻ ചേർത്ത “മംഗല്യ”വിലങ്ങൊന്നു
സാധുവാമത്തയ്യലിൻ ശംഖൊളിക്ഷളത്തിലും!
എന്നാലെന്തസ്സാധ്വിക്കു രാമഭദ്രനബ്ഭദ്രൻ:
തൻ നാഥൻ പൂകും വനമസ്സീതയ്ക്കയോദ്ധ്യതാൻ.
അന്തഃകുഷ്ഠിയായുള്ള തന്നുഗ്രതപസ്സിനെ–
പ്പന്തിയിൽ ഭജിച്ചാളപ്രത്യഗ്രശീലാവതി.
അവനെത്തൻ ദൈവമായന്വഹം ധ്യാനംചെയ്തു–
മവന്നുവേണ്ടി തന്റെ സർവ്വവും ത്യാഗം ചെയ്തും
ഹാ! കഷ്ടമവൾ വീണാളവനാലാകൃഷ്ടയായ്
നാകപൃഷ്ഠത്തിൽനിന്നു നാരകത്തീക്കുണ്ഡത്തിൽ,
ക്ഷുല്പിപാസാധിവ്യാധിചിന്താഖ്യപഞ്ചാഗ്നിക-
ളൊപ്പമാപ്പെണ്ണിൻ മെയ്യുമുള്ളവും ദഹിപ്പിപ്പൂ.
ഒരിക്കൽത്തഴച്ചതാമച്ചെടി പാതിക്കുമേൽ
കരിക്കട്ടയായി-പ്പോയ്: വെണ്ണീറുമാവാറായി.
അത്തരം ദുഃഖം കാണ്മോന്നല്ലല്ലോ താൻ വേട്ടതാം
മത്തപ്രമത്തോന്മത്തമാനുഷജീവച്ഛവം!

IV

കാണ്മതുണ്ടമ്മങ്കതൻ കൈയിണയ്ക്കണിപ്പൂൺപാ–
യാണ്മണിക്കുഞ്ഞൊന്നാർക്കുമാനന്ദത്തങ്കക്കുടം
ആയതോ തേങ്ങിപ്പിടഞ്ഞാർത്തമായ്ക്കരയുന്നു,
വായതാൻ വരണ്ടിട്ടും, വയറ്റിൽ തീകത്തീട്ടും
തന്നിളങ്കിടാവിന്മെയ്ത്താമരത്താരിൽത്തായ
കണ്ണുനീരൊഴുക്കുന്നു; കൈത്തുമ്പാൽ തുടയ്ക്കുന്നു
എന്തുതാനതല്ലാതെ ചെയ്തിടാമപ്പാവത്തി–
ന്നന്ധകൂപത്തിൽ ദൈവം- അന്യായം- അമഴ്ത്തിയാൽ?

 

അക്കൃശത്തിങ്കൾക്കലയ്ക്കെപ്പൊഴോ വളർപക്ഷ–
മഗ്ഗ്രീഷ്മതപ്താപഗയ്ക്കൊപ്പൊഴോ വർഷാഗമം-?
കാത്തുനിൽക്കയാണവൾ വാതിൽക്കൽ കൈക്കുഞ്ഞുമായ്
ധൂർത്തനാം തന്നീശനെ-ക്കാലനെത്തോല്പിപ്പോനെ.