ഭാമ

ഉണ്ണിയുഷസ്സൊളിചിന്നിയുയർന്നുച്ചയായി;
പിന്നെയങ്ങു നിറം മങ്ങിയന്തിയുമായി.

ഇക്ഷണത്തിൽക്കാലമാകും വൻകടലിൻ മാറിൽനിന്നി–
ക്കൊച്ചുപകൽനീർക്കുമിള കാണാതെയാമോ?
ആകിലെന്തു? മറയട്ടെ വാസരവുമതിൻദുഷ്ടു–
മാഗമിച്ചീടട്ടെ രാത്രി കല്യാണദാത്രി
ഉദിക്കുന്നു; തടിക്കുന്നു; ചടയ്ക്കുന്നു, നശിക്കുന്നു;
പതിവിതിന്നെങ്ങു മാറ്റം പ്രപഞ്ചത്തിങ്കൽ?
വാടിയ പൂ ചൂടുന്നീല വാർകുഴലിൽ പ്രകൃത്യംബ,
ചൂടുനീങ്ങി സ്വാദുകെട്ട ചോറശിപ്പീല
പ്രതിക്ഷണമസ്സവിത്രി തനയർക്കായ്ത്തൻ കനിവാം
പുതുവെള്ളമൊഴുക്കുന്നു പുഴകൾ തോറും
ചേലിലുമ്പർ മഴവില്ലിൻ ചാറെടുത്തു വാനിടമാം
മാളികയ്ക്കു ചായമിടും കാലമിതല്ലോ!
അതു കാണ്മി,നനുഷ്ഠിപ്പിനവസരോചിതമെന്നു
കഥിക്കുന്നു നമ്മെ നോക്കിക്കിളിക്കിടാങ്ങൾ.

2

വാനിലേവം പല വർണ്ണമൊന്നിനോടൊന്നുരുമ്മവേ,
ദീനതാപമിളംതെന്നൽ തീർത്തു ലാത്തവേ;
ആഢ്യരത്നാകരോർമ്മിക്കു വിഷ്ണുപദമണിതന്നെ
മാർത്തടത്തിൽ പതക്കമായ് ലാലസിക്കവേ;
വ്യോമവീഥി താരഹാരമണിയവേ; പുരിമങ്ക
ഹേമകാന്തിയെഴും ദീപദാമം ചാർത്തവേ;
വാടി നറുമലർമാല ചൂടീടവേ; കുയിലിനം
പാടിടവേ; വരിവണ്ടു മുരണ്ടീടവേ
കുളിർമതിയമൃതൊളിക്കതിർനിര ചൊരിയവേ;
മലയജരസം മാറിൽ മഹി പൂശവേ;
വാനും മന്നുമൊന്നിനൊന്നു മത്സരിച്ചു ചമയവേ
മാനുഷർക്കു മറ്റെന്തുള്ളു മാമാങ്കോത്സവം?

3

ഭാമയെന്ന പേരിലൊരു പാർവണേന്ദുമുഖിയുണ്ടു
ഭാമിനിമാർ തൊടും ചെറുഫാലാലങ്കാരം
പതിനെട്ടോടടുത്തിടും വയസ്സവൾ;ക്കന്നുതന്നെ
പതിവ്രതമാർക്കത്തന്വി പരമാദർശം
ചിരകാലമകലത്തു വസിച്ച തൻ ദയിതന്റെ
വരവന്നു കാത്തിരിപ്പൂ വരവർണ്ണിനി
കുളിരിളന്തളിരൊളിതിരളും തൻ കളേബരം
കിളിമൊഴിമുടിമണി കഴുകി വേഗാൽ,
ആട,യണി,യലർമാല,യങ്ഗരാഗമിവകൊണ്ടു

മോടിയതിന്നൊന്നിനൊന്നു മുറ്റും വളർത്തി,
വാരുലാവും തന്നുടയ മാളികയിൽ മരുവുന്നു,
മേരുവിങ്കലിളങ്കല്പവല്ലരിപോലെ.
ഏതു ശബ്ദമെങ്ങുനിന്നു പൊങ്ങുകിലു-മതുതന്റെ
നാഥനുടെ വരവൊന്നാനാരിപ്പൂൺപോർപ്പൂ;
ചിന്മയമായ്ജഗത്തെല്ലാം ബ്രഹ്മനിഷ്ഠർ കാണുംപോലെ
തന്മയമായ്ത്തന്നേ കാണ്മൂ സർവവും സാധ്വി