7

അത്തരുണിയെത്രമാത്രമാതിഥേയിയെന്നുകാണ്മാ-
നസ്തമനസന്ധ്യയൊന്നു വീണ്ടുമങ്ങെത്തി
ജായയുംതാൻ; പുത്രിയും താൻ! വേണ്ടതെന്തെ-ന്നങ്ങുമിങ്ങു-
മൂയലാടിക്കളിക്കയാണോമലാൾക്കുള്ളം.
പതിയുടൻ വന്നുചേർന്നാൻ; പടുവൃദ്ധൻ ജനകനും,
പ്രതിപത്തിവിമൂഢൻ, തൽപരിസരത്തിൽ.
ഭൃശമവർ മൂന്നുപേരും വിശദമായ് കേൾക്കുംവണ്ണ–
മശരീരിവാക്കൊന്നപ്പോളവതരിച്ചു
“ഹീരദത്ത! ഹീരദത്ത! ഹീനമീനിൻ വ്യവസായം;
നീരലർമിഴിയിവളിൽ നീതികേടില്ല.
നിന്റെ ലോക പരിചയം നിഷ്ഫലമായ്ത്തീർന്നുവല്ലോ,
ഹന്ത! നീ നിൻ പൂർവ്വവൃത്തം മറന്നുവല്ലോ.

ഒരു മതിമുഖിയാളെസ്സധർമ്മിണിയാക്കിയോൻ നീ;
തരുണിമക്കളിപ്പൊയ്ക തരണം ചെയ്തോൻ.
ഏതുമട്ടിൽ നിൻപ്രിയയെയന്നു കാണ്മാൻ കൊതിച്ചു നീ;
ഏതുമട്ടിലവൾ നിനക്കന്തിയിൽ മേവി?
സ്മൃതിധർമ്മം നരഹൃത്തു ശരിവരയ്ക്കനുഷ്ഠിച്ചാൽ
മതി,യന്നു മഹിയിതു പകുതിനാകം?
തക്ക മാറിത്തോടയാവാം; തോട മാറിക്കമ്മലാവാം;
അക്കണക്കിൽ വരും മാറ്റമല്പവിഷയം.
കാതണിയാൽ മുഖത്തിന്നു കാന്തിയേറുമെന്ന തത്വ-
മാദരിപ്പൂ പണ്ടുമിന്നും ജായാപതിമാർ.
“അലങ്കുർവീത നിശയാം സദാ ദാരംപ്രതി”യെന്ന
പഴയ സദുപദേശമാപസ്തംബോക്തം.
അണിയണം പുമാനെന്നരുളിനാനമ്മഹർഷി;
വനിതതൻ കഥയുണ്ടോ വചിപ്പാൻ പിന്നെ?
പഴയതു പുകഴ്ത്തുന്നു; പുതിയതു പഴിക്കുന്നു;
പഴയതും പുതിയതുമറിഞ്ഞിടാത്തോർ,
പഴയതു മരാമര, മിടയിലേതിത്തി-ൾക്കണ്ണി;
പഴയതു കലർപ്പറ്റാൽ പുതിയതായി.
പരസ്വം താൻ കുലകന്യ; ജനിതാവിന്നധികാരം
പരിണയത്തോളവും താൻ നിജസുതയിൽ.
വെണ്മതിയും യാമിനിയും വേളികഴിഞ്ഞൊന്നുചേരു-
മംബരത്തിൽ വാഴ്വീലർക്കനൗചിത്യവേദി.
നൂനമവരേതുവിധം ലോകയാത്ര ചെയ്‌വതെന്നു
താനുളിഞ്ഞു നോക്കുന്നീലസ്സഹസ്രപാദൻ.
ഇന്നലത്തേദ്ദിനം തന്റെ സന്തതിയാമിദ്ദിനത്തെ –
ത്തന്നുരുവിൽ വളർത്തുകിൽ താഴും തദ്വംശം
ദിനന്തോറുമുദയത്തിൻ ദിനകരനുണരുന്ന
ജനതയിൽ നവാദർശം ജനിപ്പിക്കുന്നു.
ജീവനറ്റ വകമാത്രം ചീഞ്ഞുമണ്ണിലടിയുന്നു;
ജീവനുള്ളതശേഷവുമുൽഗമിക്കുന്നു
ഹരിദ്വാരത്തിങ്കൽ ഗങ്ഗയൊരുമട്ടിലൊഴുകുന്നു;
പരിചിൽ മറ്റൊരു മട്ടിൽ പ്രയാഗത്തിങ്കൽ;
പല ശാഖാനദികളാം സഖികൾ തൻ സമാഗമ-
മലമതിന്നകവിരിവരുളീടുന്നു.
പേർത്തും പച്ചപ്പട്ടുടുക്കും യൗവനത്തിൽ പിലാവില
വാർദ്ധക്യത്തിൽ മാത്രം ചാർത്തും കാഷായം മെയ്യിൽ.
“തീർന്നിടേണമിക്ഷണത്തിൽ നീയുമെന്നോടൊപ്പ-“മെന്നു
ശീർണ്ണപർണ്ണമോതുന്നീല പല്ലവത്തോടായ്
കാലനേറും കരാളമാം കരിമ്പോത്തിൻ കഴുത്തിലേ
ലോലഘണ്ടാരവമല്ലീ ദത്ത! നീ കേൾപ്പൂ.

ഹാ! മറ്റെന്തു ചെവിക്കിമ്പം നിനക്കിപ്പോൾ നിൻകിടാവിൻ
കോമളക്കൈത്തരിവളക്കിലുക്കമെന്യെ?
ഏതു പുരുഷാന്തരവുമായതിന്റെ യോഗക്ഷേമം
സാധിക്കുകിൽ മതി; ഭാവി ഭാവിയെക്കാക്കും.
ബന്ധിക്കൊല്ലേ നാമിന്നത്തെക്കൈയാമത്താൽ നമ്മുടയ
സന്തതിയെസ്സംവർത്താദിത്യോദയത്തോളം.
നൂനമയഞ്ഞതു പൊട്ടും തുണ്ടുതുണ്ടായ്ക്കുറെനാളി —
ലാനൃശംസ്യവ്രതമല്ലീ കാലം ചരിപ്പൂ?
പരിണാമകങ്ങളാകും പരിതഃസ്ഥിതികൾക്കൊപ്പം
പരിപാടി ലോകമെന്നും പരിഷ്കരിക്കും.”
ഈ മാതിരിവചസ്സിനാൽ ഭാമ തന്റെ സുതയല്ല,
ജാമാതാവിൻ പ്രിയയെന്നു ധരിച്ചനേരം
പഴയതിൽ ശത്രുവല്ല പുതിയതെന്നുള്ള തത്വം
കിഴവന്നു ബോദ്ധ്യമായി; സുഖവുമായി
കാലോദേശോചിതമാകും കർമ്മാധ്വാവിൽ സഞ്ചരിച്ചാർ
ശ്രീലരാമദ്ദമ്പതിമാർ ശീലനിധിമാർ.